നവംബർ 8 – ഔർ ലേഡി ഓഫ് ബെൽ ഫോണ്ടെയ്ൻ, ലാ റൊഷേൽ, ഫ്രാൻസ്.
മഠാധിപതി ഓർസിനി ലളിതമായി എഴുതി: “പ്രാചീന കാലം മുതൽക്കേ ഈ ചിത്രം ആദരിക്കപ്പെടുന്നു”.
ഔർ ലേഡി ഓഫ് ബെൽ ഫോണ്ടെയ്ൻ അല്ലെങ്കിൽ ഔർ ലേഡി ഓഫ് ദി ബ്യൂട്ടിഫുൾ ഫൗണ്ടെയ്ൻ, ഫ്രഞ്ച് ഭാഷയിൽ നോട്രഡാം ഡെ ബെൽ ഫോണ്ടെയ്ൻ എന്നും അറിയപ്പെടുന്നു. 1500-ന് മീതെ മാത്രം ആളുകൾ വസിക്കുന്ന മേഖലയിലാണ് ഔർ ലേഡി ഓഫ് ബെൽ ഫോണ്ടെയ്ൻ സ്ഥിതി ചെയ്യുന്നത്.
പാരമ്പര്യമനുസരിച്ച്, പതിമൂന്നാം നൂറ്റാണ്ടിൽ ബെനഡിക്റ്റൈൻ ആബിക്ക് സമീപം വേട്ടയാടുന്ന സമയത്ത് ഒരാളുടെ കൈക്ക് ഗുരുതരമായി പരിക്കേറ്റു. വലിയതായ ആ മുറിവിൽ നിന്നും നിലക്കാത്ത രക്തപ്രവാഹം ഉണ്ടായപ്പോൾ തൻ്റെ ജീവൻ തന്നെ നഷ്ടപ്പെടുമോ എന്ന് ആ മനുഷ്യൻ ഭയപ്പെട്ടു. കയ്യിലുണ്ടായിരുന്ന പാത്രത്തിൽ, അടുത്ത് കണ്ട കുളത്തിൽ നിന്ന് ശുദ്ധജലം നിറച്ച്, കൈ അതിൽ വെച്ചു കൊണ്ട് പരിശുദ്ധ അമ്മയുടെ മാധ്യസ്ഥത്തിനും ഇടപെടലിനുമായി അയാൾ തീക്ഷ്‌ണമായി പ്രാർത്ഥിച്ചു. അയാളുടെ ഉറച്ച വിശ്വാസത്തിന് പ്രതിഫലമുണ്ടായി, തന്റെ കയ്യിൽ നോക്കിയ അയാൾ, ഒരപകടവും ഉണ്ടായിട്ടേ ഇല്ല എന്ന പോലെ മുറിവ് അടഞ്ഞു പോയതായിട്ടാണ് പിന്നീട് കണ്ടത്.
ചെയ്തു തന്ന ഉപകാരത്തിന് നന്ദിയായും അംഗീകാരമായും ആ വേട്ടക്കാരൻ പിന്നീട്, അത്ഭുത രോഗശാന്തി നടന്ന സ്ഥലത്തിന് സമീപം പരിശുദ്ധ കന്യകയുടെ ഒരു രൂപം സ്ഥാപിക്കാനായി അവിടേക്ക് മടങ്ങിപ്പോയി. അത്ഭുതത്തിൻ്റെ വാർത്ത പരക്കെ അറിയപ്പെട്ടപ്പോൾ, യൂറോപ്പിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർത്ഥാടകരെ ആ രൂപം പെട്ടെന്ന് തന്നെ ആകർഷിച്ചു. അങ്ങനെ, പതിമൂന്നാം നൂറ്റാണ്ട് മുതൽ പരിശുദ്ധ കന്യകയുടെ ആ രൂപം, നോട്രഡാം ഡെ ബെൽ ഫോണ്ടെയ്ൻ എന്ന പേരിൽ വണങ്ങപ്പെട്ടു. കന്യാമറിയത്തിൻ്റെ രൂപത്തിന് ചുറ്റുമായി ഒരു ചെറിയ ചാപ്പലും നിർമ്മിച്ചിട്ടുണ്ട്.
ഫ്രഞ്ച് വിപ്ലവം പൊട്ടിപ്പുറപ്പെടുന്നതിന് തൊട്ടുമുൻപായി, ചാപ്പൽ നിർമ്മിച്ച് അതിൻ്റെ സംരക്ഷണം ആ പ്രദേശത്തുള്ള ഒരു സന്യാസിയെ ഏൽപ്പിച്ചു. പരിശുദ്ധ കന്യകയുടെ രൂപം വിപ്ലവത്തിന്റെ കോലാഹലത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു, ആ സ്ഥലം പിന്നീട് രണ്ട് അയൽരാജ്യങ്ങളുടെ ആഘോഷ കേന്ദ്രമായി. സമീപത്ത് തന്നെ ഉണ്ടായിരുന്ന, പതിനൊന്നാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ സ്ഥാപിതമായ, ബെനഡിക്റ്റൈൻ ആശ്രമം വിപ്ലവകാലത്ത്കൊള്ളയടിക്കപ്പെടുകയും ഭരണകൂടം അത് കണ്ടുകെട്ടുകയും ചെയ്തതിന് ശേഷം, 1791-ൽ വിൽക്കപ്പെട്ടു. 1794-ൽ, ആശ്രമത്തിന്റെ ചില കെട്ടിടങ്ങൾ കത്തിച്ചു കളഞ്ഞു ശേഷിച്ചവ നാശാവശിഷ്ടങ്ങളായി കിടന്നു. ഒരു ട്രാപ്പിസ്റ്റ് സന്യാസിയായ ഊർബൻ ഗില്ലറ്റ്, 1817 ജനുവരി 17-ന് അതിലെ കുറച്ചു സ്ഥലം വാങ്ങി, ആശ്രമം വീണ്ടും അഭിവൃദ്ധി പ്രാപിക്കുന്നതിന്റെ തുടക്കമായി അത്.
വേട്ടക്കാരന് അന്ന് വെള്ളം ലഭിച്ച കുളം ഇപ്പോഴുമുണ്ട്, അതിപ്പോൾ ഒരു ലോഹ ക്കൂടിന് പിന്നിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. സമീപത്തെ ഗ്രോട്ടോയിൽ പരിശുദ്ധ കന്യകാമറിയത്തിൻ്റെ ഒരു പുതിയ രൂപമാണുള്ളത് കാരണം, ഒന്നാം ലോകമഹായുദ്ധസമയത്ത് പരിശുദ്ധ അമ്മയുടെ യഥാർത്ഥ രൂപം അപ്രത്യക്ഷമായി. അത് എവിടെയാണെന്ന് ഇപ്പോൾ ആർക്കുമറിയില്ല.