ഒക്ടോബർ 1 – അങ്കോലീമിലെ ഔവർ ലേഡി ലാ കൊറൂൺ ആശ്രമത്തിന്റെ പ്രതിഷ്ഠാപനം (1122)
ആബട്ട് ഓർസിനി എഴുതി, “അങ്കോലീം രൂപതയിൽ, വിശുദ്ധ അഗസ്റ്റിന്റെ സഭാസമൂഹത്തിൽ, ഔവർ ലേഡിയുടെ പേരിൽ, ആദ്യ മഠാധിപതിയായിരുന്ന ലാംബെർട്ട് മുഖേന, 1122 ൽ നടന്ന ലാ കൊറൂൺ ആശ്രമത്തിന്റെ പ്രതിഷ്ഠാപനം”.
ലാ കൊറൂൺ അഥവാ ലാ ക്രൗൺ (‘കിരീടം’), ഫ്രാൻസിൽ, അങ്കോലീമിന് തെക്ക്-പടിഞ്ഞാറുള്ള ഒരു പട്ടണമാണ്.
ഒരിക്കൽ ഒരു ബെനഡിക്റ്റൈൻ ആശ്രമമായിരുന്ന ഔവർ ലേഡി ഓഫ് കൊറൂൺ, ഇപ്പോൾ ഒരു അവശിഷ്ട കൂമ്പാരമല്ലാതെ മറ്റൊന്നുമല്ല. പക്ഷേ
1118 മെയ് 12ന് ലാംബെർട്ടും സഭയിലെ മറ്റ് സഹോദരന്മാരും ചേർന്ന് തറക്കല്ലിട്ട ലാ കൊറൂൺ,12-ാം നൂറ്റാണ്ടിലെ ആദ്യത്തെ പ്രധാന ആശ്രമമായിരുന്നു.
മാർച്ച് 12, 1122 ലെ ഓശാന ഞായറാഴ്ച, പെരിഗിലെ ബിഷപ്പ് വില്യം, അങ്കോലീമിലെ ബിഷപ്പ് ജെറാർഡ്, അതുപോലെ മാർപ്പാപ്പയുടെ പ്രതിനിധിയും അങ്കോലീമിലെ പ്രഭുവുമായ വുൾഗ്രിൻ രണ്ടാമൻ എന്നിവരുടെ സാന്നിധ്യത്തിൽ ലാ കൊറൂണിലെ ആദ്യകാല ദേവാലയത്തിൽ മതവിശ്വാസികൾ പ്രവേശിച്ചു. ആദ്യത്തെ മഠാധിപതിയായി ലാംബെർട്ട് തിരഞ്ഞെടുക്കപ്പെട്ടു, ഈസ്റ്റർ ഞായറാഴ്ച അദ്ദേഹം അഭിഷിക്തനായി.
ഗ്രിഗോറിയൻ നവീകരണത്തിൻ്റെ ഫലമായി 12-ആം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ ഉണ്ടായ ആത്മീയ നവോത്ഥാനകാലത്ത്, ആദ്യത്തെ ആശ്രമപള്ളിക്ക് പകരം മറ്റൊരു വലിയ പള്ളി വന്നു. ജൂനിയസ് ആശ്രമാധിപനായിരിക്കെ, 1201-ൽ ഇത് പ്രതിഷ്ഠിക്കപ്പെട്ടു.
ലാ കൊറൂൺ ആശ്രമം
പള്ളിയുടെ മധ്യഭാഗത്തെ രണ്ട് പടിഞ്ഞാറൻ തുറകളും മുൻഭാഗവും പിന്നീട് ഗോഥിക് ശൈലിയിൽ പുനർനിർമ്മിച്ചെങ്കിലും
നൂറുവർഷക്കാലത്തെ യുദ്ധത്തിനിടയിൽ തീയും കൊള്ളയും മൂലം ആശ്രമത്തിന് കനത്ത നാശനഷ്ടമുണ്ടായി. ഫ്രഞ്ച് മതയുദ്ധങ്ങളിൽ പള്ളിക്ക് വീണ്ടും കേടുപാടുകൾ സംഭവിച്ചു.1903 ൽ ഒരു ചരിത്രസ്മാരകമായി അത് മാറി. ഒരിക്കൽ, പ്രാർത്ഥനാനിരതരായ നൂറുകണക്കിന് സന്യാസിമാർ തങ്ങളുടെ ജീവിതം മുഴുവൻ ഏകാന്തതയിലും ദൈവസേവനത്തിലും ചെലവഴിച്ചിരുന്ന ആശ്രമം ഇപ്പോൾ പക്ഷേ ശൂന്യവും നിർജീവവുമാണ്.