ഒക്ടോബർ 6- ഔർ ലേഡി ഓഫ് ഓൾ ഹെൽപ്പ് (1640)
പരിശുദ്ധ അമ്മയുടെ ഈ രൂപമുള്ള ദേവാലയത്തിന്റെ പഴക്കം നോക്കിയാൽ 1640-കളിൽ ആണ് എത്തിനിൽക്കുക. ചില അത്ഭുതപ്രവർത്തനങ്ങൾ അവിടെ നടക്കുന്നതിന് മുമ്പ്, അധികം ആരാലും ശ്രദ്ധിക്കപെടാതെ, രണ്ട് നൂറ്റാണ്ടുകളോളം ഈ രൂപം ആശ്രമത്തിൽ ഉണ്ടായിരുന്നു. പ്രതിമ ആകെ മങ്ങിയ പോലെ ഇരുന്നതിനാൽ ചാപ്പലിൽ വെക്കാനുള്ളത്ര ഭംഗിയുള്ളതായി ആർക്കും തോന്നിയിരുന്നില്ല. അതിനാൽ ആശ്രമത്തിലെ രോഗീമുറിക്ക് സമീപമുള്ള ഒരു ഗോവണിക്ക് കീഴിലാണ് അതിന് ഇടം കിട്ടിയത്. ഇടനാഴിയിൽ അടിച്ചുവാരാൻ വന്നുകൊണ്ടിരുന്ന വൃദ്ധയായ ഒരു സ്ത്രീ മാത്രമായിരുന്നു പരിശുദ്ധ അമ്മയുടെ ആ പ്രതിമയെ ആകെ കാണാറുണ്ടായിരുന്നത്.
ഒരു ദിവസം ആ തൂപ്പുകാരി അവളുടെ ജോലിയിൽ മുഴുകിയിരിക്കുമ്പോൾ, പരിശുദ്ധ അമ്മയുടെ പ്രതിമ അവളോട് സംസാരിച്ചു. ഒരു സിസ്റ്റർ മരണാസന്നയായിരിക്കുന്നതിനാൽ, പെട്ടെന്ന് രോഗീമുറിയിൽ ആ സിസ്റ്ററിന്റെ അടുത്തേക്ക് പോകാൻ ആവശ്യപ്പെട്ടു. പക്ഷേ മാതാവിന്റെ പ്രതിമ പേര് പറഞ്ഞ് സഹായിക്കാൻ പറഞ്ഞ ആ സിസ്റ്റർ, അവിടെ കിടക്കുന്ന രോഗികളിൽ ഒരാൾ അല്ലായിരുന്നു, മറിച്ച് അവരെ പരിചരിച്ചിരുന്ന നഴ്‌സ്മാരിൽ ഒരാളായിരുന്നു. അൽപ്പസമയം മുമ്പ് തൂപ്പുകാരി, ആ സിസ്റ്ററിനെ ആരോഗ്യവതിയായി കണ്ടതുമാണ്. അവൾ മരിക്കാറായിട്ടുണ്ടെന്ന് ചിന്തിക്കാൻ ഒരു കാരണവും ഇല്ല. എങ്കിലും പ്രതിമ സംസാരിച്ചതുകൊണ്ട് മാത്രം അവൾ പോയി, മരണാസന്നയായി ആ നഴ്സിനെ കണ്ടെത്തുകയും ചെയ്തു. അവൾക്ക് രോഗീലേപനം നൽകാൻ ഒരു വൈദികനെ വേഗത്തിൽ വിളിച്ചു വരുത്തുവാൻ ആ ജോലിക്കാരിക്ക് സമയം കിട്ടി.
ഈ അത്ഭുതം എല്ലാവരും അറിഞ്ഞതിന് തൊട്ടുപിന്നാലെ, മറ്റൊരു സംഭവം കൂടി ഉണ്ടായി. സമൂഹത്തിൽ പരോപകാരി ആയിരുന്ന ഒരു മനുഷ്യന്റെ മകൻ കടുത്ത പനി ബാധിച്ച് മരണത്തിൻ്റെ വക്കിൽ എത്തിയിരുന്നു. പ്രതിമയ്ക്ക് മുമ്പിൽ നിന്ന് പരിശുദ്ധ അമ്മയെ വിളിച്ചപേക്ഷിച്ച ആ മനുഷ്യൻ, തൻ്റെ മകൻ തൽക്ഷണം സുഖം പ്രാപിക്കുന്നത് കണ്ടു.
ഈ രണ്ടാമത്തെ സംഭവത്തിന് ശേഷം പരിശുദ്ധ അമ്മയുടെ രൂപത്തെ വേഗം തന്നെ ചാപ്പലിലേക്ക് മാറ്റി, തുടർന്ന് നിരവധിയായ അത്ഭുതങ്ങളുടെ ഘോഷയാത്രയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റിരുന്ന ഒരു സിസ്റ്ററിന് പെട്ടെന്ന് സുഖമായി. വ്യാജമായി കുറ്റാരോപിതനായിരുന്ന ഒരു പുരോഹിതൻ, ‘അത്ഭുത മാതാവിനോട്’ പ്രത്യേകം പ്രാർത്ഥിച്ചതിന്റെ ഫലമായി കുറ്റവിമുക്തനാക്കപ്പെട്ടു. അതുവരെ പരിശുദ്ധ അമ്മയുടെ ആ രൂപത്തിന് പ്രത്യേകിച്ച് പേരൊന്നും ഉണ്ടായിരുന്നില്ല, എന്നാൽ ഇപ്പോൾ ഇടവകക്കാർ ചേർന്ന് അമ്മയെ, ഔർ ലേഡി ഓഫ് ഓൾ ഹെല്പ് (സർവ്വസഹായ മാതാവ്), ത്വരിത സഹായം, നല്ല പരിഹാര മാതാവ് എന്നൊക്കെ വിളിക്കാൻ തുടങ്ങി.
ഫ്രഞ്ച് വിപ്ലവത്തിൻ്റെ സമയത്ത് ആശ്രമം നശിപ്പിക്കപ്പെട്ടു. ഭക്തയായ ഒരു സ്ത്രീ സർവ്വസഹായ മാതാവിൻ്റെ രൂപം എടുത്തുകൊണ്ടുപോയി, പ്രശ്‌നങ്ങൾ തീരുന്നതുവരെ അതിനെ സംരക്ഷിച്ചു. അവളുടെ മരണശേഷം രൂപത്തെ സമൂഹത്തിന് തിരികെ കിട്ടി, ചാപ്പലിൽ പുനഃസ്ഥാപിച്ചു. ഔർ ലേഡി ഓഫ് ഓൾ ഹെൽപ്, പിന്നീട് നിരവധി യുദ്ധങ്ങളെ അതിജീവിച്ചു.
പ്രതിമയ്ക്ക് ഏതാണ്ട് രണ്ടടിയോളം ഉയരമേയുള്ളൂ. കിരീടമണിഞ്ഞിരിക്കുന്ന പരിശുദ്ധ കന്യകാമറിയം, ഒരു കൈയിൽ ശിശുവായ തൻ്റെ പുത്രനെയും മറ്റേ കൈയിൽ ഒരു ചെങ്കോലും പിടിച്ചിരിക്കുന്നു.
ഈ രൂപത്തിനോട് നൂറ്റാണ്ടുകളായി പ്രാർത്ഥിച്ചുവരുന്ന ഹ്രസ്വവും മനോഹരവുമായ ഒരു യാചനയുണ്ട്. അത് ഇങ്ങനെയാണ്,
‘ഓ! സർവസഹായമാതാവേ, അവിടുത്തേയ്ക്ക് യാതൊരു നന്മയും നിഷേധിക്കാനാവുകയില്ലാത്ത അങ്ങയുടെ ദിവ്യസുതനോട് ഞങ്ങളുടെ പേർക്ക് ഒരേയൊരു വാക്കു പറയണേ, ആമേൻ.’