എന്റെ പ്രിയപ്പെട്ട അച്ചന്മാർക്ക്, സന്യസ്തർക്ക്, വിശ്വാസ സമൂഹത്തിന്,
ഒത്തിരി നന്ദിയോടെയാണ് ഞാൻ ഈ കത്ത് എഴുതുന്നത്. 2002 ൽ അതിരൂപതയുടെ സഹായ മെത്രാനായി വന്നപ്പോൾ രണ്ടു കൈയും നീട്ടി നിങ്ങൾ എന്നെ സ്വീകരിച്ചു. നിങ്ങളിൽ പലരും എന്നെ നേരിട്ട് കണ്ടിട്ടു പോലുമുണ്ടായിരുന്നില്ല.
നിങ്ങളുടെ ദേവാലയങ്ങളിലേക്കും, സന്യാസഭവനങ്ങളിലേക്കും, വീടുകളിലേക്കും, ഹൃദയങ്ങളിലേക്കും നിങ്ങൾ എനിക്ക് സ്വാഗതമരുളി. നമ്മൾ ഒരുമിച്ച് ബലിയർപ്പിച്ചു. ഒരുമിച്ച് പ്രാർത്ഥിച്ചു. സങ്കടങ്ങളിൽ ആശ്വാസത്തിന്റെ വാക്കുകളേകി; സന്തോഷങ്ങളിൽ ഒരുമിച്ച് പങ്കുകൊണ്ടു; ഒരുമിച്ച് ഈശോക്ക് ശുശ്രൂഷ ചെയ്തു.
ഞാൻ ഒരു പുതിയ സ്ഥലത്തേക്ക് യാത്രയാകുന്നു. മൂന്നു മാസം കഴിഞ്ഞിട്ട് പോയി ഉത്തരവാദിത്വം ഏറ്റെടുക്കുക എന്നതായിരുന്നു നേരത്തെ ഉണ്ടായിരുന്ന പദ്ധതി. എന്നാൽ കരിയിൽ പിതാവുമായി സംസാരിച്ചപ്പോൾ, പിതാവ് അവിടെ ഏറ്റെടുത്ത അനവധി പരിപാടികൾ ഉണ്ട്. ചിലത് നൈയാമികമായി ചെയ്യേണ്ടതും ഉണ്ട്. അതുകൊണ്ട് അടുത്ത മാസം, 2019 ഒക്ടോബർ, 8-ാം തീയതി ഞാൻ മാണ്ഡ്യ രൂപതയുടെ ഉത്തരവാദിത്വമേൽക്കും.
അഭിവന്ദ്യ ആലഞ്ചേരി പിതാവും, ഞരളക്കാട്ട് പിതാവും, കരിയിൽ പിതാവും ചേർന്ന് ആ ഉത്തരവാദിത്വം എന്നെ ഏല്പിക്കും. അതിനുശേഷം ഇടദിവസങ്ങളിൽ ഇവിടെ വന്ന് കരിയിൽ പിതാവ് ആവശ്യപ്പെടുന്നതുപോലെ സഹായിക്കും. 7-ാം തീയതി കരിയിൽ പിതാവിന്റെ സ്ഥാനാരോഹണ ചടങ്ങിന് നിങ്ങൾ വരുമ്പോൾ, ഒരു വാക്ക് നന്ദി പറയുവാൻ എനിക്ക് അവസരമുണ്ടാകും.
നവംബർ 30-ാം തീയതിയേ ഞാൻ പൂർണ്ണമായി ഇവിടെനിന്ന് പോകുകയുള്ളൂ. മാണ്ഡ്യയിൽ 10 വർഷത്തിനുള്ളിൽ നടക്കുന്ന മൂന്നാമത്തെ കർമ്മമാണിത്. ഞരളക്കാട്ട് പിതാവിന്റെ…… കരിയിൽ പിതാവിന്റെ …….. അതുകൊണ്ട് വളരെ ലളിതമായ രീതിയിൽ ആണ് ഈ കർമ്മം പ്ലാൻ ചെയ്തിരിക്കുന്നത്.
എന്നോടുള്ള സ്നേഹത്തിന്റെ സൂചനയായി, ഞാൻ വിലമതിക്കുന്ന ചില മൂല്യങ്ങളുടെ പ്രകാശനമായി, നിങ്ങൾ ആരും വരണ്ടാ എന്നാണ് എന്റെ ആഗ്രഹം. നിങ്ങളുടെ പ്രാർത്ഥനയാണ് എനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ സമ്മാനം. നിങ്ങളുടെ അനുഗ്രഹമാണ് എനിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ മുതൽക്കൂട്ട്.
വൈദികർ സ്ഥലം മാറുമ്പോൾ സമ്മാനം നൽകരുതെന്ന് കഴിഞ്ഞ 17 വർഷം ഞാൻ നിഷ്കർഷിക്കുകയുണ്ടായി. എനിക്കും ഒരു സമ്മാനവും തരരുതേ. നിങ്ങളെന്നെ സ്നേഹംകൊണ്ട് ശക്തിപ്പെടുത്തിയിട്ടുണ്ട്. വാത്സല്യം കൊണ്ട് കരുതലേകിയിട്ടുണ്ട്. ത്യാഗം കൊണ്ട് ഐക്യദാർഡ്യം അറിയിച്ചിട്ടുണ്ട്. നല്കിയതിനേക്കാൾ ഇരട്ടി സ്വീകരിച്ചാണ് ഞാൻ മടങ്ങുന്നത്.
വീണ്ടും പല സ്ഥലങ്ങളിൽ വച്ച് നമ്മൾ കണ്ടു മുട്ടും. നമ്മുടെ സ്നേഹത്തിൽ ഊഷ്മളത പകർന്ന്, നമുക്ക് ക്രിസ്തുവിന്റെ ശിഷ്യരായി മാറാം. ഒരു ചെറിയ ഉപദേശം മാത്രമേ നൽകുവാനുള്ളു. അത് എന്റെ ഉപദേശമല്ല അപ്പസ്തോലന്മാരുടെ നടപടി പുസ്തകത്തിൽ നിന്നാണ്. “പാവങ്ങളെ മറന്നു പോകരുത്”. അവരാണ് നമുക്ക് രക്ഷ കരഗതമാക്കി തരുന്നത്.
കരിയിൽ പിതാവിന്റെ കരങ്ങൾക്ക് ശക്തിയേകണം. വൈദികർ അതിരൂപതയുടെ ഏറ്റവും വലിയ സമ്പത്താണ്; അവരുടെ മുറിവുകൾ ഉണക്കപ്പെടണം. സന്യസ്തർ ഈ അതിരൂപതയുടെ പരിമളമാണ്; അവരെ ചേർത്ത് നിർത്തി പ്രേഷിത പ്രവർത്തനം ശക്തിപ്പെടുത്തണം. വിശ്വാസ സമൂഹം ഈ അതിരൂപതയുടെ ശ്വാസകോശമാണ്; അവരെ ഉൾക്കൊണ്ടു വേണം ഈ അതിരൂപത മുന്നോട്ടു കുതിക്കുവാൻ.
അധികാര സ്ഥാനം കൈയാളുമ്പോൾ ചിലപ്പോഴൊക്കെ വൈദികരെയും സന്യസ്ഥരെയും വിശ്വാസ സമൂഹത്തെയും വേദനിപ്പിക്കേണ്ടതായി വന്നിട്ടുണ്ട്; മാപ്പു ചോദിക്കുന്നു. വാഗ്ദാനങ്ങൾ പൂർത്തീകരിച്ച് തരുവാൻ സാധിക്കാത്ത അവസ്ഥകൾ ഉണ്ടായിട്ടുണ്ട്; പൊറുക്കണം.
ഈ ജീവിതം ദൈവത്തിന്റെ ദാനം. പൗരോഹിത്യം അവിടുന്ന് ഏല്പിച്ച നിയോഗം. മെത്രാൻപട്ടം ദൈവം നൽകിയ ഉത്തരവാദിത്വം. നന്ദി മാത്രമെ ഉള്ളൂ. ദൈവത്തോടും, നിങ്ങളോടും, ലോകത്തോടും.
വീണ്ടും കണ്ടുമുട്ടുന്നതുവരെ ദൈവത്തിന്റെ സമാധാനം നമ്മെ കാത്ത് പരിപാലിക്കട്ടെ.
ഈശോയിൽ സസ്നേഹം,
+ സെബാസ്റ്റ്യൻ പിതാവ്