നവംബർ 10 – ഔർ ലേഡി ഓഫ് ലാസ്റ്റ് ഏഗണി ( മരണവേദനയുടെ മാതാവ് )
പോർച്ചുഗലിലെ വിയാന ഡോ കാസ്റ്റലോയിൽ ഔർ ലേഡി ഓഫ് ഏഗണിക്ക് സമർപ്പിച്ചിരിക്കുന്ന ഒരു ദേവാലയമുണ്ട്. ഇത് കടലിനോട് ചേർന്നാണ് ഉള്ളത്, കൊടുങ്കാറ്റുകളിൽ അകപ്പെടുന്ന പോലുളള വലിയ അപകടത്തിൽ പെട്ടുപോകാറുള്ള ആ നഗരത്തിലെ മുക്കുവർ, കന്യകാമറിയത്തെ ഔർ ലേഡി ഓഫ് ഏഗണി / വേദനയുടെ മാതാവ്, എന്ന പേരിൽ വിളിക്കുന്നു. തീരത്തിനടുത്ത് കടൽ ഇടക്ക് പ്രക്ഷുബ്ധമായിരിക്കും, ചുഴലിക്കാറ്റിൽ പെട്ട് മീൻപിടുത്തക്കാരുടെ കപ്പലുകൾ ‘പെനെഡോ തീഫ്’ (കള്ളൻ പാറ ) എന്ന് വിളിക്കപ്പെടുന്ന പാറക്കെട്ടിന് നേരെ എടുത്തെറിയപ്പെടാറുണ്ടായിരുന്നു.
പൊടുന്നനെ ഒരു കൊടുങ്കാറ്റ് കടലിൽ ആഞ്ഞടിച്ചാൽ, മുക്കുവരുടെ കുടുംബാംഗങ്ങൾ, അവരുടെ ഭർത്താവും മക്കളും സഹോദരന്മാരുമായിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ സുരക്ഷയിലുള്ള വേവലാതിയോടെ കപ്പൽഡോക്കിലേക്ക് വരും. മുട്ടുകുത്തി നിന്ന്, ഹൃദയം തൊടുന്ന വിശ്വാസത്തോടെ അവർ വേദനയുടെ മാതാവിനെ വിളിച്ചപേക്ഷിക്കും, അവരുടെ പ്രിയപ്പെട്ടവർ തങ്ങളുടെ ഉപജീവനമാർഗ്ഗമായ മീൻ പിടിച്ചതുമായി സുരക്ഷിതമായി മടങ്ങിവരണമെന്ന യാചനയോടെ.
ഏകദേശം 1700 മുതൽ, ദേവാലയത്തിലേക്കുള്ള തീർത്ഥാടനങ്ങൾ വർഷം തോറും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അവിടെ ആഘോഷങ്ങൾ കൂടി വരുന്നതുകൊണ്ട്, യൂറോപ്പിലെ പല രാജ്യങ്ങളിൽ നിന്നുമുള്ള തീർത്ഥാടകരും വിനോദസഞ്ചാരികളും അതിനെല്ലാം സാക്ഷ്യം വഹിക്കാനും പങ്കുചേരാനുമായി വിയാന ഡോ കാസ്റ്റെലോയിൽ എത്തുന്നു. വിനോദസഞ്ചാരികളായി മാത്രം വരുന്നവർ പോലും ദൈവാലയത്തിലെ ഭക്തിനിർഭര ചടങ്ങുകളിൽ പങ്കെടുക്കുന്നു, പ്രത്യേകിച്ച് മുക്കുവർ ‘വേദനയുടെ മാതാവിൻ്റെ’ ബഹുമാനാർത്ഥം സംഘടിപ്പിക്കുന്ന ഒരു നാവിക ഘോഷയാത്രയിൽ. കൂടാതെ ധാരാളം ആളുകൾ, നിരവധി പേരുകളിൽ അറിയപ്പെടുന്ന, പക്ഷേ എന്നും ഒരേപോലെ എല്ലാവരെയും സ്നേഹിക്കുന്ന, വാത്സല്യമുള്ള അമ്മയായ കന്യാമറിയത്തോട് പ്രാർത്ഥിക്കാനായി ദൈവാലയം സന്ദർശിക്കുന്നു.
ആദ്ധ്യാത്മിക ജീവിതത്തിൽ നമ്മുടെ പുനരുദ്ധാരണത്തിന് ദൈവം കഴിഞ്ഞാൽ അടുത്തതായി കടപ്പെട്ടിരിക്കുന്ന, കാൽവരിയിൽ അവളുടെ ദിവ്യസുതൻ കുരിശിൽ പിടയുന്ന സമയത്ത് നമുക്ക് പുതുജീവൻ തന്ന ‘മരണവേദനയുടെ മാതാവിന്’, ആ സ്ഥാനപ്പേരിന് പൂർണ്ണമായും അർഹതയുണ്ട്. മരണവിനാഴികയുടെ നിർണ്ണായക നേരത്താണ് നമ്മുടെ ആത്മരക്ഷയുടെ വേല അതിന്റെ പാരമ്യത്തിലെത്തുന്നത് എന്നുള്ളതുകൊണ്ട് മനുഷ്യവർഗ്ഗത്തിന്റെ സഹരക്ഷകയായ അവളുടെ ആ സ്ഥാനപ്പേര് യോജിച്ചതാണ്. കൂടാതെ, രക്തസാക്ഷികളുടെ രാജ്ഞിയായ അവളുടെ യോഗ്യതകളിലൂടെയും മാധ്യസ്ഥത്തിലൂടെയും നല്ല മരണത്തിനുള്ള കൃപയ്ക്കായി ദൈവത്തോട് അപേക്ഷിക്കാൻ സഭ നമ്മെ ക്ഷണിക്കുന്നു.
അതിനാൽ, അവന്റെ അമ്മയുടെ സഹായം വഴി, നമ്മുടെ മരണനേരത്ത് വിജയത്തിൻ്റെ കൈതാങ്ങ് നമുക്ക് പ്രാപ്തമാക്കി തന്ന ദൈവത്തിന് എത്ര ഹൃദയപൂർവ്വം നന്ദി പറയണം!
വിശ്വസ്തതയോടെ അവളെ വിളിച്ചപേക്ഷിക്കുന്നവർക്ക് നല്ല മരണത്തിനുള്ള കൃപയും നിത്യരക്ഷയുടെ ഉറപ്പും സംലഭ്യമാക്കുക എന്ന സവിശേഷ അവകാശം മറിയത്തിന് എവിടെ നിന്ന് ലഭിച്ചു. ദൈവമാതാവിനോടുള്ള ഭക്തി വിശ്വസ്തതയോടെ കാത്തുസൂക്ഷിച്ചവർക്ക്, മരണനേരത്ത് അവളുടെ സഹായം ലഭിക്കുമെന്നുള്ളത് നിസ്സംശയം പറയാൻ സാധിക്കും. തങ്ങളുടെ ജീവിതകാലത്ത് അവളെ വിശ്വസ്തതയോടെ വിളിച്ചവരെ അവരുടെ ഏറ്റം നിർണ്ണായകനിമിഷത്തിൽ മറിയത്തിന് ഉപേക്ഷിക്കാൻ കഴിയുമോ?
തന്റെ വിശ്വസ്തദാസർ ഈലോകജീവിതത്തിൽ നിന്ന് നിത്യതയിലേക്ക് കടക്കുന്ന നിമിഷങ്ങളിൽ അവരെ സഹായിക്കാനുള്ള പ്രാപ്തി അവളുടെ മരണത്താൽ തന്നെ അവൾ നേടിയെടുത്തിട്ടുണ്ട്. അവളുടെ ദിവ്യസുതന്റെ മരണവേദനയിലും കുരിശിലെ മരണത്തിലും കൂടെതന്നെ ആയിരുന്നുകൊണ്ട്, നമ്മുടെ മരണവേദനയിലും മരണവിനാഴികയിലും നമ്മെ സഹായിക്കാനുള്ള ദൗത്യം അവനിൽ നിന്ന് അവൾ സ്വീകരിച്ചു.
യേശു നമ്മെ രക്ഷിക്കാനായി, ഒരു കുഞ്ഞു ശിശുവിന്റെ രൂപത്തിൽ, ബലഹീനനായ മനുഷ്യനായി, പിള്ളക്കച്ചകളിൽ പൊതിയപ്പെട്ട് വന്നപ്പോൾ, നമുക്കവനെ ലഭിച്ചത് മറിയത്തിലൂടെയാണ്. അന്ത്യദിനത്തിൽ ഇതേ യേശു, പിതാവിന്റെ മഹത്വത്തിൽ ആവൃതനായി വരുമ്പോൾ അവനെ മുഖാമുഖം കാണാമെന്ന് നമ്മൾ പ്രതീക്ഷിക്കുന്നതും ഇതേ മറിയം വഴിയാണ്. നമുക്ക് നിത്യമായ സന്തോഷത്തിൻ്റെ ഉറവിടമായ പിതാവിൻ്റെ മഹത്വത്താൽ ചുറ്റപ്പെട്ട ഈ യേശുവിനെ മുഖാമുഖം കാണാൻ ഞങ്ങൾ പ്രതീക്ഷിക്കുന്നത്: ‘ഞങ്ങളുടെ ഈ പ്രവാസത്തിന് ശേഷം, അങ്ങയുടെ ഉദരത്തിന്റെ അനുഗ്രഹീതഫലമായ ഈശോയെ ഞങ്ങൾക്ക് കാണിച്ചുതരേണമേ’.
മറിയത്തിൻ്റെ ഒരു യഥാർത്ഥ ദാസന് /ദാസിക്ക് നശിക്കാൻ കഴിയില്ല, കാരണം ഈ ദൈവമാതാവിനോടുള്ള ഭക്തി, നമ്മെ നല്ലവരായി നിലനിർത്തുന്നതിൽ, സ്വർഗ്ഗം നമ്മുടേതായിരിക്കുമെന്നതിൽ ഒരുറപ്പ് നൽകുന്നു. മരണം ജീവിതത്തിൻ്റെ കിരീടമാണ്: ഒരു നല്ല ജീവിതം നിത്യനഷ്ടത്തിൽ അവസാനിക്കില്ല. ‘മരണവേദനയുടെ മാതാവ്’, മറിയത്തിൻ്റെ സഹായത്തിന് യോഗ്യരാണെന്ന് നാം തെളിയിക്കുകയാണെങ്കിൽ, വിശുദ്ധമായ മരണത്തിൻ്റെ പ്രത്യേക കൃപ നമുക്കായി സംഭരിക്കാൻ അവൾ ബാധ്യസ്ഥയാണ്.
വേദനയുടെ മാതാവിനോടുള്ള പ്രാർത്ഥന
ഓ മറിയമേ, രക്തസാക്ഷികളുടെ രാജ്ഞി, വേദനയുടെ മാതാവേ, അങ്ങയുടെ ദിവ്യസുതനായ യേശുവിൻ്റെ കുരിശിന് കീഴിൽ നിന്നുകൊണ്ട്, “സ്ത്രീയേ, ഇതാ നിൻ്റെ മകൻ”, “ഇതാ നിന്റെ അമ്മ” എന്ന അവൻ്റെ വാക്കുകൾ കേട്ട അങ്ങ്, ഞങ്ങളുടെ അമ്മയായല്ലോ. ഞങ്ങളുടെ പ്രാർത്ഥനയെ ദയയോടെ കേൾക്കണമേ. .
വേദനയുടെ മാതാവേ, അവന്റെ ശിഷ്യൻ അങ്ങയെ സ്വഭവനത്തിൽ സ്വീകരിച്ചതുപോലെ, ഞങ്ങളുടെ ജീവിതം – കഴിഞ്ഞതും ഇപ്പോഴുള്ളതും വരാനിരിക്കുന്നതും – മുഴുവൻ നിനക്ക് നൽകിക്കൊണ്ട്, ഞങ്ങളുടെ ഹൃദയത്തിന്റെയും വീടിന്റെയും വാതിൽ തുറന്നു നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നിന്റെ തിരുസുതന്റെ പീഡാനുഭവത്തിലേക്കും കുരിശുമരണത്തിലേക്കുമാണ് നയിക്കുക എന്നറിഞ്ഞിട്ടും മാലാഖക്ക് നീ സമ്മതം നൽകിയതുപോലെ, നിന്നെ അനുകരിച്ചുകൊണ്ട് എല്ലായ്‌പ്പോഴും ദൈവഹിതം നിറവേറ്റി ജീവിക്കാൻ ഞങ്ങളെ പഠിപ്പിക്കണമേ.
അമ്മേ വരൂ, നന്മയുടെയും സത്യത്തിൻ്റെയും സ്നേഹത്തിൻ്റെയും പാതയിൽ നിന്ന് വഴിതെറ്റാനിടയാകാതെ, ഞങ്ങളുടെ ഉത്കണ്ഠകളിൽ നിന്ന് ഞങ്ങളെ രക്ഷിക്കൂ. ഞങ്ങളുടെ ജീവിതത്തെ, യേശുവാകുന്ന രക്ഷയുടെ സുരക്ഷിത സങ്കേതത്തിലേക്ക് നയിക്കണമേ. നിന്റെ വേദനകളോട് ഞങ്ങളുടെ അപേക്ഷകൾ ചേർക്കാൻ ഞങ്ങൾ ധൈര്യപ്പെടുന്നു, ഈ ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ (പ്രാർത്ഥനാനിയോഗം പറയുക) നിന്റെ മാതൃ സംരക്ഷണം ഞങ്ങൾ തേടുന്നു. ഞങ്ങളുടെ അപേക്ഷകളിൽ നീ നിരാശയാവില്ല എന്ന ആത്മവിശ്വാസത്തോടെ, ആമേൻ.
നോസ്സ സെനോറ ഡാ അഗോണിയാ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.