Thursday, October 10, 2024
spot_img
More

    “ദൈവത്തിനും ദൈവജനത്തിനും മുമ്പില്‍ എളിമയോടെ ഏറ്റുപറഞ്ഞ് മാപ്പ് ചോദിക്കുന്നു” സിനഡനന്തര പത്രക്കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

    എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമിവിവാദം, വ്യാജരേഖ കേസ്, അതിരൂപതയിലെ ഭരണനിര്‍വ്വഹണം കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള ക്രമീകരണങ്ങള്‍, അതിരൂപതയില്‍ സംഭവിച്ച അച്ചടക്ക ലംഘനങ്ങള്‍ തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ഈ സിനഡില്‍ ചര്‍ച്ച ചെയ്തത്. ഓരോ വിഷയത്തിലും സിനഡു പിതാക്കന്മാര്‍ എല്ലാവരും തങ്ങളുടെ അഭിപ്രായങ്ങള്‍ ഹൃദയം തുറന്ന് പങ്കുവച്ചത് വലിയ കൃപയുടെ നിമിഷങ്ങളായിരുന്നു. സഭാഗാത്രത്തിലെ പ്രതിസന്ധികളില്‍ വേണ്ട രീതിയില്‍ ഇടപെട്ട് യഥാസമയം പരിഹരിക്കാന്‍ കഴിയാതിരുന്നതിലും ദൈവജനത്തിന് സുവിശേഷാധിഷ്ഠിത സാക്ഷ്യം നല്കുന്നതില്‍ വീഴ്ച വന്നതിലും സിനഡു പിതാക്കന്മാരായ ഞങ്ങള്‍ക്ക് പറ്റിയ തെറ്റ് ദൈവത്തിനും ദൈവജനത്തിനും മുമ്പില്‍ എളിമയോടെ ഏറ്റുപറഞ്ഞ് മാപ്പ് ചോദിക്കുന്നു.

    ഭൂമി വിവാദം ‍

    എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട്് ഉയര്‍ന്നുവന്ന വിവാദങ്ങള്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിലധികമായി സഭയെ ആഴത്തില്‍ മുറിവേല്‍പ്പിച്ചു കൊണ്ടിരിക്കുകയാണ്. ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടത് സീറോ മലബാര്‍ സഭയുടെ പിതാവും തലവനുമായ മേജര്‍ ആര്‍ച്ചുബിഷപ്പിനെതിരേയാണ് എന്നത് പ്രതിസന്ധികളെ കൂടുതല്‍ ഗുരുതരമാക്കി. ഭൂമിവിവാദവുമായി ബന്ധപ്പെട്ട വിവിധ പഠനങ്ങളും വിലയിരുത്തലുകളും സിനഡില്‍ വിശദമായി ചര്‍ച്ച ചെയ്യുകയുണ്ടായി.

    വിവാദമായ ഭൂമി ഇടപാടില്‍ അതിരൂപതയിലെ കാനോനിക സമിതികളുടെയും സഹായ മെത്രാന്മാരുടെയും മെത്രാപ്പോലീത്തയുടെയും കൂട്ടായ ഉത്തരവാദിത്തത്തില്‍ വീഴ്ചകളുണ്ടായിട്ടുണ്ട് എന്ന് സിനഡ് മനസ്സിലാക്കുന്നു. വിവിധ പഠനങ്ങളുടെ വെളിച്ചത്തില്‍ വ്യക്തമാകുന്നത് കര്‍ദിനാളോ സഹായ മെത്രാന്മാരോ, അതിരൂപതയിലെ വൈദികരോ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് യാതൊരുവിധ സാമ്പത്തിക നേട്ടവും ഉണ്ടാക്കിയിട്ടില്ല എന്നാണ്.

    ഇടനിലക്കാര്‍ റിയല്‍ എസ്റ്റേറ്റ് രീതിയില്‍ സാമ്പത്തിക നേട്ടം മുന്നില്‍ കണ്ടു പ്രവര്‍ത്തിച്ചത് യഥാസമയം കണ്ടെത്താനോ നടപടികള്‍ എടുക്കാനോ അതിരൂപതാ നേതൃത്വത്തിനോ കാനോനിക സമിതികള്‍ക്കോ കഴിഞ്ഞില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇതിനുവേണ്ടി നിയോഗിക്കപ്പെട്ടിരുന്ന വൈദികര്‍ തങ്ങളുടെ ഉത്തരവാദിത്വത്തില്‍ സാരമായ വീഴ്ച വരുത്തിയിട്ടുണ്ട്. ഉത്തരവാദപ്പെട്ടവരുടെ ശ്രദ്ധക്കുറവും ഇടനിലക്കാരുടെ അന്യായമായ ലാഭേഛയുംമൂലം അതിരൂപതയുടെ വസ്തുക്കള്‍ നഷ്ടപ്പെട്ട് പോകുമോ എന്നോര്‍ത്ത് അതിരൂപതയിലെ വൈദികരും സന്യസ്തരും അല്മായരും പ്രകടിപ്പിച്ച വികാരങ്ങള്‍ ഞങ്ങള്‍ മനസ്സിലാക്കുന്നു.

    ഭൂമി ഇടപാടിലൂടെ അതിരൂപതയ്ക്ക് നഷ്ടം വന്നിട്ടുണ്ടെങ്കില്‍ അത് ശാസ്ത്രീയമായ പഠനങ്ങളിലൂടെ കണ്ടെത്തേണ്ടതും വീണ്ടെടുക്കേണ്ടതുമാണ്. എറണാകുളം-അങ്കമാലി അതിരൂപതയില്‍ നിയമിതനായ മെത്രാപ്പോലീത്തന്‍ വികാരി നേതൃത്വമെടുത്ത് സ്ഥിരം സിനഡ് അംഗങ്ങളുടെ സഹായത്തോടെ ഇതിനായി സമയബന്ധിതമായി പരിശ്രമിക്കുന്നതാണ്. ഭൂമി വിവാദത്തിന് ശാശ്വതമായ ഒരു പരിഹാരമുണ്ടാക്കുവാനായി സിനഡ് നേതൃത്വം നല്കുന്ന കര്‍മ്മപദ്ധതികളോട് എല്ലാവരും ആത്മാര്‍ത്ഥമായി സഹകരിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. മുന്‍വിധികള്‍ മാറ്റിവച്ച് തുറന്ന മനസ്സോടെ, അതിരൂപത ഒരു കുടുംബമാണ് എന്ന ചിന്തയോടെ, പരിശ്രമിച്ചാല്‍ ഈ പ്രതിസന്ധിയെ തരണം ചെയ്യാന്‍ നമുക്ക് കഴിയും. അതിന് ആവശ്യമായ എല്ലാ നടപടിക്രമങ്ങള്‍ക്കും ഈ സിനഡ് പ്രതിജ്ഞാബദ്ധമാണ്.

    വ്യാജരേഖാ വിവാദം ‍

    ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങളെ സാധൂകരിക്കുന്ന തരത്തിലുള്ള ചില വ്യാജരേഖകളും പ്രത്യക്ഷപ്പെട്ടു എന്നത് ഏറെ ദൗര്‍ഭാഗ്യകരമാണ്. ഈ വ്യാജരേഖകളുടെ യഥാര്‍ത്ഥ ഉറവിടം കണ്ടെത്തുവാനായി സിനഡിന്റെ അംഗീകാരത്തോടെ നല്‍കിയ കേസില്‍ അഭിവന്ദ്യ മാര്‍ ജേക്കബ് മനത്തോടത്ത് പിതാവും ബഹു. പോള്‍ തേലക്കാട്ടച്ചനും പ്രതിചേര്‍ക്കപ്പെട്ടത് വ്യാജരേഖാ കേസിന് പുതിയ മാനങ്ങള്‍ നല്കി. സിനഡിനു വേണ്ടി പരാതി നല്‍കിയ വൈദികന്റെ മൊഴിക്ക് വിരുദ്ധമായി പ്രതിചേര്‍ക്കപ്പെട്ട ഇവരെ പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ പരാതിക്കാരന്‍ CrPC 164 വകുപ്പ് പ്രകാരം മജിസ്ട്രറ്റിനു മുമ്പില്‍ മൊഴി നല്‍കിയിട്ടുണ്ട്്. ഈ കേസിനോടനുബന്ധിച്ച് പരാതിക്കാരന്റേതായി നിയമപരമായി നിലനില്‍ക്കുന്ന ഏക മൊഴി ഇതു മാത്രമാണ്. ഈ കേസില്‍ സിനഡിനുവേണ്ടി നല്കിയ പരാതിയില്‍ ഇവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍് സിനഡ് ഉദ്ദേശിച്ചിരുന്നില്ല എന്ന നിലപാട് ഔദ്യോഗികമായി ആവര്‍ത്തിക്കുന്നു.

    പരാതിയില്‍ ഉന്നയിച്ച വസ്തുതകള്‍ക്ക് വിരുദ്ധമായി വ്യത്യസ്ത പ്രഥമവിവര മൊഴികള്‍ (FIS) പോലീസ് ഹാജരാക്കിയതിനു പിന്നില്‍ ചില സഭാവിരുദ്ധ ബാഹ്യശക്തികളുടെ ഇടപെടല്‍ ഉണ്ട്് എന്ന് സിനഡ് സംശയിക്കുന്നു. ഈ കേസുമായി ബന്ധപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരോ അല്മായരോ അകാരണമായി അപമാനിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അവരുടെ ദുഖത്തില്‍ സിനഡു പിതാക്കന്മാര്‍ പങ്കുചേരുന്നു. വ്യാജരേഖയുടെ യഥാര്‍ത്ഥ ഉറവിടം കണ്ടെത്തണം എന്ന ലക്ഷ്യത്തിലുറച്ചു നില്‍ക്കുമ്പോഴും ഈ കേസുമായി ബന്ധപ്പെട്ട് അന്യായമായി ആരും പീഡിപ്പിക്കപ്പെടരുതെന്ന് സിനഡിന് നിര്‍ബന്ധമുണ്ട്. ഇക്കാര്യത്തില്‍ നിയമപരമായി സാധ്യമായ ഇടപെടലുകള്‍ നടത്തുന്നതാണ്.

    അച്ചടക്ക ലംഘനം ‍

    വിവാദങ്ങള്‍ക്കിടയിലും സഭയുടെ പൊതു നന്മയെ മുന്‍നിര്‍ത്തി ആത്മസംയമനത്തോടെ സഭാശുശ്രൂഷ നിര്‍വ്വഹിച്ച എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരേയും സന്യസ്തരേയും അല്മായരേയും സിനഡ് നന്ദിപൂര്‍വ്വം ഓര്‍മ്മിക്കുന്നു. എന്നാല്‍, ഭൂമി വിവാദത്തോടനുബന്ധിച്ചുണ്ടായ പ്രതിഷേധങ്ങളില്‍ പലതും സഭയില്‍ പാലിക്കേണ്ട അച്ചടക്കത്തിന്റെ സകല സീമകളും ലംഘിക്കുന്നതായിരുന്നു. സീറോ മലബാര്‍ സഭയുടെ പിതാവും തലവനുമായ മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ കോലം കത്തിച്ച ചില വ്യക്തികളുടെ നടപടി സഭയ്ക്ക് തീരാകളങ്കമാണ് വരുത്തിവച്ചത്. വൈദികര്‍ അതിരൂപതാ കാര്യാലയത്തിലേക്കു പ്രതിഷേധ പ്രകടനമായി ചെന്ന് നിവേദനം നല്കിയതും അതിരൂപതാധ്യക്ഷനെതിരേ ആക്ഷേപകരമായ വിശേഷണങ്ങളോടെ പത്രസമ്മേളനങ്ങള്‍ ആവര്‍ത്തിച്ചു നടത്തിയതും കത്തോലിക്കാ പൗരോഹിത്യ സംസ്‌കാരത്തിന് അന്യവും സഭയുടെ ശത്രുക്കള്‍ക്ക് വിരുന്നൊരുക്കുന്നതുമായ നടപടികളായിരുന്നു.

    അതിമെത്രാസന മന്ദിരത്തില്‍ ഒരു വൈദികന്‍ ഉപവാസ സമരം നടത്തിയതും അതിന് ഏതാനും വൈദികര്‍ പിന്തുണ പ്രഖ്യാപിച്ചതും സഭാഗാത്രത്തില്‍ വലിയ ക്ഷതമാണ് ഏല്‍പ്പിച്ചത്. ഇത്തരം തെറ്റായ നടപടികളെ സീറോ മലബാര്‍ സഭയുടെ സിനഡ് ശക്തമായി അപലപിക്കുകയും സഭയുടെ മുഴുവന്‍ ദുഖം ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്യുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ദൈവജനത്തിനുണ്ടായ മനോവേദനയും ദുര്‍മാതൃകയും എത്ര വലുതായിരുന്നുവെന്ന് ഇതില്‍ ഉള്‍പ്പെട്ടവര്‍ മനസ്സിലാക്കുമെന്ന് സിനഡ് പ്രത്യാശിക്കുന്നു. ക്രിസ്തുവിന്റെ ശരീരമായ സഭയെ ആഴത്തില്‍ മുറിവേല്‍പ്പിച്ച ഈ പ്രതികരണങ്ങളിലൂടെ സീറോ മലബാര്‍ സഭ മാത്രമല്ല ഭാരതസഭ മുഴുവന്‍ അപമാനിതമാകുന്ന സാഹചര്യമുണ്ടായി. അതിരൂപതയുടെ നഷ്ടങ്ങളെക്കുറിച്ച് പ്രതികരിച്ചപ്പോള്‍ “തന്റെ തിരുരക്തം വിലയായി കൊടുത്ത് സഭയെ നേടിയ” മിശിഹായാണ് (അപ്പ 20:28) വിസ്മരിക്കപ്പെട്ടത്.

    “എന്റെ സുഹൃത്തുക്കളുടെ ഭവനത്തില്‍ വച്ച് എനിക്കു മുറിവേറ്റു” (സഖ 13:6) എന്ന കര്‍ത്താവിന്റെ വിലാപത്തിന് നാം ചെവി കൊടുക്കണം. സഭയില്‍ സംജാതമായ ഈ അച്ചടക്കരാഹിത്യത്തെ തിരുത്താനുള്ള ഉത്തരവാദിത്തം എറണാകുളം-അങ്കമാലി അതിരൂപതയില്‍ പുതുതായി നിയമിതനായ മെത്രാപ്പോലീത്തന്‍ വികാരിയെ സിനഡ് ഭരമേല്‍പ്പിക്കുകയാണ്. ബന്ധപ്പെട്ടവര്‍ക്ക് അനുതാപത്തിനും അനുരഞ്ജനത്തിനുമുള്ള വഴി സുഗമമാക്കുന്നതിന് മെത്രാപ്പോലീത്തന്‍ വികാരിയെ സഹായിക്കാന്‍ സിനഡ് ഒരു മെത്രാന്‍ സമിതിയെ നിയോഗിച്ചിട്ടുണ്ട്. തുറന്ന മനസ്സോടെ ഈ നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ടവര്‍ സ്വീകരിക്കണമെന്ന് സിനഡ് ആവശ്യപ്പെടുകയാണ്. സമീപകാലത്ത് സഭയില്‍ വിവാദം സൃഷ്ടിച്ച പല സംഭവങ്ങളിലും വൈദികരുടെയും സന്യസ്തരുടെയും അച്ചടക്കരാഹിത്യം എത്രമേല്‍ അപകടകരമാകാമെന്നതിന് സഭയൊന്നാകെ സാക്ഷ്യം വഹിച്ചതാണ്. എല്ലാ മക്കളെയും ചേര്‍ത്തു നിര്‍ത്താന്‍ ആഗ്രഹിക്കുന്ന അമ്മയുടെ മനസ്സോടെയാണ് സഭാ നേതൃത്വം ഈ നിലപാടുകള്‍ സ്വീകരിക്കുന്നത്.

    വിവാദങ്ങളുടെ മറവില്‍, സഭയില്‍ വിഭാഗീയത വളര്‍ത്താനുള്ള ശ്രമങ്ങള്‍ വിവിധ സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളിലൂടെ നടന്നു എന്നതും അപലപനീയമാണ്. സഭാതലവന്റെ സംരക്ഷകര്‍ എന്ന് സ്വയം വിശേഷിപ്പിച്ച് എറണാകുളം-അങ്കമാലി അതിരൂപതയെയും അതിരൂപതയിലെ വൈദികരെയും സഹായമെത്രാന്മാരെയും അപമാനിക്കുന്ന വിധത്തില്‍ പ്രതികരിച്ചവരും ഇവര്‍ക്കെതിരായി പ്രതികരിച്ചവരും ചേര്‍ന്ന് ചാനലുകളിലും ഇതര മാധ്യമങ്ങളിലും സൃഷ്ടിച്ച പ്രകോപനങ്ങള്‍ സഭാവിരുദ്ധ പ്രവൃത്തിയാണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ പരസ്പരം അധിക്ഷേപിക്കുന്ന വിവിധ ഗ്രൂപ്പുകളെ നിയന്ത്രിക്കാന്‍ എല്ലാ രൂപതകളും ശ്രദ്ധിക്കണം. “ഭിന്നതയുടെ മതിലുകള്‍ തകര്‍ത്ത് നമ്മെ ഒന്നിപ്പിച്ച ഈശോയാണ് നമ്മുടെ സമാധാനം” (എഫേ 2:14).

    സഭയില്‍ ഭിന്നത വളര്‍ത്താന്‍ മാത്രം ഉപകരിക്കുന്ന എല്ലാവിധ പ്രവര്‍ത്തനങ്ങളെയും സിനഡ് ഏകസ്വരത്തില്‍ അപലപിക്കുന്നു. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിനും പത്രക്കുറിപ്പുകള്‍ നല്കുന്നതിനും വൈദികര്‍ക്ക് മെത്രാന്റെ അനുമതി ആവശ്യമാണെന്ന കാര്യം വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. കത്തോലിക്കാ സഭയിലെ അല്മായര്‍ക്ക് അഭിപ്രായപ്രകടനത്തിനും സഭാഭരണത്തിലെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുമായി വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങളും സംഘടനാ സംവിധാനങ്ങളുമുണ്ട്. എന്നാല്‍, അടുത്ത കാലത്ത് നിക്ഷിപ്ത താല്പര്യങ്ങളുള്ള ചില വ്യക്തികള്‍ സഭയിലെ അല്മായരുടെയും സന്യസ്തരുടെയും അവകാശസംരക്ഷകര്‍ എന്ന വ്യാജേന സ്വന്തം നിലയില്‍ സംഘടനകള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. ഇത്തരം സംഘടനകള്‍ പലപ്പോഴും സഭാവിരുദ്ധ ശക്തികളുടെ കൈകളിലെ പാവകളായി വര്‍ത്തിക്കേണ്ടി വരുന്നതായും സിനഡ് സംശയിക്കുന്നു.

    സഭയില്‍ വിഭാഗീയത വളര്‍ത്താനും സഭയെ സമൂഹമധ്യത്തില്‍ അവഹേളിതയാക്കുവാനുമാണ് ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ഇടവരുത്തിയിട്ടുള്ളത്. അതിനാല്‍ അതിരൂപതാ സുതാര്യതാ സമിതി (A.M.T.), അതിരൂപതാ സംരക്ഷണ സമിതി, അല്മായ മുന്നേറ്റം, ഇന്ത്യന്‍ കാത്തലിക്ക് ഫോറം, വേള്‍ഡ് ക്രിസ്ത്യന്‍ കൗണ്‍സില്‍, സേവ് അവര്‍ സിസ്റ്റേഴ്‌സ് തുടങ്ങിയ സംഘടനകളുടെ സഭാവിരുദ്ധ പ്രവര്‍ത്തനങ്ങളെ സിനഡ് പൂര്‍ണ്ണമായും നിരാകരിക്കുന്നു. ഇവയെ സഭാസംഘടനകളായി അംഗീകരിക്കുന്നില്ല എന്ന് സിനഡ് അറിയിക്കുന്നു.

    മുന്നോട്ടുള്ള വഴി ‍

    അഭിപ്രായഭിന്നതകള്‍ അവസാനിപ്പിച്ച് എറണാകുളം-അങ്കമാലി അതിരൂപതയ്ക്കും സീറോ മലബാര്‍ സഭയ്ക്കും മുന്നോട്ടു പോകേണ്ടതുണ്ട്. “നിങ്ങള്‍ ഒരേ കാര്യങ്ങള്‍ ചിന്തിച്ച്, ഒരേ സ്‌നേഹത്തില്‍ വര്‍ത്തിച്ച് ഒരേ ആത്മാവും ഒരേ അഭിപ്രായവുമുള്ളവരാകുവിന്‍” (ഫിലി 2:2) എന്ന ശ്ലീഹായുടെ വാക്കുകള്‍ നമുക്ക് ഓര്‍മ്മിക്കാം. ഇതിന് ആവശ്യമായ ഒരു കര്‍മ്മപദ്ധതി കൂടിയാലോചനകളിലൂടെ സിനഡ് രൂപീകരിച്ചിട്ടുണ്ട്. എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് സീറോ മലബാര്‍ സഭയിലുള്ള പ്രമുഖസ്ഥാനം സിനഡ് പ്രത്യേകമായി ഊന്നിപ്പറയാന്‍ ആഗ്രഹിക്കുന്നു. തങ്ങളില്‍നിന്ന് സഭയും കാലഘട്ടവും പ്രതീക്ഷിക്കുന്ന ആത്മീയ ഔന്നത്യവും ഉദാരതയും എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരും സന്യസ്തരും അല്മായരും പ്രകടമാക്കും എന്ന് സിനഡ് പ്രത്യാശിക്കുന്നു.

    മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ ആഗോളതലത്തിലുള്ള ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ പരിഗണിച്ച് എറണാകുളം-അങ്കമാലി അതിരൂപതയുടെ ദൈനംദിന ഭരണനിര്‍വ്വഹണത്തിന് ഒരു മെത്രാപ്പോലീത്തന്‍ വികാരിയെ നിയമിക്കുന്ന കാര്യം സിനഡ് 2007 മുതല്‍ ചര്‍ച്ച ചെയ്തിരുന്നതാണ്. ഇതു സംബന്ധിച്ചുള്ള തീരുമാനം 2019 ജനുവരി സിനഡില്‍ റോമിന്റെ അംഗീകാരത്തിനായി അയച്ചിരുന്നു. എറണാകുളം-അങ്കമാലി അതിരൂപതാ മെത്രാപ്പോലീത്തന്‍ വികാരിയായി മണ്ഡ്യ രൂപതാദ്ധ്യക്ഷനും അതിരൂപതാംഗവുമായ മാര്‍ ആന്റണി കരിയില്‍ സി.എം.ഐ. യെ സിനഡ് തെരഞ്ഞെടുത്തിട്ടുണ്ട്. അതിരൂപതയുടെ മെത്രാപ്പോലീത്തയായ മേജര്‍ ആര്‍ച്ചുബിഷപ്പിനോടും അതിരൂപതാ മെത്രാപ്പോലീത്തന്‍ വികാരിയോടും ചേര്‍ന്ന് ഒരേമനസ്സോടെ അതിരൂപത സുവിശേഷത്തിന്റെ വെളിച്ചത്തില്‍ മുന്നോട്ട് നീങ്ങുമെന്ന് സിനഡ് പ്രത്യാശിക്കുന്നു. “മിശിഹായില്‍ നാമെല്ലാവരും ഒന്നാണെന്ന” ശ്ലീഹായുടെ ആഹ്വാനം (ഗലാ 3:28) നമ്മെ നയിക്കട്ടെ. മലമേല്‍ പണിത ഗോപുരംപോലെ അതിരൂപതയുടെ മഹത്വം വര്‍ദ്ധമാനമാകട്ടെ എന്ന് സിനഡ് പ്രാര്‍ത്ഥിക്കുന്നു. സഹോദരര്‍ ഒരുമിച്ചു വസിക്കുന്നതിന്റെ വൈശിഷ്ട്യവും സൗന്ദര്യവും അതിരൂപതയില്‍ വര്‍ദ്ധിച്ചു വരട്ടെ.

    എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി സേവനം ചെയ്ത അഭിവന്ദ്യ ജേക്കബ് മനത്തോടത്ത് പിതാവിനോട് സിനഡിനുള്ള ആത്മാര്‍ത്ഥമായ നന്ദി അറിയിക്കുന്നു. അപ്പസ്‌തോലിക് അഡ്മിസ്‌നിട്രേറ്റര്‍ എന്ന നിലയില്‍ അഭിവന്ദ്യ പിതാവ് സ്വീകരിച്ച നടപടികള്‍ പ്രശ്‌നപരിഹാരങ്ങള്‍ക്ക് ഏറെ സഹായകമായിട്ടുണ്ട്. അതിരൂപതയുടെ സഹായമെത്രാന്മാരായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നീ പിതാക്കന്മാര്‍ക്ക് പുതിയ അജപാലന സ്ഥാനങ്ങള്‍ നിര്‍ണ്ണയിക്കണം എന്ന ഉത്തരവാദിത്തം പരിശുദ്ധ സിംഹാസനം സിനഡിനെ ഭരമേല്‍പ്പിച്ചിരുന്നു. ഈ പിതാക്കന്മാരെ തല്‍സ്ഥാനങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തിയത് ശിക്ഷാനടപടിയായി വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നും എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണ നിര്‍വ്വഹണം ക്രമീകരിക്കുന്നതിന്റെ ഭാഗമായി പരിശുദ്ധ സിംഹാസനമെടുത്ത നടപടിയുടെ ഭാഗമായിരുന്നു എന്നും അറിയിച്ചിട്ടുണ്ട്.

    എറണാകുളം-അങ്കമാലി അതിരൂപതയുടെ സഹായ മെത്രാന്മാരെന്ന നിലയില്‍ ഇവര്‍ ചെയ്ത സേവനങ്ങളെ സിനഡ് നന്ദിയോടെ ഓര്‍മ്മിക്കുന്നു. അഭിവന്ദ്യ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പിതാവിനെ മണ്ഡ്യ രൂപതയുടെ മെത്രാനായും അഭിവന്ദ്യ ജോസ് പുത്തന്‍വീട്ടില്‍ പിതാവിനെ ഫരിദാബാദ് രൂപതയുടെ സഹായ മെത്രാനായും സിനഡ് തിരഞ്ഞെടുത്തിട്ടുണ്ട്. പുതിയ അജപാലന മേഖലകളില്‍ എല്ലാവിധ നന്മയും പിന്തുണയും ഈ പിതാക്കന്മാര്‍ക്ക് സിനഡ് വാഗ്ദാനം ചെയ്യുന്നു. ഈ പിതാക്കന്മാര്‍ പുതിയ ദൗത്യം ഏറ്റെടുക്കുന്നതുവരെ എറണാകുളം-അങ്കമാലി അതിമെത്രാസനഭവനത്തില്‍ താമസിച്ച് മെത്രാപ്പോലീത്തന്‍ വികാരിയെ സഹായിക്കുന്നതാണ്.

    എറണാകുളം-അങ്കമാലി അതിരൂപതയിലെ മേല്‍പറഞ്ഞ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് കോടതികളില്‍ നിലവിലുള്ള വിവിധ കേസുകള്‍ നിയമപരമായും അനുരഞ്ജനാരൂപിയിലും പരിഹരിക്കേണ്ടത് അതിരൂപതയുടെ സുഗമമായ പ്രയാണത്തിന് ആവശ്യമാണെന്ന് സിനഡു വിലയിരുത്തുന്നു. ഇതിനായി വിരമിച്ച പ്രഗല്‍ഭ ന്യായാധിപന്മാരുടെ ഒരു സമിതിയെ സിനഡ് നിയോഗിച്ചിട്ടുണ്ട്. ഈ സമിതിയുടെ സഹായത്തോടെ വ്യവഹാരങ്ങള്‍ പരിഹരിക്കാന്‍ മെത്രാപ്പോലീത്തന്‍ വികാരിയെ സിനഡ് ഉത്തരവാദിത്തം ഏല്‍പ്പിച്ചിട്ടുണ്ട്.

    അഖിലേന്ത്യാ തലത്തിലും ആഗോള തലത്തിലും സീറോ മലബാര്‍ സഭയുടെ വളര്‍ച്ചയ്ക്ക് നമ്മുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് അഭിവന്ദ്യ മാര്‍ ജോര്‍ജ് ആലഞ്ചേരിപ്പിതാവ് നല്കിക്കൊണ്ടിരിക്കുന്ന നേതൃത്വത്തെ സിനഡ് നന്ദിയോടെ ഓര്‍മ്മിക്കുന്നു. വ്യക്തിപരമായ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴും സമചിത്തതയോടെയും ക്രിസ്തീയ അരൂപിയിലും പ്രതികരിച്ച അഭിവന്ദ്യ പിതാവിന്റെ മാതൃക അനുകരണീയമാണ്. സീറോ മലബാര്‍ സഭയെ ഏറെ സ്‌നേഹിക്കുകയും പ്രതിസന്ധി ഘട്ടങ്ങളില്‍ വ്യക്തമായ ഇടപെടലുകള്‍ നടത്തുകയും ചെയ്ത പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയെയും പൗരസ്ത്യ തിരുസംഘത്തെയും സിനഡ് ഏറെ ആദരവോടെയും നന്ദിയോടെയും അനുസ്മരിക്കുന്നു. വിവാദങ്ങളുടെ ഭാഗമായി ചെയ്തതും പറഞ്ഞതുമായ കാര്യങ്ങള്‍ പരസ്പരം ക്ഷമിക്കാനും മറക്കാനും നമ്മുടെ കര്‍ത്താവിന്റെ സ്‌നേഹത്തിന്റെ അരൂപിയില്‍ എല്ലാവരും തയ്യാറാകണം.

    ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി,

    ചെയര്‍മാന്‍,

    സീറോ മലബാര്‍ മീഡിയാ കമ്മീഷന്‍

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!