Tuesday, October 15, 2024
spot_img
More

    യൗസേപ്പിതാവിന്റെ വണക്കമാസം 29 ാം തീയതി

    പരസ്യജീവിതം ആരംഭിക്കുമ്പോള്‍ യേശുവിന് ഏകദേശം മുപ്പതു വയസ്സു പ്രായമായിരുന്നു. അവന്‍ ജോസഫിന്റെ മകനാണെന്നു കരുതപ്പെട്ടിരുന്നു. ജോസഫ് ഹേലിയുടെ പുത്രനായിരുന്നു” (ലൂക്ക 3:23).

    മാര്‍ യൗസേപ്പിനെ നാം ബഹുമാനിക്കണമെന്ന ഈശോമിശിഹയുടെ ആഗ്രഹം

    എന്‍റെ നാമത്തില്‍ ഒരു പാനപാത്രം ഒരു പച്ചവെള്ളം കുടിക്കുവാന്‍ കൊടുക്കുന്നവന് അവന്‍റെ പ്രതിഫലം നഷ്ടമാവുകയില്ല എന്ന്‍ ഈശോ അരുളിച്ചെയ്തിട്ടുണ്ട്. ഇപ്രകാരമെങ്കില്‍ ലോകപരിത്രാതാവായ ക്രിസ്തുനാഥന്‍റെ വളര്‍ത്തുപിതാവായ മാര്‍ യൗസേപ്പിതാവിനു ഈശോ എത്രമാത്രം പ്രതിഫലം നല്‍കാന്‍ കടപ്പെട്ടിരിക്കുന്നു. ജീവിതകാലം മുഴുവന്‍ ഭക്ഷണ പാനീയങ്ങള്‍ നല്‍കി അവിടുത്തെ പൈതൃകമായ വാത്സല്യത്തോടെ പരിപാലിച്ചു വന്നതിനാല്‍ വന്ദ്യപിതാവിനെ മഹത്വപ്പെടുത്തുവാന്‍ ഈശോ എത്രമാത്രം ആഗ്രഹിച്ചിരിന്നുവെന്ന് ഒന്ന്‍ ചിന്തിച്ച് നോക്കൂ.

    മാനുഷികമായ ഏറ്റവും വലിയ മൂല്യമാണ് കൃതജ്ഞത. വിശുദ്ധ ഗ്രന്ഥത്തില്‍ ഈശോ നാഥന്‍ കൃതജ്ഞത ആവശ്യപ്പെട്ടതായി നാം കാണുന്നു. പത്തു കുഷ്ഠരോഗികളെ ശുദ്ധമാക്കിയ അവസരത്തില്‍ ഒരാള്‍ മാത്രം വന്നു കൃതജ്ഞത പ്രകാശിപ്പിച്ചതിനെ ഈശോ മിശിഹാ പരോക്ഷമായി ശാസിക്കുന്നുണ്ട്. എന്നാല്‍ ജീവിതകാലം മുഴുവന്‍ മാര്‍ യൗസേപ്പിതാവ്, ഈശോയെ എല്ലാനിമിഷവും സേവിച്ചെങ്കില്‍ ഈശോ നാഥന്‍ ഈ വന്ദ്യപിതാവിനോടു എത്രമാത്രം കൃതജ്ഞത ഉള്ളവനായിരിക്കും.

    ഒരു പുത്രന്‍ സ്വപിതാവിനോടു എല്ലാ വിധത്തിലും കടപ്പെടുന്നുണ്ട്. മാര്‍ യൗസേപ്പ് ഈശോ മിശിഹായുടെ സ്വാഭാവിക പിതാവല്ല. വളര്‍ത്തുപിതാവ് മാത്രമാണ്. എങ്കിലും കേവലം ചെറിയോരു ബന്ധമല്ല ഈശോ മിശിഹായും മാര്‍ യൗസേപ്പും തമ്മിലുള്ളത്. അവിടെ ദൈവത്തിന്‍റെ പരിപാലനയില്‍ മാര്‍ യൗസേപ്പിതാവിനു പൈതൃകമായ എല്ലാ അധികാരങ്ങളും അവകാശങ്ങളും കടമകളും സിദ്ധിച്ചു. തന്നിമിത്തം ഈശോ, മാര്‍ യൗസേപ്പിനോടു ഒരു വിധത്തില്‍ കടപ്പെട്ടിരിക്കുന്നു. പൈതൃകമായ അധികാരത്തോടു കൂടിത്തന്നെ ഇന്നും മാര്‍ യൗസേപ്പിന് ദിവ്യനാഥനോട് കല്‍‍പ്പിക്കുവാന്‍ സാധിക്കുന്നതാണെന്ന്‍ പറയാം.

    ഒരുത്തമ പുത്രന്‍ സ്വപിതാവിനെ ദൈവത്തിന്‍റെ പ്രതിനിധിയായിട്ട്‌ ബഹുമാനിക്കുകയും ആദരിക്കുകയും അനുസരിക്കുകയും സ്നേഹിക്കുകയും ചെയ്യും. മനുഷ്യ പുത്രരില്‍ ഏറ്റവും പരിപൂര്‍ണ്ണ‍നായ നമ്മുടെ കര്‍ത്താവീശോമിശിഹാ അവിടുത്തെ വളര്‍ത്തു പിതാവിനോട് ഇപ്രകാരം വര്‍ത്തിച്ചിരിന്നു. അവന്‍ അവര്‍ക്കു കീഴ്പ്പെട്ടു ജീവിച്ചു എന്നാണല്ലോ ഈശോയുടെ മുപ്പത് കൊല്ലത്തെ ജീവിതത്തെ സംഗ്രഹിക്കുന്നത്. അതിനാല്‍ മാര്‍ യൗസേപ്പിനെ ലോകത്തിലുള്ള എല്ലാ ജനങ്ങളും ബഹുമാനിക്കണമെന്ന് ഈശോ ആഗ്രഹിക്കുന്നു.

    അപ്രകാരം നമ്മുടെ വന്ദ്യപിതാവിനെ ബഹുമാനിക്കുന്നവരെ ക്രിസ്തുനാഥന്‍ പ്രത്യേകവിധം അനുഗ്രഹിക്കുന്നതാണ്. നാം ഈശോമിശിഹായോട് അനുഗ്രഹങ്ങള്‍ക്കായി അപേക്ഷിക്കുമ്പോള്‍ ‘നിങ്ങള്‍ എന്‍റെ വളര്‍ത്തു പിതാവായ മാര്‍ യൗസേപ്പിന്‍റെ പക്കല്‍ പോകുവിന്‍’ എന്ന്‍ അവിടുന്ന് എന്നരുളിച്ചെയ്യുന്നുണ്ടായിരിക്കണം.

    സംഭവം

    ജര്‍മ്മനിയില്‍ ട്രിസ്താസ് എന്ന പട്ടണത്തില്‍ ഫ്രാന്‍സിസ്ക്കന്‍ സഭാംഗങ്ങളായ സന്യാസിമാര്‍ ഒരു അനാഥാലയം നടത്തിയിരുന്നു. അനാഥാലയത്തിലെ അന്‍റോണിയോ എന്ന കുട്ടി ഗുരുതരമായ രോഗം പിടിപെട്ട് തളര്‍ന്ന്‍ കിടപ്പിലായി. കുട്ടി ബധിരനും മൂകനും ആയിത്തീര്‍ന്നു. അവളെ പരിചരിച്ച അന്ന എന്ന സ്ത്രീ വി. യൗസേപ്പിന്‍റെ അതീവഭക്തയായിരുന്നു. അന്‍റോണിയായുടെ കിടയ്ക്കക്കരുകില്‍ വിശുദ്ധ യൗസേപ്പിന്‍റെ സ്വരൂപം സ്ഥാപിക്കുകയും അവളുടെ കഴുത്തില്‍ യൗസേപ്പിതാവിന്‍റെ മെഡല്‍ ധരിപ്പിക്കുകയും ചെയ്തു. കൂടാതെ ഇവളുടെ രോഗശാന്തിയ്ക്കായി അനാഥാലയത്തിലേയും മഠത്തിലേയും അംഗങ്ങളെല്ലാവരും വി. യൗസേപ്പിന്‍റെ മാദ്ധ്യസ്ഥം അപേക്ഷിച്ച് കൂട്ടപ്രാര്‍ത്ഥന നടത്തി.

    രാത്രിയില്‍ അന്‍റോണിയ, തന്നെ വി. യൗസേപ്പ് അനുഗ്രഹിക്കാന്‍ വരുന്നതായി സ്വപ്നം കണ്ടു. തനിക്ക് രോഗവിമുക്തി ഉണ്ടായതായി പറയുന്ന അന്‍റോണിയായെയാണ് നിദ്രയില്‍ നിന്നുമുണര്‍ന്ന മറ്റുള്ളവര്‍ കണ്ടത്. അവരെല്ലാവരും കണ്ടുനില്‍ക്കെ അവള്‍ക്ക് സംസാരിക്കുവാനും മറ്റുള്ളവര്‍ പറയുന്നത് ശ്രവിക്കുവാനും ഇട വന്നു. അവളെ പരിചരിച്ച അകത്തോലിക്കാ ഭിഷഗ്വരന്‍ പോലും അത്ഭുത പരതന്ത്രനായി തീര്‍ന്നു. മാര്‍ യൗസേപ്പു പിതാവിന്‍റെ മാദ്ധ്യസ്ഥ ശക്തി തെളിയിച്ച ഈ സംഭവം കണ്ട് അന്തേവാസികളെല്ലാവരും ഈ പുണ്യപിതാവിന് കൃതജ്ഞതാസ്തോത്രമര്‍പ്പിച്ചു.

    ജപം

    ലോകപരിത്രാതാവായ മിശിഹായേ, അങ്ങയുടെ വളര്‍ത്തുപിതാവായ മാര്‍ യൗസേപ്പിനെ ഞങ്ങള്‍ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത് അവിടുത്തെ സംപ്രീതിക്ക് അര്‍ഹമാണെന്ന് ഞങ്ങള്‍ മനസ്സിലാക്കി പിതാവിനെ സ്തുതിക്കുന്നതിന് ഉത്സുകരാകുന്നതാണ്. ഈ വന്ദ്യപിതാവിനെ ഞങ്ങള്‍ സ്നേഹിക്കുന്നു. അദ്ദേഹത്തിന്‍റെ മാതൃക അനുസരിച്ച് അങ്ങേ സേവനത്തില്‍ ഞങ്ങള്‍ തത്പരരായിരിക്കും. ഈശോയിലും ഈശോയ്ക്കു വേണ്ടിയും ഈശോയോടു കൂടിയും ഞങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍വഹിക്കുവാന്‍ ഞങ്ങളെ ശക്തരാക്കേണമേ. ഉത്തരവാദിത്വ പൂര്‍ണ്ണമായ ക്രിസ്തീയ ജീവിതം നയിച്ച് ദൈവമക്കളുടെ ഗണത്തില്‍ ഉള്‍പ്പെടുവാന്‍ വേണ്ട അനുഗ്രഹം ഞങ്ങളുടെ പിതാവേ, അങ്ങ് ഞങ്ങള്‍ക്ക് പ്രാപിച്ചു തരണമെന്ന് ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു.

    1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

    വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ

    കര്‍ത്താവേ, അനുഗ്രഹിക്കണമേ

    (കര്‍ത്താവേ…)

    മിശിഹായെ, അനുഗ്രഹിക്കണമേ.

    (മിശിഹായെ…)

    കര്‍ത്താവേ, അനുഗ്രഹിക്കണമേ.

    (കര്‍ത്താവേ…)

    മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ,

    (മിശിഹായെ…)

    മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

    (മിശിഹായെ…)

    സ്വര്‍ഗ്ഗസ്ഥനായ പിതാവേ,

    (ഞങ്ങളെ അനുഗ്രഹിക്കണമേ)

    ലോകരക്ഷകനായ ക്രിസ്തുവേ,

    പരിശുദ്ധാത്മാവായ ദൈവമേ,

    ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ,

    .

    പരിശുദ്ധ മറിയമേ,

    (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

    വിശുദ്ധ യൗസേപ്പേ,

    ദാവീദിന്‍റെ വിശിഷ്ട സന്താനമേ,

    ഗോത്രപിതാക്കളുടെ പ്രകാശമേ,

    ദൈവജനനിയുടെ ഭര്‍ത്താവേ,

    പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ,

    ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ,

    മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ,

    തിരുക്കുടുംബത്തിന്‍റെ നാഥനേ,

    എത്രയും നീതിമാനായ വി. യൗസേപ്പേ,

    മഹാ വിരക്തനായ വി.യൗസേപ്പേ,

    മഹാ വിവേകിയായ വി. യൗസേപ്പേ,

    മഹാ ധീരനായ വി. യൗസേപ്പേ,

    അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ,

    മഹാ വിശ്വസ്തനായ വി. യൗസേപ്പേ,

    ക്ഷമയുടെ ദര്‍പ്പണമേ,

    ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ,

    തൊഴിലാളികളുടെ മാതൃകയേ,

    കുടുംബജീവിതത്തിന്‍റെ അലങ്കാരമേ,

    കന്യകകളുടെ സംരക്ഷകാ,

    കുടുംബങ്ങളുടെ ആധാരമേ,

    നിര്‍ഭാഗ്യരുടെ ആശ്വാസമേ,

    രോഗികളുടെ ആശ്രയമേ,

    മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ,

    പിശാചുക്കളുടെ പരിഭ്രമമേ,

    തിരുസ്സഭയുടെ പാലകാ,

    ഭൂലോകപാപ….(3)

    (നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു.

    (സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി.

    പ്രാര്‍ത്ഥിക്കാം

    അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെയെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍.

    സുകൃതജപം

    ഈശോയ്ക്കു വേണ്ടി ജീവിച്ച മാര്‍ യൗസേപ്പേ, ഞങ്ങളേയും ഈശോയ്ക്കു വേണ്ടി ജീവിക്കുവാന്‍ പഠിപ്പിക്കണമേ.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!