Thursday, November 21, 2024
spot_img
More

    നവംബർ 22 – ഔർ ലേഡി ഓഫ് ലവാങ്ങ്, വിയറ്റ്നാം

    നവംബർ 22 – ഔർ ലേഡി ഓഫ് ലവാങ്ങ്, വിയറ്റ്നാം (1798)

    1798-ൽ, വിയറ്റ്നാമിലെ ലവാങ്ങ് എന്ന ചെറിയ കാട്ടുഗ്രാമത്തിൽ, പരിശുദ്ധ അമ്മ കത്തോലിക്കരുടെ ഒരു ചെറിയ സംഘത്തെ സന്ദർശിച്ചുവെന്നത്, ദൈവമാതാവിൻ്റെ വഴികൾ അറിയുന്ന ആർക്കും അതിശയം തോന്നുന്ന കാര്യമല്ല. കൃപയാൽ അവൾ എപ്പോഴും തന്റെ സുതരോട് വിശ്വസ്തയായിരുന്നു.

    നീളമേറിയ ഒരു പീഡനകാലഘട്ടത്തിന്റെ ഫലമായാണ്  1785-ൽ, കുറേ വിയറ്റ്നാമീസ് കത്തോലിക്കർ ധീരന്മാരായ വനവാസികൾ പോലും കടന്നുപോകാൻ മടിക്കുന്ന ഒരു കാട്ടിൽ അഭയം പ്രാപിച്ചത്. തങ്ങളുടെ മതവിശ്വാസം സംരക്ഷിക്കുന്നതിനായി അവിടെ അവർ, പല ദുരവസ്ഥകളും അപകടങ്ങളും രോഗങ്ങളും എല്ലാം അഭിമുഖീകരിച്ച് ഒളിവിൽ കഴിഞ്ഞു. എല്ലാ ദിവസവും സന്ധ്യാസമയത്ത് ജപമാല ചൊല്ലുക എന്നതായിരുന്നു അവർക്ക് ഉണ്ടായിരുന്ന ചുരുക്കം ചില ആശ്വാസങ്ങളിൽ ഒന്ന്.

    അങ്ങനെയുള്ള ഒരു സായാഹ്നത്തിൽ, നിഗൂഢമായ ഒരു വെളിച്ചത്തിന്റെ തിളക്കത്തിൽ ഒരു സ്ത്രീയും കുഞ്ഞും  നിൽക്കുന്നത് കണ്ട് അവർ ആദ്യം ഭയപ്പെടുകയും പിന്നീട് അതിയായി ആകർഷിക്കപ്പെടുകയും  ചെയ്തു.  എത്രയോ ലാളിത്യമുണ്ടായിരുന്ന ആ മനുഷ്യരിൽ ചിലർ, പരിശുദ്ധ കന്യകാ മാതാവിനെയും അവളുടെ ഉണ്ണിയെയും തിരിച്ചറിഞ്ഞു. അവരുടെ നിരവധിയായ ബുദ്ധിമുട്ടുകളെക്കുറിച്ചും മലിനജലം മൂലം വിട്ടുമാറാതെ നിൽക്കുന്ന രോഗങ്ങളെക്കുറിച്ചുമൊക്കെ തനിക്ക് നന്നായി അറിയാമെന്ന് മറിയം അവരോട് മൃദുവായ സ്വരത്തിൽ പറയുമ്പോൾ എല്ലാവരും ആനന്ദതുന്ദിലരായി, ഒരു മോഹനിദ്രയിൽ എന്നപോലെ കേട്ടുനിന്നു. അടുത്ത് വളർന്നു നിന്നിരുന്ന ചില ഇലകൾ പറിച്ചെടുത്ത്,  അതുപയോഗിച്ച് കടുപ്പമുള്ള ചായ ഉണ്ടാക്കാൻ അവൾ അവരോട് പറഞ്ഞു; അത് അവരെ ആരോഗ്യത്തോടെ നിലനിർത്തുമെന്നും. “ഇന്നേ ദിവസം മുതൽ, ഈ സ്ഥലത്ത് ചൊല്ലുന്ന പ്രാർത്ഥനകൾ കേൾക്കപ്പെടുകയും ഉത്തരം ലഭിക്കുകയും ചെയ്യും” എന്ന് അവൾ ശാന്തഗംഭീര സ്വരത്തിൽ കൂട്ടിച്ചേർത്തു. അത്, വർഷം 1798 ആയിരുന്നു.

    പരിശുദ്ധ കന്യകയുടെ സന്ദർശനം കഴിഞ്ഞ് അധികം താമസിയാതെ, തങ്ങൾ ഭയപ്പെട്ടിരുന്ന പീഡനം അവസാനിച്ചതായി ആ കത്തോലിക്കർ അറിഞ്ഞു. മിക്കവരും അവരവരുടെ  വീടുകളിലേക്ക് മടങ്ങി; അവർ കണ്ട അത്ഭുതദർശനത്തെക്കുറിച്ചുള്ള വാർത്ത പെട്ടെന്ന് പരന്നു.

    1820 ആയപ്പോഴേക്കും, അവിടെയുള്ള ബുദ്ധമതക്കാർ പോലും മാതാവിന്റെ വാഗ്ദാനത്തിൽ വിശ്വസിക്കുകയും മറിയത്തെ കണ്ട സ്ഥലത്ത് ചെറിയ ദൈവാലയം, ബുദ്ധമതക്ഷേത്രം പോലൊന്ന് നിർമ്മിക്കുകയും ചെയ്തു. ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ ബുദ്ധമതക്കാർ ക്രിസ്ത്യാനികളായി മാറി; അവരുടെ ആ ചെറിയ ദേവാലയം  ലവാങ്ങിലെ മാതാവിന്റെ ആദ്യത്തെ പള്ളിയായി മാറി. വിയറ്റ്നാംകാരുടെ ഇടയിലേയ്ക്ക് വീണ്ടും വീണ്ടും വന്നുചേർന്ന അടിച്ചമർത്തലുകളുടെയും  ദുരിതങ്ങളുടെയും സമയത്ത്, വിശ്വാസികൾ ആ ഭക്തിയിൽ ആശ്വാസവും ധൈര്യവും കണ്ടെത്തി.

    1885-ൽ, ക്രൈസ്തവവിരുദ്ധതയുടെ  കാലഘട്ടത്തിൽ, ലവാങ്ങ് ചാപ്പൽ അഗ്നിക്കിരയാക്കപ്പെട്ടു ; ഒരു പുരോഹിതൻ, ഫാദർ ഫിലിപ്പ് മിൻ (ഇപ്പോൾ വാഴ്ത്തപ്പെട്ട ഫിലിപ്പ് എന്ന് വിളിക്കപ്പെടുന്നു) ശിരച്ഛേദം ചെയ്യപ്പെട്ടു. ആക്രമണങ്ങൾക്കിടയിൽ ഒരു സാന്ത്വനമുണ്ടായി, കത്തിയ ചാപ്പലിന് പകരമുള്ള  കെട്ടിടത്തിൻ്റെ പണി ആരംഭിച്ചതായിരുന്നു അത്. 

    സാധനങ്ങൾ വഹിച്ചുകൊണ്ടുവരുന്നതിൽ ബുദ്ധിമുട്ടുകളും, പണിക്ക് ആവശ്യമായ തുകയുടെ അഭാവവും വലിയ തോതിൽ ഉണ്ടായിരുന്നെങ്കിലും, ലവാങ്ങിലെ മാതാവിന്റെ മഹത്തായ ദേവാലയത്തിന്റെ പണി എങ്ങനെയൊക്കെയോ പൂർത്തിയായി, വിശ്വാസികളുടെ സംരക്ഷകയായ മാതാവിൻ്റെ നാമത്തിൽ,1901-ൽ അത് പ്രതിഷ്ഠിക്കപ്പെട്ടു. വിയറ്റ്നാമിലെ എല്ലാ രൂപതകളുടെയും ഒരു സമ്മേളനം വിളിച്ചുകൂട്ടപ്പെടുകയും തെക്കുകിഴക്കൻ ഏഷ്യയിലെ എണ്ണമറ്റ ഭക്തജനങ്ങളുടെ പ്രിയപ്പെട്ട തീർത്ഥാടന കേന്ദ്രമായി ലവാങ്ങ് മാറുകയും ചെയ്തു.

    1961-ലെ മരിയൻ കോൺഗ്രസിൻ്റെ സമയത്ത്, ലവാങ്ങിലെ മാതാവിന്റെ പുതിയ ബസിലിക്ക, ഹ്യുവേയിലെ ആർച്ച് ബിഷപ്പ് പീറ്റർ നോ ഡിൻ ത്വേയ് സമർപ്പിച്ചു. ലവാങ്ങിലെ പരിശുദ്ധ കന്യക തങ്ങളുടെ രാജ്യത്തെ,  കമ്മ്യൂണിസ്റ്റ് അടിച്ചമർത്തലുകളിൽ നിന്ന് ഒരുനാൾ വിടുവിക്കുമെന്ന് തങ്ങൾ വിശ്വസിക്കുന്നുവെന്ന് പറയുന്ന ഉത്തര കമ്മ്യൂണിസ്റ്റ് വിയറ്റ്നാമിലെ കത്തോലിക്കരുടെ  സന്ദേശങ്ങൾ തനിക്ക് അപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നുണ്ടെന്ന് അക്കാലത്ത് അദ്ദേഹം തെക്കൻ വിയറ്റ്നാമിലെ കത്തോലിക്കരോട് പറഞ്ഞു,

    നിരവധി രക്തസാക്ഷികളുടെ നാടാണ് വിയറ്റ്നാം. നൂറ്റാണ്ടുകളായി, അർപ്പണബോധമുള്ള മതവിശ്വാസികളും പണ്ഡിതന്മാരും നേതാക്കളും ദരിദ്രരും പരിശുദ്ധ കന്യകക്ക് ആദരവ് അർപ്പിച്ചുകൊണ്ടിരിക്കുന്നു. 

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!