ഒക്ടോബർ 13 – ഔർ ലേഡി ഓഫ് ക്ലെയർവോ, ഫ്രാൻസ്, (1114)
‘എത്രയും ദയയുള്ള മാതാവേ’ എന്ന പ്രാർത്ഥന നമുക്ക് ലഭിക്കാൻ കാരണക്കാരനായ വിശുദ്ധനെ അറിയാമല്ലോ, ക്ലെയർവോയിലെ വിശുദ്ധ ബെർണാർഡ്. വിശുദ്ധ ബെനഡിക്റ്റിൻ്റെ പരിഷ്കരിക്കപ്പെട്ട നിയമങ്ങളുമായി രൂപം കൊണ്ട സിറ്റോവിലെ ആശ്രമത്തിലെ അന്തേവാസിയായിരുന്ന വിശുദ്ധ ബെർണാഡ്, ഒരു പുതിയ ആശ്രമം കണ്ടെത്തുന്നതിനായി 12 സന്യാസിമാരെയും കൂട്ടിക്കൊണ്ട് താഴ്‌വരയിലേക്ക് യാത്രയായി. 1115 ജൂൺ 25-ന് ‘ക്ലിയർ വാലി’ എന്നർത്ഥമുള്ള, പിന്നീട് ക്ലെയർവോ എന്നറിയപ്പെട്ട ആശ്രമം സ്ഥാപിച്ചു. പ്രശസ്തമായ ആശ്രമത്തിൻ്റെ ആദ്യത്തെ മഠാധിപതിയായി അദ്ദേഹം മാറി, എന്നാൽ വിശുദ്ധ ബെർണാഡ് കണ്ടെത്തിയ 70 ആശ്രമങ്ങളിൽ ആദ്യത്തേത് മാത്രമാണിത്.
പരിശുദ്ധ കന്യകയുടെ ബഹുമാനാർത്ഥം ലാൻഗ്രെസ് രൂപതയിലെ ക്ലെയർവോയിൽ ആശ്രമം സ്ഥാപിച്ചതിൻ്റെ സമർപ്പണമാണ് ഈ മരിയൻ തിരുനാൾ ദിനത്തിൽ ആഘോഷിക്കുന്നത്. ഈ സംഭവം മരിയൻ കലണ്ടറിൽ കാണിച്ചിരിക്കുന്നതുപോലെ 1114-ലല്ല, 1115-ലാണ് സംഭവിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ഒരാൾ ദൈവവേല ചെയ്യാൻ തുടങ്ങുമ്പോൾ സാധാരണ സംഭവിക്കാറുള്ള പോലെ, വിശുദ്ധ ബെർണാർഡിന് ക്ലെയർവോയിൽ തരണം ചെയ്യാനും പിടിച്ചു നിൽക്കാനും നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു, എന്നിരുന്നാലും, എല്ലാ പരീക്ഷണങ്ങൾക്കിടയിലും ധാരാളം ശിഷ്യന്മാർ ക്ലെയർവോയിലേക്ക് ഒഴുകിയെത്തി, നിരവധി പുതിയ ആശ്രമങ്ങൾ കണ്ടെത്തേണ്ടത് വിശുദ്ധന് അതിനാൽ ആവശ്യമായി വന്നു.
1153-ൽ അറുപത്തിമൂന്നാം വയസ്സിൽ ക്ലെയർവോയിൽ വെച്ച് വിശുദ്ധ ബെർണാഡ് അന്തരിച്ചു. ദൈവമാതാവിനോടുള്ള വിശുദ്ധന്റെ ഭക്തി എല്ലാവരാലും അറിയപ്പെടുന്നതാണല്ലോ.
ഔർ ലേഡി ഓഫ് ക്ലെയർവോ
ക്ലയർവോ മാതാവിന്റെ ദാസനെന്ന നിലയിൽ, 1142-ൽ പോർച്ചുഗലിലെ അൽഫോൻസസ് ഒന്നാമൻ രാജാവ് , താനും പിൻഗാമികളും എല്ലാ വർഷവും ദേവാലയത്തിൻ്റെ നടത്തിപ്പിനായി അമ്പത് സ്വർണ്ണനാണയങ്ങൾ കൊടുക്കുമെന്ന് തീർച്ചപ്പെടുത്തി. അൽഫോൻസസ് ഒന്നാമൻ രാജാവ്, നിരവധി ആശ്രമങ്ങളും കോൺവെൻ്റുകളും നിർമ്മിക്കുന്നതിനും ധാരാളം സഭാസമൂഹങ്ങൾക്ക് പലവിധത്തിൽ സഹായങ്ങൾ ലഭിക്കുന്നതിനും കാരണക്കാരനായിരുന്നു. ക്ലെയർവോയിലെ വിശുദ്ധ ബെർണാഡ് അദ്ദേഹത്തിൻ്റെ അമ്മാവനായിരുന്നുവെന്ന് പറയപ്പെടുന്നു.
പരിശുദ്ധ അമ്മയുടെ കണ്ണിലെ കൃഷ്ണമണിയായാണ് വിശുദ്ധ ബെർണാഡിനെ കരുതിയിരുന്നത്. അദ്ദേഹം തൻ്റെ ആശ്രമങ്ങളെല്ലാം പരിശുദ്ധ അമ്മയുടെ പ്രത്യേക സംരക്ഷണത്തിൻ കീഴിലാക്കി. അദ്ദേഹത്തിന് മറിയം എന്ന് വെച്ചാൽ ഏറ്റവും വലിയ മധ്യസ്ഥയായിരുന്നു. ഏറ്റവും ദുർബ്ബലനായ പാപി പോലും ഈ അമ്മയെ സമീപിക്കാൻ മടിക്കേണ്ട കാര്യമില്ല. പരിശുദ്ധ അമ്മയെ അഭിസംബോധന ചെയ്തുകൊണ്ട് ബെർണാഡ് പറഞ്ഞു , “…നിന്‍റെ സഹായം തേടി നിന്‍റെ മാദ്ധ്യസ്ഥം അപേക്ഷിച്ചവരില്‍ ഒരുവനെയെങ്കിലും നീ ഉപേക്ഷിച്ചതായി കേട്ടിട്ടില്ല..“