നവംബർ 20 -ഔർ ലേഡി ഓഫ് ലാ ഗാർഡ്, ബൊളോണ്യ, ഇറ്റലി (433)
ആശ്രമാധിപതി ഓർസിനി എഴുതി: “ഈ ചിത്രം കോൺസ്റ്റാൻ്റിനോപ്പിളിലെ സാന്താ സോഫിയ പള്ളിയിൽ ഉണ്ടായിരുന്നത് ഇങ്ങനൊരു ലിഖിതത്തോടുകൂടിയാണ്: ‘വിശുദ്ധ ലൂക്ക വരച്ച ഈ ചിത്രം ലാ ഗാർഡ് മലയിലേക്ക് കൊണ്ടുപോകുകയും പള്ളിയുടെ അൾത്താരയ്ക്ക് മുകളിൽ സ്ഥാപിക്കുകയും വേണം’. 433-ൽ ഒരു ഗ്രീക്ക് സന്യാസി ഇറ്റലിയിലേക്ക് പുറപ്പെട്ടു, അദ്ദേഹത്തെ ഏൽപ്പിച്ചിരുന്ന ചിlത്രം ലാ ഗാർഡ് മലയിൽ പ്രതിഷ്ഠിച്ചു”.
ആശ്രമാധിപതി മുകളിൽ സൂചിപ്പിച്ച വിവരണം ഗ്രാസിയോളോ അക്കരീസിയുടെ വിവരണത്തിലും പറയുന്നുണ്ട്, കോൺസ്റ്റാൻ്റിനോപ്പിളിലേക്ക് തീർത്ഥാടനത്തിന് പോയ ഒരു ഗ്രീക്ക് സന്യാസിക്ക് സാന്താ സോഫിയ പള്ളിയിലെ പുരോഹിതന്മാരിൽ നിന്ന് ഔർ ലേഡി ഓഫ് ലാ ഗാർഡിൻ്റെ ചിത്രം ലഭിച്ചു എന്ന്. ഈ ചിത്രം സുവിശേഷകനായ വിശുദ്ധ ലൂക്കയുടേതാണെന്നാണ് പറയപ്പെട്ടിരുന്നത്, മാത്രമല്ല അതിൽ ഒരു കാര്യം എഴുതി വെച്ചിരുന്നു, അത് ഒരു ദിവസം ‘ലാ ഗാർഡ് മലയിലേക്ക് ‘ കൊണ്ടുപോകണമെന്ന്.
സന്യാസി ചിത്രം എടുത്ത് അത് സ്ഥാപിക്കാനുള്ള സ്ഥലം തേടി ബൊളോണ്യയ്ക്ക് സമീപമുള്ള എമിലിയ നഗരത്തിൽ എത്തുന്നതുവരെ ഇറ്റലിയിൽ ഉടനീളം നടന്നു. അവിടെ എത്തിയപ്പോൾ നഗരത്തിലെ അധികാരികൾ അദ്ദേഹത്തെ അഭിവാദ്യം ചെയ്യുകയും ചിത്രം മലയിലേക്ക് പ്രദക്ഷിണമായി കൊണ്ടു പോവുകയും ചെയ്തു. ചിത്രം ഒടുവിൽ അതിൻ്റെ ശരിയായ ഭവനം കണ്ടെത്തി. ഇപ്പോൾ അത് സാൻ ലൂക്ക മഡോണ എന്നാണ് അറിയപ്പെടുന്നത്.
ചിത്രം വഴിയായി നടന്നെന്ന് പറയപ്പെടുന്ന നിരവധി അത്ഭുതങ്ങളിൽ, 1433 ജൂലൈ 5-ന് സംഭവിച്ച ‘മഴയുടെ അത്ഭുതം’ എടുത്തു പറയേണ്ടതാണ്. വിളകളെല്ലാം നശിച്ചു പോകുമെന്ന് തോന്നുമാറ് വളരെ ശക്തമായി ഒരു വസന്തമഴ പെയ്ത സമയം. വലിയ ക്ഷാമത്തിൻ്റെ സാധ്യത തിരിച്ചറിഞ്ഞ ജനങ്ങൾ സഹായത്തിനായി പരിശുദ്ധ കന്യകയുടെ അടുത്തേക്ക് തിരിഞ്ഞു. അത്ഭുതചിത്രവും വഹിച്ചുകൊണ്ടുള്ള അവരുടെ ഘോഷയാത്ര നഗരത്തിലെത്തിയതോടെ കൊടുങ്കാറ്റും മഴയും പെട്ടെന്ന് നിലച്ചു. അന്നുമുതൽ ആ ഘോഷയാത്രകൾ വർഷം തോറും ആവർത്തിക്കുന്നു. അവിശ്വസനീയമാം വിധം വളഞ്ഞ, നാല് കിലോമീറ്ററോളം നീളം വരുന്ന ഒരു നടപ്പാത പോലുമുണ്ട്, അത് ഘോഷയാത്രയിൽ വെച്ച് ചിത്രത്തെ, പൊടിപടലങ്ങളിൽ നിന്നും മറ്റ് കാര്യങ്ങളിൽ നിന്നും സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ളതാണ്.
പരിശുദ്ധ കന്യകാമറിയം, അനുഗ്രഹിക്കുന്ന ഉണ്ണീശോയെ കയ്യിൽ പിടിച്ചിരിക്കുന്നതായിട്ടാണ് ചിത്രത്തിൽ കാണിക്കുന്നത്. അവൾ നീലയും പച്ചയും നിറമുള്ള മേലങ്കിയും ചുവന്ന കുപ്പായവും ധരിച്ചിരിക്കുന്നു,. മൂക്കും കണ്ണുകളും വിരലുകളും അൽപ്പം നീളമുള്ളതായി കാണപ്പെടുന്നു. ദിവ്യശിശു അമ്മയുടെ അതേ നിറത്തിലുള്ള ഒരു കുപ്പായം ധരിച്ചിരിക്കുന്നു. വലതുകൈകൊണ്ട് അനുഗ്രഹം നൽകുന്നതായും ഇടതുകൈ അടച്ചു പിടിച്ചിരിക്കുന്നതായും കാണപ്പെടുന്നു. 1625-ൽ ചിത്രം ഒരു വെള്ളി പാളി കൊണ്ട് പൊതിഞ്ഞിരുന്നു, അത് മാതാവിന്റെയും സുതന്റെയും മുഖം മാത്രം മറച്ചിട്ടുണ്ടായില്ല.
1603-ൽ ആർച്ച് ബിഷപ്പ് അൽഫോൻസോ പാലേയോറ്റി ചിത്രത്തെ കിരീടമണിയിച്ചു. ചിത്രം സൂക്ഷിച്ചിരിക്കുന്ന വിശുദ്ധ ലൂക്കായുടെ മന്ദിരം,1874-ൽ ദേശീയ സ്മാരകമായി പ്രഖ്യാപിക്കപ്പെട്ടു.1907-ൽ വിശുദ്ധ പത്താം പീയൂസ് പാപ്പയാണ് പള്ളിയെ മൈനർ ബസിലിക്കയായി ഉയർത്തിയത്.