ഒക്ടോബർ 11- പരിശുദ്ധ അമ്മയുടെ ദൈവമാതൃത്വ തിരുന്നാൾ
ഒക്‌ടോബർ 11-ന് പാശ്ചാത്യ സഭയിലുടനീളം ആചരിക്കുന്ന ഈ തിരുന്നാളിൽ മറിയത്തെ ദൈവമാതാവായി ആദരിക്കുന്നു. പോർച്ചുഗലിൽ ഇത് നൂറ്റാണ്ടുകളായി അറിയപ്പെടുന്നു, 1751 ജനുവരി 22 ന്, ജോസഫ് മാനുവൽ രാജാവിൻ്റെ അഭ്യർത്ഥനപ്രകാരം പരിശുദ്ധ അമ്മയുടെ ദൈവമാതൃത്വം അവിടെ ഒരു തിരുന്നാളായി പ്രഖ്യാപിച്ചു. മെയ് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് പോർച്ചുഗൽ, ബ്രസീൽ, അൾജീരിയ എന്നീ രൂപതകളിൽ തിരുനാൾ ദിനമായി നിശ്ചയിച്ചിരുന്നത്. അടുത്ത വർഷം വെനീസ് പ്രവിശ്യയിലേക്ക് വ്യാപിക്കപ്പെട്ട തിരുന്നാൾ, 1778-ൽ നേപ്പിൾസിലും 1807-ൽ ടസ്കണിയിലും ആഘോഷമായി. അവസാനം, എഫേസോസ് സൂനഹദോസിന്റെ പതിനഞ്ചാം ശതാബ്ദിയോടനുബന്ധിച്ച് 1931-ൽ പതിനൊന്നാം പീയൂസ് പാപ്പ ഈ തിരുന്നാൾ സ്ഥാപിച്ചു.
അതേ സമയം,മേരി മേജർ ബസിലിക്കയിലെ പഴക്കം ചെന്ന് ജീർണിച്ച മരിയൻ മൊസൈക്ക് ചിത്രങ്ങൾ സ്വന്തം ചെലവിൽ പുനരുദ്ധരിക്കാനുള്ള നിർദ്ദേശങ്ങൾ പാപ്പ നൽകി. ‘ലുക്സ് വെരിറ്റാറ്റിസ്’ എന്ന തന്റെ ചാക്രിക ലേഖനത്തിൽ, പുതിയ തിരുന്നാളിന്റെ ഉദ്ദേശ്യങ്ങൾക്കൊപ്പം, പീയൂസ് പതിനൊന്നാം പാപ്പയുടെ ഹൃദയത്തോട് വളരെ അടുത്തുനിൽക്കുന്ന ഒരു സത്യത്തെ നാമകരണം ചെയ്‌തിരിക്കുന്നു, “…അകന്നുപോയിരിക്കുന്ന കിഴക്കിൻ്റെ ക്രിസ്ത്യാനികൾ വളരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മറിയം, സഭയുടെ ഐക്യത്തിൽ നിന്നും, അങ്ങനെ നമ്മൾ വികാരിയായിരിക്കുന്ന അവളുടെ പുത്രനിൽ നിന്നും, കൂടുതൽ വഴി മാറി അലയാനും അസന്തുഷ്ടരായി നയിക്കപ്പെടാനും അവരെ അനുവദിക്കുകയില്ല”
ദൈവമാതൃത്വ തിരുന്നാൾ
“ഈ അവസരത്തിൽ സ്വർഗ്ഗീയ മാതാവ് പരിശുദ്ധാത്മാവിനാൽ നിറഞ്ഞിരുന്നു
അതിലുപരിയായി, പിതാവിൽ നിന്നും പരിശുദ്ധാത്മാവിൽ നിന്നും പുറപ്പെടുന്ന ദൈവവചനത്തെ, അവൻ്റെ അമ്മയായി അവൾ ഉള്ളിൽ വഹിച്ചിരുന്നു, ദൈവിക കൃപകളുടെ സമൃദ്ധിയാലും സവിശേഷ ജ്ഞാനോദയത്താലും പുതുതാക്കപ്പെട്ട ആത്മാവിന്റെ തീക്ഷ്‌ണയിൽ വിശുദ്ധ യൗസേപ്പ് പറഞ്ഞു,
“ സ്ത്രീകളിൽ ഏറ്റം അനുഗ്രഹീതയായ കന്യകേ, നീ എല്ലാ ജനതകളിലും തലമുറകളിലും നിന്ന് തിരഞ്ഞെടുക്കപ്പെട്ടവളും ഭാഗ്യവതിയുമാകുന്നു. അത്യുന്നതമായ തന്റെ സിംഹാസനത്തിൽ നിന്ന് നിന്നെ തൃക്കൺപാർത്തതിനാലും, തന്റെ വാസസ്ഥലമായി നിന്നെ തിരഞ്ഞെടുത്തതിനാലും, പൂർവ്വപിതാക്കന്മാർക്കും പ്രവാചകൻമാർക്കും നൽകിയ വാഗ്ദാനം നിന്നിൽകൂടി നിറവേറിയതിനാലും, സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും സൃഷ്ടാവായവൻ നിത്യസ്തുതികളാൽ സ്തുതിക്കപ്പെടട്ടെ.
എല്ലാ തലമുറകളാലും അവിടുന്ന് വാഴ്ത്തപ്പെടട്ടെ : നിന്റെ താഴ്മയിൽ ചെയ്തതുപോലെ, മറ്റാരിലും അവൻ തന്റെ നാമം ഇത്ര മഹത്വപ്പെടുത്തിയിട്ടില്ല, ജീവിച്ചിരുന്നവരിൽ ഏറ്റം നിസ്സാരനായ ഈ എന്നെയും അവൻ തന്റെ ദൈവികമായ കരുണയാൽ തന്റെ ദാസനാവാൻ തിരഞ്ഞെടുത്തു”.
നമ്മുടെ രാജ്ഞിയും നാഥയുമായവളുടെ അഭിവാദനത്തോട് പ്രതികരിച്ചപ്പോൾ എലീശ്വ പുണ്യവതിക്കുണ്ടായതുപോലെ, പരിശുദ്ധാത്മാവിന്റെ നിറവിലാണ് വിശുദ്ധ യൗസേപ്പിൽ നിന്നും ഈ സ്തുതിയുടെയും വാഴ്ത്തലിന്റെയും വാക്കുകൾ പുറപ്പെട്ടത്. ഏറ്റവും വിശുദ്ധനായ ആ മണവാളന് ലഭിച്ച ആത്മീയവെളിച്ചവും പ്രചോദനവും തന്റെ സ്ഥാനത്തിനും കർത്തവ്യത്തിനും യോജിച്ച രീതിയിൽ അദ്ദേഹത്തെ അത്ഭുതകരമായി അനുരൂപപ്പെടുത്തി. വിശുദ്ധനായ ആ മനുഷ്യന്റെ വാക്കുകൾ കെട്ട സ്വർഗീയ കന്യക ഏലീശ്വ പുണ്യവതിയെ സന്ദർശിച്ചപ്പോഴെന്നതുപോലെ സ്തോത്രഗീതത്തിലെ വാക്കുകളിലൂടെ ഉത്തരം നൽകി. അവൾ ആത്മീയാനന്ദത്തിൽ ജ്വലിച്ച് ഒരു പ്രകാശഗോളത്തിൽ ഭൂമിയിൽ നിന്ന് ഉയർത്തപ്പെട്ടു, അത് അവളെ വലയം ചെയ്ത് മഹത്വത്തിൻ്റെ ദാനങ്ങളാൽ അവളെ രൂപാന്തരപ്പെടുത്തി.
ഈ സ്വർഗ്ഗീയ ദർശനം കണ്ട് വിശുദ്ധ യൗസേപ്പിതാവ് ആദരവ് കൊണ്ടും പറഞ്ഞറിയിക്കാനാവാത്ത ആനന്ദവും നിറഞ്ഞു; കാരണം, തൻ്റെ പരിശുദ്ധ മണവാട്ടിയെ ഇത്രയും മഹത്വത്തിലും പൂർണ്ണതയിലും അദ്ദേഹം കണ്ടിട്ടില്ല. അവളുടെ കന്യക ഗർഭപാത്രത്തിൽ ശിശുവായ ദൈവത്തിൻ്റെ മനുഷ്യത്വവും രണ്ട് സ്വഭാവങ്ങൾ കൂടിച്ചേർന്ന വചനവും അദ്ദേഹം കണ്ടു, തിരിച്ചറിഞ്ഞു. അഗാധമായ എളിമയോടും ആദരവോടും കൂടി അദ്ദേഹം അവനെ ആരാധിച്ചു, തന്റെ രക്ഷകനായി തിരിച്ചറിഞ്ഞു, അവൻ്റെ മഹത്വത്തിന് സ്വയം സമർപ്പിച്ചു. ഭൂമിയിൽ മറ്റൊരു പുരുഷനോടും കാണിക്കാത്ത അത്ര ഔദാര്യത്തോടെയും കാരുണ്യത്തോടെയും കർത്താവ് അദ്ദേഹത്തെ നോക്കി, കാരണം അവൻ തന്റെ വളർത്തുപിതാവായി അദ്ദേഹത്തെ സ്വീകരിക്കുകയും ആ പദവി സമ്മാനിക്കുകയും ചെയ്തു.…. “
1970ൽ പോൾ ആറാമൻ പാപ്പയുടെ കാലം മുതൽ കത്തോലിക്കസഭയിൽ ദൈവമാതൃത്വ തിരുന്നാൾ ജനുവരി 1-ന് ആഘോഷിക്കാൻ തുടങ്ങി.