നവംബർ 5 – ഔർ ലേഡി ഓഫ് ഡാമിയേറ്റ, ഈജിപ്ത് (1220)
ഈജിപ്തിലാണ് ഔർ ലേഡി ഓഫ് ഡാമിയേറ്റയുടെ ദൈവാലയമുള്ളത്. 1220-ൽ, അപ്പോസ്തോലിക പ്രതിനിധിയായ പെലേജിയസ് പരിശുദ്ധ കന്യകയോടുള്ള ആദരസൂചകമായി ഈ ദൈവാലയം അവളുടെ പേരിൽ പ്രതിഷ്ഠിച്ചത്, ജനങ്ങൾക്ക് അവളോടുള്ള വിശ്വാസക്കുറവിന് പരിഹാരമായും അവൾക്കെതിരെ ചൊരിയപ്പെട്ട നിന്ദകൾക്കുള്ള പ്രായശ്ചിത്തവുമായിട്ടാണ്. അത്ഭുതസിദ്ധിയുണ്ടെന്ന് കരുതപ്പെടുന്ന രൂപമാണ്.
നൈൽ നദിയുടെ ഒരു ശാഖാമുഖത്ത് സ്ഥിതി ചെയ്യുന്ന ഡാമിയേറ്റ നഗരം എട്ടാം നൂറ്റാണ്ടിൽ മുസ്ലീങ്ങൾ വഞ്ചനയിലൂടെ പിടിച്ചെടുത്തു. നഗരം തിരിച്ചുപിടിക്കാൻ ആവർത്തിച്ച് ശ്രമിച്ച ഗ്രീക്കുകാരിൽ നിന്ന് അവർ നഗരത്തെ പ്രതിരോധിച്ചു കൊണ്ടിരുന്നു. ജറുസലേമിലെ രാജാവായ അമൗരി ഒന്നാമൻ്റെ ആക്രമണത്തെയും അവർ അതിജീവിച്ചു.
അവസാനം, ഒരു വർഷത്തിലധികം നീണ്ടുനിന്ന കഠിനമായ ഉപരോധത്തിനൊടുവിൽ, 1219ൽ ജീൻ ഡെ ബ്രയാൻ പ്രഭു, ഡാമിയേറ്റയെ കീഴ്പ്പെടുത്തി. ജെറുസലേമിലെ രാജാവും പ്രതിനിധിയും ചേർന്ന് അവിടെയുണ്ടായിരുന്ന മോസ്‌കിനെ പരിശുദ്ധ അമ്മയോടുള്ള
ബഹുമാനാർത്ഥം പള്ളിയാക്കി മാറ്റി. ഈജിപ്തിലെ സുൽത്താനോട് സംസാരിക്കാൻ പോകുന്നതിന് മുൻപ് വിശുദ്ധ ഫ്രാൻസിസ് അസ്സീസ്സി തങ്ങിയത് അവിടെയായിരുന്നു. നിർഭാഗ്യവശാൽ, ക്രിസ്ത്യാനികൾക്ക് ഡാമിയേറ്റയെ അധികകാലം സംരക്ഷിക്കാൻ സാധിച്ചില്ല,
1221ൽ കുരിശുയുദ്ധക്കാർ പരാജയപ്പെടുകയും ഡാമിയേറ്റ ഉപേക്ഷിക്കാൻ നിർബന്ധിതരാവുകയും ചെയ്തു.
1249-ൽ ഫ്രാൻസിലെ ലൂയി ഒമ്പതാമൻ രാജാവ് ഡാമിയേറ്റയെ പിടിച്ചടക്കാൻ തീരുമാനിച്ചുകൊണ്ട് വിശുദ്ധ ഭൂമിയിലേക്ക് കുരിശുയുദ്ധത്തിനായി പോയി. അവിടെയുള്ള രാജ്യങ്ങളുടെയെല്ലാം നിയന്ത്രണം പിടിച്ചെടുക്കാനുള്ള പ്രധാന താക്കോൽ ഈജിപ്താണെന്ന് അക്കാലത്തെ കുരിശുയുദ്ധക്കാർ വിശ്വസിച്ചിരുന്നു. എന്നാൽ കരയിലെത്തും മുമ്പ് ഒരു കൊടുങ്കാറ്റുണ്ടായി. രാജാവ് ഒരു കണക്കിന് ഡാമിയേറ്റയ്ക്കടുത്തുള്ള തീരപ്രദേശമണഞ്ഞെങ്കിലും, കൂട്ടാളികളിൽ മൂന്നിലൊരു ഭാഗം മാത്രമേ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നുള്ളൂ, ബാക്കി കപ്പലുകൾ പല ദിശകളിലേക്ക് ചിതറിപ്പോയി.
സുൽത്താൻ്റെ സൈന്യം കടൽത്തീരത്ത് അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു. അവരുടെ പടച്ചട്ടയിലെ സ്വർണ്ണനിറം പ്രഭാതസൂര്യപ്രഭയിൽ വെട്ടിത്തിളങ്ങി. അവരുടെ എണ്ണം വളരെ അധികമായിരുന്നതുകൊണ്ട് മുന്നോട്ട് പോകുന്നത് അവിവേകമല്ലേ എന്ന് ഫ്രഞ്ച് പ്രഭുക്കന്മാർ സംശയിച്ചു.
ലൂയി രാജാവ് അവരെ ധീരമായി നയിച്ചു. സൈന്യബലത്തിന്റെ കുറവ് ധൈര്യം നികത്തുകയും പെട്ടെന്ന് തന്നെ ശത്രുവിനെ നിലം പരിശാക്കുകയും ക്കുകയും ചെയ്തു. ചുരുങ്ങിയ സമയത്തിനുള്ളിൽ ഫ്രഞ്ച് രാജകീയ മുദ്ര ഡാമിയേറ്റയിലെ ഏറ്റവും ഉയരമുള്ള ഗോപുരത്തിന് മുകളിൽ കാണാൻ കഴിഞ്ഞു. മോസ്ക്ക് വീണ്ടും പള്ളിയായി മാറി, ബിഷപ്പ് ഗിൽസിനെ അവിടെ നിയമിച്ചു. താൻ നേടിയ വിജയം സുസ്ഥിരമായിരിക്കണമെന്ന ലക്ഷ്യം ലൂയി രാജാവിനുണ്ടായിരുന്നു എന്നുള്ളത് ഡാമിയേറ്റയിലെ കത്തീഡ്രൽ പള്ളിക്ക് വേണ്ടി അദ്ദേഹം കൊടുത്ത സംഭാവന തെളിയിക്കുന്നു.
1259-ൽ ലൂയി രാജാവ് തൻ്റെ സൈന്യത്തെ കെയ്റോയിലേക്ക് വിന്യസിക്കാൻ തുനിഞ്ഞു. പക്ഷേ ഇടക്കു വെച്ച് അവശ്യസാധനങ്ങൾ ലഭിക്കാതെ ആയി. കൂടെയുള്ള ആളുകൾ വിവിധ രോഗങ്ങൾക്ക് കീഴടങ്ങാൻ തുടങ്ങി, അതിനാൽ ഡാമിയേറ്റയിലേക്ക് പിൻവാങ്ങാൻ തീരുമാനിച്ചു. രാജാവ് തുടർന്നും നന്നായി യുദ്ധം ചെയ്തെങ്കിലും പിടിക്കപ്പെട്ടു. തനിക്കും തൻ്റെ ആളുകൾക്കും വേണ്ടിയുള്ള മോചനദ്രവ്യ ഉടമ്പടിയുടെ ഭാഗമായി, ഡാമിയേറ്റയെയും വലിയ സ്വർണ്ണശേഖരത്തെയും ഉപേക്ഷിക്കാൻ ലൂയി ഒമ്പതാമൻ രാജാവ് നിർബന്ധിതനായി.
താൻ സമ്മതിച്ച ഉടമ്പടിയെക്കുറിച്ചുള്ള വാക്ക് പാലിക്കുമെന്ന് ലൂയി രാജാവിനെക്കൊണ്ട് പ്രതിജ്ഞയെടുപ്പിക്കാൻ അറബ് വംശജർ ശ്രമിച്ചു. അദ്ദേഹം തൻ്റെ പ്രതിജ്ഞ ലംഘിച്ചാൽ, ദൈവത്തെയും പരിശുദ്ധ അമ്മയെയും നിഷേധിച്ച്, വിശുദ്ധരുടെ കൂട്ടായ്മയിൽ നിന്ന് സ്വയം പുറത്തായി, ദൈവത്തിൻ്റെ നിയമത്തെ തള്ളിപ്പറയുന്ന, മനുഷ്യരക്ഷയുടെ അടയാളമായ കുരിശിൽ തുപ്പി, ചവിട്ടി നടക്കുന്ന ഒരു ധിക്കാരിയായി, നിന്ദകനായി സ്വയം കണക്കാക്കുമെന്നാണ് അംഗീകരിക്കേണ്ടത്.
വിശുദ്ധ ലൂയി രാജാവ് അത്തരമൊരു പ്രതിജ്ഞയെടുക്കാൻ വിസമ്മതിച്ചു, എത്ര മോശമായ പെരുമാറ്റത്തിനും, പീഡനത്തിനും,വധഭീഷണിക്കും അദ്ദേഹത്തേക്കൊണ്ട് അതുപോലൊരു ദൈവദൂഷണ പ്രതിജ്ഞ എടുപ്പിക്കാൻ കഴിഞ്ഞില്ല. “സർവ്വശക്തൻ്റെ ക്രോധത്തിൻ കീഴിൽ ജീവിക്കുന്നതിനേക്കാൾ ഒരു യഥാർത്ഥ ക്രിസ്ത്യാനിയായി മരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു”, അവരുടെ ഭീഷണികൾക്ക് അദ്ദേഹം ശാന്തമായി ഉത്തരം നൽകി.
ഒടുവിൽ മോചനദ്രവ്യം നൽകപ്പെട്ടു ലൂയി രാജാവ് തൻ്റെ രാജ്ഞിയോടും 6,000 ഓളം ആളുകളോടും ഒപ്പം ഈജിപ്ത് വിടേണ്ടി വന്നു. ലൂയി രാജാവ് മടങ്ങിവരാൻ പദ്ധതിയിടുന്നതായി പിന്നീട് സുൽത്താന് അറിയിപ്പ് കിട്ടിയപ്പോൾ മസ്ജിദ് മാത്രം അവശേഷിപ്പിച്ചുകൊണ്ട് ഡാമിയേറ്റയെ അതിൻ്റെ കോട്ടയോടൊപ്പം നിലംപരിശാക്കി.