Friday, December 6, 2024
spot_img
More

    നവംബർ 21 – പരിശുദ്ധ കന്യകാമറിയത്തെ ദേവാലയത്തിൽ സമർപ്പിക്കുന്നു

    നവംബർ 21 – പരിശുദ്ധ കന്യകാമറിയത്തെ ദേവാലയത്തിൽ സമർപ്പിക്കുന്നു (ബി സി 12 )

    715-ൽ കോൺസ്റ്റാൻ്റിനോപ്പിളിൻ്റെ പാത്രിയർക്കീസ് ആയിരുന്ന  വിശുദ്ധ ജർമാനൂസ്, പരിശുദ്ധ അമ്മയുടെ ദേവാലയസമർപ്പണത്തെപറ്റി  പ്രസംഗങ്ങൾ പറഞ്ഞതിൽ പിന്നെയാണ്‌  തൊള്ളായിരത്തിലധികം വർഷങ്ങൾക്ക് മുമ്പ് ഗ്രീക്ക് സഭയിൽ സമർപ്പണ തിരുനാൾ കൊണ്ടാടാൻ ആരംഭിച്ചത്. 

    ദേവാലയത്തിലെ മറിയത്തിന്റെ കാഴ്ചവെപ്പ്, ദൈവത്തോട് ഒരു സൃഷ്ടി ഇതുവരെ നടത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ സമർപ്പണം ആയിരുന്നു. മൂന്ന് വയസുള്ളപ്പോൾ, അവൾ അവിടത്തേക്ക് സമർപ്പിച്ചത് സുഗന്ധദ്രവ്യങ്ങളോ, മൃഗങ്ങളോ,  വിലയേറിയ ലോഹങ്ങളോ ആയിരുന്നില്ല, മറിച്ച് തന്നെത്തന്നെയാണ് അവിടത്തോടുള്ള ആദരസൂചകമായി, ഒരു നിത്യ ദാസിയായി അവൾ സമർപ്പിച്ചത്. അവിടത്തെ സ്നേഹത്തിലേക്ക് പൂർണ്ണമായും തന്നെത്തന്നെ സമർപ്പിക്കാൻ വിളിക്കുന്ന ദൈവത്തിൻ്റെ ശബ്ദം അവൾ നന്നായി മനസ്സിലാക്കി.

    ആ സമയം മുതൽ അവൾ മറ്റെല്ലാം മറന്ന് ദൈവത്തെ മാത്രം സ്നേഹിക്കുന്നതിനെയും പ്രസാദിപ്പിക്കുന്നതിനെയും പറ്റി ചിന്തിക്കണമെന്ന് അവിടുന്ന് ആഗ്രഹിച്ചു. ഒട്ടും കാലതാമസം വരുത്താതെ, ഉടനടി അവൾ ദൈവഹിതം അനുസരിക്കുകയും ചെയ്തു. 

    മറിയത്തിന്റെ കാഴ്ച്ചവെയ്പ്പ്, സമർപ്പണം, ശരിക്കും ആരംഭിച്ചത് അവൾ അമ്മയുടെ ഗർഭപാത്രത്തിൽ ആയിരുന്നപ്പോഴായിരുന്നു, അവളുടെ അമലോത്ഭവം നടന്ന ക്ഷണം അവളുടെ വിശുദ്ധീകരണം ആരംഭിച്ചു. 

    ആ നിമിഷത്തിൽ തന്നെ അവൾക്ക് യുക്തി ഉപയോഗിക്കാനും പുണ്യയോഗ്യതകൾ നേടാനുള്ള കഴിവും ലഭിച്ചു- അങ്ങനെയാണ് ദൈവശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്. (മാലാഖമാർക്കും ആദിമാതാപിതാക്കൾക്കും ആ അനുഗ്രഹമുണ്ടായിരുന്നു) അവളുടെ അസ്തിത്വത്തിൻ്റെ ആദ്യ നിമിഷത്തിൽ തന്നെ അവൾ സ്വയം പൂർണ്ണമായും ദൈവത്തിന് സമർപ്പിക്കുകയും അവൻ്റെ സ്നേഹത്തിനും മഹത്വത്തിനുമായി ഒട്ടും ബാക്കിവെക്കാതെ അവളെതന്നെ കാഴ്ചവെക്കുകയും ചെയ്തു, അതിന് പുറമേ അവളുടെ ഇച്ഛയേയും.  

    തൻ്റെ പുണ്യപ്പെട്ട മാതാപിതാക്കളായ ജോവാക്കിമും അന്നയും, തങ്ങളുടെ മകളെ ദൈവദാസിയായി അവിടത്തേക്ക് സമർപ്പിക്കുമെന്ന് ഒരു നേർച്ചയിലൂടെ ദൈവത്തോട് വാഗ്ദാനം ചെയ്തതായി ആ അമലോത്ഭവ പൈതൽ മനസ്സിലാക്കി. വിദ്യാഭ്യാസത്തിനായി പെൺമക്കളെ ദൈവാലയത്തിൽ ഏൽപ്പിക്കുന്നത് പുരാതന യഹൂദരുടെ ആചാരമായിരുന്നു.

    അങ്ങനെ മറിയത്തിന് മൂന്ന് വയസ്സുള്ളപ്പോൾ, ജോവാക്കിമും അന്നയും അവളോടൊപ്പം ജറുസലേമിലേക്ക്, എൺപത് മൈൽ അകലെയുള്ള നസ്രത്തിൽ നിന്ന് അദൃശ്യരായ മാലാഖമാരുടെ ഗായകസംഘങ്ങളുടെ അകമ്പടിയോടെ പുറപ്പെട്ടു.

    അവർ ദൈവാലയത്തിലെത്തിയപ്പോൾ അന്ന, തൻ്റെ മകളും സ്വാമിനിയും ആയവളുടെ കൈപിടിച്ചു, ജോവാക്കിം അവരെ അനുഗമിച്ചു. മൂവരും ചേർന്ന് സർവ്വശക്തദൈവത്തോട്  തീക്ഷ്ണമായി പ്രാർത്ഥിച്ചു ; അഗാധമായ വിനയത്തോടും ഭയഭക്തിയോടും ആരാധനയോടും കൂടെ, ഏറ്റം പരിശുദ്ധയായ ആ കുഞ്ഞിനെ ആ മാതാപിതാക്കൾ ദൈവസമക്ഷം സമർപ്പിച്ചു, അവൾ തന്നെത്തന്നെയും. അത്യുന്നതൻ തന്നെ സ്വീകരിക്കുകയും ഏറ്റെടുക്കുകയും ചെയ്തെന്ന് പറഞ്ഞ സ്വരം അവൾ മാത്രം കേട്ടു, ആലയത്തിൽ നിറഞ്ഞ ദിവ്യതേജസ്സിനിടയിൽ കൂടി അവൾ ഇത് കേട്ടു: “വരൂ എൻ്റെ പ്രിയപ്പെട്ടവളേ, എൻ്റെ മണവാട്ടിയേ, എൻ്റെ ആലയത്തിലേയ്ക്ക്  വരൂ, ഇവിടെ നിന്റെ സ്തുതിയുടെയും ആരാധനയുടെയും ശബ്ദം കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നു”. 

    മറിയം മുട്ടിൽ വീണു, പ്രിയപ്പെട്ട മാതാപിതാക്കളുടെ കൈകളിൽ ചുംബിച്ച്, അവരുടെ അനുഗ്രഹം വാങ്ങി. തുടർന്ന് അവൾ ദൈവാലയത്തിന്റെ  പതിനഞ്ച് പടികൾ കയറി, തൻ്റെ സ്രഷ്ടാവിനെ സേവിക്കുന്നതിനായി,  പുരോഹിതനായ സക്കറിയയുടെ മുമ്പാകെ സ്വയം സമർപ്പിച്ചു.

    വിഭജിക്കപ്പെട്ട ഹൃദയത്തെ ദൈവം സ്വീകരിക്കില്ലെന്ന് മറിയത്തിന് നന്നായി അറിയാമായിരുന്നു; അതുകൊണ്ട് അവൾ സസന്തോഷം കന്യാവ്രതം നേർന്നു, ആജീവനാന്തം ദൈവാലയ ശുശ്രൂഷയിൽ തുടരാൻ ആഗ്രഹിച്ചു.ഒരു പ്രത്യേക കൽപ്പന നിരന്തരം തൻ്റെ കൺമുമ്പിൽ സൂക്ഷിച്ചിരുന്നതായി ഹംഗറിയിലെ വിശുദ്ധ എലിസബത്തിന് മാതാവ് വെളിപ്പെടുത്തി :

    ‘നീ നിൻ്റെ ദൈവമായ കർത്താവിനെ  സ്നേഹിക്കണം’, എല്ലാ കല്പനകളും പാലിക്കാനും പിറക്കാൻ പോകുന്ന രക്ഷകന്റെ അമ്മയെ ഒരു നോക്ക് കാണാൻ വേണ്ടി ജീവിച്ചിരിക്കാനുമുള്ള കൃപ അവൾ ദൈവത്തോട് യാചിച്ചു; കൃപയ്ക്കും പുണ്യങ്ങൾക്കുമായി നിരന്തരം പ്രാർത്ഥിക്കേണ്ടിയിരുന്നതിൽ നിന്ന് അവൾക്ക് പോലും ഒഴികഴിവുണ്ടായിരുന്നില്ല. രക്ഷകൻ പിറക്കുന്നത് ഒരു കന്യകയിൽ നിന്നായിരിക്കുമെന്ന് തിരുവെഴുത്തുകളിൽ നിന്ന് മനസ്സിലാക്കിയപ്പോൾ, അവളുടെ ആത്മാവ് അത്യധികം സ്നേഹത്താൽ ജ്വലിച്ചു, ആ ഭാഗ്യപ്പെട്ട കന്യകയുടെ ദാസിയാകാൻ അവൾ ആഗ്രഹിച്ചപേക്ഷിച്ചു.

    മറിയത്തെക്കാൾ പരിശുദ്ധിയും പൂർണ്ണതയുമുള്ള മറ്റൊരു കന്യകയെ കണ്ടെത്താനോ, അവളുടെ പവിത്രമായ ഗർഭപാത്രത്തേക്കാൾ യോഗ്യമായ ഒരു വാസസ്ഥലം കണ്ടെത്താനോ,  ദൈവത്തിന് കഴിഞ്ഞില്ലെന്നാണ്  വിശുദ്ധ ജോൺ ക്രിസോസ്റ്റം നമ്മോട് പറയുന്നത് ; അതുകൊണ്ട്, ഭൂമിയിലെ മറ്റെല്ലാ സൃഷ്ടികളെയും പൂർണ്ണതയിലും സദ്ഗുണത്തിലും മറികടക്കുന്ന  അവളെ തന്റെ അമ്മയായി  ദൈവം തിരഞ്ഞെടുത്തു.  

    മറിയം ചെയ്തതുപോലെ, അവൾ മുഖേന നിങ്ങളെത്തന്നെ ഉടനടി പൂർണ്ണമായും ദൈവത്തിന് സമർപ്പിക്കുക, ഒട്ടും താമസിക്കാതെ, ഒട്ടും പിടിച്ചുവെക്കാതെ, നിങ്ങളെ ദൈവത്തിന് സമർപ്പിക്കാൻ അവളോട് അപേക്ഷിക്കുക. പരിശുദ്ധാത്മാവിൻ്റെ ജീവിക്കുന്ന ആലയമായ, കർത്താവിൻ്റെ ആനന്ദമായ, നിത്യവചനത്തിൻ്റെ തിരഞ്ഞെടുക്കപ്പെട്ട അമ്മയായ, അവൻ്റെ അമ്മയിലൂടെ അവനു സമർപ്പിക്കപ്പെടുന്ന ഒരു സൃഷ്ടിയെയും അവൻ നിരസിക്കുകയില്ല.

    തൻ്റെ പ്രിയപ്പെട്ടവർ തന്നിൽ അർപ്പിക്കുന്ന ആദരവിന് അത്യധികമായ സ്നേഹത്തോടെ പ്രതിഫലം നൽകുന്ന മറിയത്തിൽ പരിധിയില്ലാത്ത വിശ്വാസം അർപ്പിക്കുക. 

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!