Thursday, November 21, 2024
spot_img
More

    യൗസേപ്പിതാവിന്റെ വണക്കമാസം ഏഴാം ദിവസം

    ഇവന്‍ ആ തച്ചന്റെ മകനല്ലേ? മറിയമല്ലേ ഇവന്റെ അമ്മ? യാക്കോബ്, ജോസഫ്, ശിമയോന്‍, യൂദാസ് എന്നിവരല്ലേ ഇവന്റെ സഹോദരന്‍മാര്‍?” (മത്തായി 13:55)

    പരിത്രാണനരഹസ്യത്തില്‍ വിശുദ്ധ യൗസേപ്പിനുള്ള സ്ഥാനം

    നരകുല പരിത്രാണാര്‍ത്ഥം ദൈവം മനുഷ്യനായി അവതരിക്കുവാന്‍ തിരുമനസ്സായി. ഈശോമിശിഹാ അവിടുത്തെ പീഡാനുഭവവും മരണവും പുനരുത്ഥാനവും വഴി തന്‍റെ പരിത്രാണകൃത്യം നിര്‍വഹിച്ചു. എന്നാല്‍ മിശിഹായുടെ രക്ഷാ കര്‍മ്മത്തില്‍ അവിടുത്തേക്ക് വിധേയമായി മറ്റു ചില മനുഷ്യവ്യക്തികള്‍ സഹകരിച്ചിട്ടുണ്ട്. പ.കന്യകാമറിയം, പരിത്രാണ പരിപാടിയില്‍ ഈശോയോടുകൂടി ഏറെസഹകരിച്ചു. ദൈവമാതാവ്, സഹരക്ഷക എന്ന വിധത്തില്‍ പ. കന്യകാമറിയം കഴിഞ്ഞാല്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന വ്യക്തിയാണ് വി. യൗസേപ്പ്.

    ‘മനുഷ്യാവതാര കര്‍മ്മത്തില്‍ വി. യൗസേപ്പ് ഒരു തിരശ്ശീലയായിരുന്നു’ എന്നാണ് പാരീസ് സര്‍വ്വകലാശാലയുടെ ചാന്‍സലറായിരുന്ന ജേര്‍സന്‍റെ അഭിപ്രായപ്പെട്ടിരിന്നത്. പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്താല്‍ പരിശുദ്ധ കന്യക മിശിഹായേ ഗര്‍ഭം ധരിച്ചു പ്രസവിച്ചു. എന്നാല്‍ ലോകദൃഷ്ടിയില്‍ പ.കന്യക പരിഹാസ പാത്രമാകാതിരിക്കുവാന്‍ വി. യൗസേപ്പിനെ ഭര്‍ത്താവായി സ്വീകരിക്കേണ്ടത് ആവശ്യമായിരുന്നു.

    പിതാവായ ദൈവത്തിന്‍റെ സ്ഥാനം അലങ്കരിച്ചു കൊണ്ട്, മര്‍ത്യനായി അവതരിച്ച ദൈവകുമാരന്‍റെ വളര്‍ത്തുപിതാവ് എന്നുള്ള കൃത്യ നിര്‍വഹണത്തിലൂടെ വി. യൗസേപ്പ് മാനവകുലത്തിന്‍റെ പരിത്രാണനത്തില്‍ മഹത്തായ പങ്കുവഹിച്ചു. ബത്ലഹെമില്‍ ഈശോമിശിഹാ പിറന്നപ്പോള്‍ ദിവ്യശിശുവിന്‍റെ പരിലാളനയില്‍ ഏറെ ശ്രദ്ധിച്ചിരിന്ന ഒരാളായിരിന്നു യൗസേപ്പ്. ദേവാലയത്തില്‍ കാഴ്ച വയ്ക്കുമ്പോഴും ഈജിപ്തിലേക്കുള്ള പ്രയാണത്തിലും അവിടെ നിന്നുള്ള പ്രത്യാഗമനത്തിലും അദ്ദേഹം പിതൃസ്നേഹത്തോടെ ദിവ്യകുമാരന്‍റെ ജീവനെ സംരക്ഷിക്കുന്നതില്‍ തല്പരനായിരുന്നു.

    ഈശോമിശിഹായുടെ ബാല്യകൗമാര്യ ദശകളിലെല്ലാം വി. യൗസേപ്പ് ഒരു മാതൃകാ പിതാവിന്‍റെ വാത്സല്യത്തോടും ശ്രദ്ധയോടും കൂടിയാണ് അവിടുത്തെ പരിരക്ഷിച്ചത്. വി. യൗസേപ്പ് അദ്ദേഹത്തിന്‍റെ തൊഴില്‍ ഈശോമിശിഹായെ അഭ്യസിപ്പിച്ചിരുന്നു എന്നു നമ്മുക്ക് അറിയാമല്ലോ. ഇപ്രകാരം എല്ലാ വിധത്തിലും പരിശുദ്ധ ദിവ്യജനനി കഴിഞ്ഞാല്‍ വി. യൗസേപ്പ് നമ്മുടെ രക്ഷണീയ കര്‍മ്മത്തില്‍ ഈശോയോട് എന്നും സഹകരിച്ചുവെന്ന്‍ കാണാവുന്നതാണ്. അതിനാല്‍ മറ്റെല്ലാ വിശുദ്ധരേക്കാള്‍ ഉപരിയായി നാം വി. യൗസേപ്പിനോട് ഭക്തിയും കൃതജ്ഞതയും ഉള്ളവരായിരിക്കണം. ഈശോമിശിഹായുടെ പരസ്യ ജീവിതകാലത്തിന് മുന്‍പ് തന്നെ അദ്ദേഹം മരണപ്പെട്ടിരിന്നു. ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹം കൂടുതല്‍ സജീവമായി രക്ഷാനടപടികളില്‍ ഭാഗഭാക്കാകുമായിരുന്നു.

    സംഭവം

    1881-ല്‍ ഒരു വിദ്യാര്‍ത്ഥി സര്‍വകലാശാല പരീക്ഷയില്‍ തോറ്റുപോയതിനാല്‍ ഏറെ നിരാശനായിത്തീര്‍ന്നു. അവന്‍മാതാപിതാക്കളെ അറിയിക്കാതെ നാടും വീടും വിട്ടിറങ്ങി. പുത്രനെ കാണാതിരുന്ന മാതാപിതാക്കള്‍ പോലീസില്‍ പരാതി കൊടുത്തു. സ്വദേശത്തും വിദേശത്തും പോലീസ് ഊര്‍ജ്ജിതമായി അന്വേഷണം നടത്തിയെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. അടുത്ത മാര്‍ച്ചില്‍ രണ്ടു കന്യാസ്ത്രീകള്‍ സാമ്പത്തിക സഹായം അപേക്ഷിച്ചു കൊണ്ട് പ്രസ്തുത ഭവനങ്ങളില്‍ ചെന്നപ്പോള്‍ ഗൃഹനാഥന്‍ അവരോട് തന്‍റെ കുടുംബത്തിന് നേരിട്ടിരിക്കുന പരിതാപകരമായ അവസ്ഥ അറിയിച്ചു.

    ഉടനെ കന്യാസ്ത്രീകള്‍ അവരോടു പറഞ്ഞു: “നിങ്ങള്‍ ഭയപ്പെടേണ്ട, മാര്‍ യൗസേപ്പിതാവിനോടു ഇക്കാര്യ സാധ്യത്തിനായി ഞങ്ങള്‍ പ്രത്യേകം പ്രാര്‍ത്ഥിക്കുന്നുണ്ട്. നിങ്ങളും തീക്ഷ്ണതയോടെ പ്രാര്‍ത്ഥിക്കുവിന്‍.” പത്ത് മാസക്കാലമായി യാതൊരു വിവരവും ലഭിക്കാതിരുന്ന ശേഷം നവനാള്‍ തുടങ്ങി ഏഴാം ദിവസം പുത്രന്‍റെ കത്ത് കിട്ടി. ഉടനെ പുറപ്പെടുന്നു എന്നായിരുന്നു കത്തിന്‍റെ സാരം. രണ്ടു ദിവസത്തിനകം മാതാപിതാക്കന്‍മാരെ കാണുവാനുള്ള ആഗ്രഹം അയാള്‍ക്കുണ്ടായി. പുത്രവിരഹത്താല്‍ ഹതഭാഗ്യരായിക്കഴിഞ്ഞ മാതാപിതാക്കള്‍ ഇതുമൂലം സന്തുഷ്ടരായിത്തീര്‍ന്നു.

    ജപം

    പരിത്രാണകര്‍മ്മത്തില്‍ ഈശോമിശിഹായോടും പരിശുദ്ധ കന്യകാമറിയത്തോടും മഹോന്നതമാംവിധം സഹകരിച്ച വിശുദ്ധ യൗസേപ്പേ, ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. അങ്ങേ മാതൃക അനുസരിച്ച ഞങ്ങളും മറ്റുള്ളവരുടെ ആത്മരക്ഷയില്‍ തത്പരരായി ജീവിക്കുവാനുള്ള അനുഗ്രഹം നല്‍കണമേ. ഞങ്ങളുടെ രക്ഷാകര്‍മ്മത്തില്‍ സഹകരിച്ചതിനാല്‍ അവിടുന്ന്‍ ഞങ്ങളുടെ പിതാവായിത്തീര്‍ന്നു. ഞങ്ങള്‍ അങ്ങയോടു കൃതജ്ഞതയുള്ളവരായി ജീവിതം നയിക്കും. മക്കള്‍ക്കനുയോജ്യമായവിധം ഞങ്ങള്‍ ഈശോയെയും ദിവ്യജനനിയെയും അങ്ങയെയും സ്നേഹിക്കുകയും ചെയ്യട്ടെ. അങ്ങേ പൈതൃകമായ പരിലാളനയും സംരക്ഷണവും ഞങ്ങള്‍ പ്രത്യാശിക്കുന്നു.

    1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

    വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ

    കര്‍ത്താവേ, അനുഗ്രഹിക്കണമേ

    (കര്‍ത്താവേ…)

    മിശിഹായെ, അനുഗ്രഹിക്കണമേ.

    (മിശിഹായെ…)

    കര്‍ത്താവേ, അനുഗ്രഹിക്കണമേ.

    (കര്‍ത്താവേ…)

    മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ,

    (മിശിഹായെ…)

    മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

    (മിശിഹായെ…)

    സ്വര്‍ഗ്ഗസ്ഥനായ പിതാവേ,

    (ഞങ്ങളെ അനുഗ്രഹിക്കണമേ)

    ലോകരക്ഷകനായ ക്രിസ്തുവേ,

    പരിശുദ്ധാത്മാവായ ദൈവമേ,

    ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ,

    .

    പരിശുദ്ധ മറിയമേ,

    (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

    വിശുദ്ധ യൗസേപ്പേ,

    ദാവീദിന്‍റെ വിശിഷ്ട സന്താനമേ,

    ഗോത്രപിതാക്കളുടെ പ്രകാശമേ,

    ദൈവജനനിയുടെ ഭര്‍ത്താവേ,

    പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ,

    ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ,

    മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ,

    തിരുക്കുടുംബത്തിന്‍റെ നാഥനേ,

    എത്രയും നീതിമാനായ വി. യൗസേപ്പേ,

    മഹാ വിരക്തനായ വി.യൗസേപ്പേ,

    മഹാ വിവേകിയായ വി. യൗസേപ്പേ,

    മഹാ ധീരനായ വി. യൗസേപ്പേ,

    അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ,

    മഹാ വിശ്വസ്തനായ വി. യൗസേപ്പേ,

    ക്ഷമയുടെ ദര്‍പ്പണമേ,

    ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ,

    തൊഴിലാളികളുടെ മാതൃകയേ,

    കുടുംബജീവിതത്തിന്‍റെ അലങ്കാരമേ,

    കന്യകകളുടെ സംരക്ഷകാ,

    കുടുംബങ്ങളുടെ ആധാരമേ,

    നിര്‍ഭാഗ്യരുടെ ആശ്വാസമേ,

    രോഗികളുടെ ആശ്രയമേ,

    മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ,

    പിശാചുക്കളുടെ പരിഭ്രമമേ,

    തിരുസ്സഭയുടെ പാലകാ,

    ഭൂലോകപാപ….(3)

    (നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു.

    (സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി.

    പ്രാര്‍ത്ഥിക്കാം

    അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെയെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍.

    സുകൃതജപം

    രക്ഷാകര്‍മ്മത്തില്‍ സഹകരിച്ച മാര്‍ യൗസേപ്പേ, നിത്യരക്ഷ നേടുവാന്‍ ഞങ്ങളെ സഹായിക്കണമേ.‍

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!