ഒക്ടോബർ 2 – ഔവർ ലേഡി ഓഫ് ദി അസംപ്ഷൻ, നേപ്പിൾസ്, ഇറ്റലി (11-ാം നൂറ്റാണ്ട്)
ആബട്ട് ഓർസിനി എഴുതി, “നേപ്പിൾസിലെ ‘ഔവർ ലേഡി ഓഫ് ദി അസംപ്ഷൻ’ നിർമ്മിച്ച കേനനെസ്സസ് ഓഫ് സെന്റ് അഗസ്റ്റിൻ എന്ന് പേരുള്ള സന്യാസിനിjസഭ അത് ചെയ്തത് പരിശുദ്ധ ദൈവമാതാവിനോടുള്ള നന്ദി സൂചകമായിട്ടായിരുന്നു. വീഴാറായ ഒരു ഭവനത്തിൽ നിന്ന് എത്രയും പെട്ടെന്ന് പുറത്തു പോകാൻ മാതാവ് അവർക്ക് മുന്നറിയിപ്പ് കൊടുക്കുകയും അവർ പുറത്തു കടന്നപാടേ അത് നിലംപൊത്തുകയും ചെയ്തിരുന്നു”.
ഒക്ടോബർ 2ന് നേപ്പിൾസിലെ ജനങ്ങൾ സ്വർഗ്ഗാരോപിതയായ മാതാവിന്റെ ബഹുമാനാർത്ഥം പ്രത്യേകമായി തിരുനാൾ ആഘോഷിക്കുന്നു. സ്വർഗ്ഗാരോപിത മാതാവിന് (ഔവർ ലേഡി ഓഫ് അസംപ്ഷൻ) പ്രതിഷ്ഠിച്ച ദൈവാലയം കൂടുതലായും ഇപ്പോൾ അറിയപ്പെടുന്നത് നേപ്പിൾസ് കത്തീഡ്രൽ എന്ന പേരിലും നഗരമധ്യസ്ഥനായ വിശുദ്ധ ജെനുവേരിയസിന്റെ പേരിലുള്ള കത്തീഡ്രൽ ആയിട്ടുമാണ്. പള്ളിക്കകത്ത് വിശുദ്ധ ജെനുവേരിയസിന് സമർപ്പിക്കപ്പെട്ട ചാപ്പലിൽ വിശുദ്ധന്റെ തിരുശേഷിപ്പുകളും രക്തം അടങ്ങിയ കുപ്പിയും വച്ചിരിക്കുന്നു.
ചക്രവർത്തിയുടെ പീഡനത്തിനിടെ രക്തസാക്ഷിത്വം വരിച്ച നേപ്പിൾസിലെ ബിഷപ്പായിരുന്നു വിശുദ്ധ ജനുവേരിയസ്. ഔവർ ലേഡി ഓഫ് ദി അസംപ്ഷൻ ദൈവാലയത്തിൽ,
വർഷത്തിൽ മൂന്നു പ്രാവശ്യം വിശുദ്ധന്റെ രക്തം ദ്രാവകമാകുന്ന അത്ഭുതം ലോകപ്രസിദ്ധമാണ്. ഡിസംബർ 16, മെയ് മാസത്തിലെ ആദ്യ ഞായറാഴ്‌ചയ്‌ക്ക് മുമ്പുള്ള ശനിയാഴ്‌ച, അദ്ദേഹത്തിൻ്റെ രക്തസാക്ഷിത്വ അനുസ്‌മരണ ദിനമായ സെപ്‌റ്റംബർ 19 എന്നിവയാണവ. ആ ദിവസങ്ങളിൽ വിശുദ്ധന്റെ രക്തം ദ്രവീകരിക്കുന്നില്ലെങ്കിൽ, നേപ്പിൾസിന് എന്തെങ്കിലും ദുരന്തം സംഭവിക്കുമെന്ന തരത്തിൽ ചില ഐതിഹ്യങ്ങളും അവിടെ കേൾക്കാം.