കൗമാരത്തിലെത്തിക്കഴിഞ്ഞാല്‍ പിന്നെ മക്കളെ പിടിച്ചാല്‍ കിട്ടാത്ത അവസ്ഥയാണ്. മക്കള്‍ പറയുന്നതു മാതാപിതാക്കള്‍ക്കും മാതാപിതാക്കള്‍ പറയുന്നതു മക്കള്‍ക്കും ഇഷ്ടമാകാറില്ല. ഇത്തരമൊരു സാഹചര്യത്തില്‍ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുന്ന അനേകം മാതാപിതാക്കളെ കാണാനിടയായിട്ടുണ്ട്. ഈ അവസ്ഥയെ നേരിടാന്‍ നമുക്കെന്താണ് ചെയ്യാന്‍ കഴിയുന്നത്? പേരന്റിംങ് സ്വന്തം ബുദ്ധിയിലും കഴിവിലും ആശ്രയിച്ചു മാത്രം വിജയിക്കാന്‍ കഴിയുന്ന ഒന്നല്ല എന്ന് മനസ്സിലാക്കുകയാണ് ആദ്യംവേണ്ടത്. ദൈവികശക്തിയില്‍ ആശ്രയിച്ചു മുന്നോട്ടുപോവുക. ദൈവത്തില്‍ ശരണപ്പെട്ട് പേരന്റിംങ് നിര്‍വഹിക്കാന്‍ തയ്യാറാവുക.
നിങ്ങളില്‍ ജ്ഞാനം കുറവുളളവന്‍ ദൈവത്തോടു ചോദിക്കട്ടെ. അവന് അതുലഭിക്കും. കുറ്റപ്പെടുത്താതെ എല്ലാവര്‍ക്കും ഉദാരമായി നല്കുന്നവനാണ് അവിടുന്ന്.( യാക്കോ 1:5) എന്നാണല്ലോ തിരുവചനം പറയുന്നത്. നമ്മുടെ പേരന്റിംങിന്റെ കുറവുകളെ പരിഹരിച്ചുതരാന്‍ ദൈവത്തിന് ശക്തിയും മനസ്സുമുണ്ട്.
മക്കള്‍ പൊട്ടിത്തെറിക്കുമ്പോള്‍ അതനുസരിച്ചുതിരികെ പ്രതികരിക്കുന്നവരാണ് കൂടുതല്‍ മാതാപിതാക്കളും. മക്കള്‍ തങ്ങള്‍ക്കു നേരെ സ്വരമുയര്‍ത്തുന്നതോ ദേഷ്യപ്പെടുന്നതോ സഹിഷ്ണുതയോടെ സ്വീകരിക്കാന്‍ പല മാതാപിതാക്കള്‍ക്കും കഴിയാറില്ല.അത്തരക്കാരോട് വചനം ഇപ്രകാരം പറയുന്നു
പൂര്‍ണ്ണമായ വിനയത്തോടും ശാന്തതയോടും ദീര്‍ഘക്ഷമയോടും കൂടെ നിങ്ങള്‍ സ്‌നേഹപൂര്‍വ്വം അന്യോന്യം സഹിഷ്ണുതയോടെ വര്‍ത്തിക്കുവിന്‍( എഫേ. 4:2)
മക്കളുടെ ദേഷ്യപ്പെടലിന് പലപ്പോഴും കാരണക്കാര്‍ മാതാപിതാക്കള്‍ തന്നെയായിരിക്കും. മാത്രവുമല്ല അവരെ കുറ്റപ്പെടുത്തുന്നതില്‍ മാതാപിതാക്കള്‍ വലിയ ഉത്സാഹമുള്ളവരായും കണ്ടിട്ടുണ്ട്. ഇതുരണ്ടും പ്രതികൂലമായിട്ടേ പ്രവര്‍ത്തിക്കുകയുള്ളൂ. അവരോടാണ് വചനം ഇപ്രകാരം പറയുന്നത്.
പിതാക്കന്മാരേ നിങ്ങളുടെ കുട്ടികളെ പ്രകോപിപ്പിക്കരുത്. പ്രകോപിപ്പിച്ചാല്‍ അവര്‍ നിരുന്മേഷരാകും.( കൊളോ 3:21) അതുകൊണ്ട് മക്കളെ പ്രകോപിപ്പിക്കാതിരിക്കുക.
ഒന്നിനെക്കുറിച്ചും ആകുലരാകേണ്ട. പ്രാര്‍ത്ഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞതാസ്‌തോത്രങ്ങളോടെ നിങ്ങളുടെ യാചനകള്‍ ദൈവസന്നിധിയില്‍ അര്‍പ്പിക്കുവിന്‍( ഫില 4:6-7) എന്ന വചനവും മറക്കാതിരിക്കുക.