നവംബർ 24 – ഔർ ലേഡി ഓഫ് മോണ്ട്സെറാട്ട്.
സ്പെയിനിലെ മോണ്ട്സെറാട്ട് പർവ്വതം മാതാവിന്റെ വണക്കത്തിനായി സമർപ്പിച്ചിരിക്കുന്നു, മോണ്ട്സെറാട്ട് മാതാവിനായി.
അറക്കവാൾ കൊണ്ട് മുറിച്ചത് പോലെ പരുക്കനായ അസാധാരണ രൂപങ്ങൾ കാരണമാണ് മോണ്ട് സെറാട്ടിന് ആ പേര് വന്നത്, കൊത്തിയെടുത്ത രൂപങ്ങളാണെന്നാണ് തോന്നുക. വിഭജിക്കപ്പെട്ട രൂപങ്ങൾ പൈൻ കോണുകൾ (പൈൻ മരത്തിന്റെ കായ്കൾ )പോലുളള ആകൃതി കൊണ്ട് മൂടിയിരിക്കുന്നതായി തോന്നുന്നു; ദൂരെ നിന്ന് കണ്ടാൽ മനുഷ്യരുടെ കരവിരുതാണെന്നാണ് തോന്നുക.
ഈ പ്രശസ്തമായ പർവതത്തിൻ്റെ പ്ലാറ്റ്‌ഫോമിലാണ് പരിശുദ്ധ കന്യകയ്‌ക്കായി സമർപ്പിച്ചിരിക്കുന്ന അതിഗംഭീരമായ കോൺവെൻ്റ് നിർമ്മിച്ചിരിക്കുന്നത്, ക്രൈസ്‌തവലോകത്തിൽ ഏറെ കേൾവി കേട്ട തീർത്ഥാടനസ്ഥലങ്ങളിലൊന്നാണത്. 1239-ലെ ഒരു ലിഖിതം, അതേ കാലഘട്ടത്തിലെ ഒരു വലിയ ചിത്രത്തിന് മുകളിലായി മഠത്തിൽ സംരക്ഷിച്ചിരിക്കുന്നു, അങ്ങനെ ഈ നല്ല ആശ്രമത്തിന് അടിസ്ഥാനമിട്ട വർഷം രേഖപ്പെടുത്തപ്പെട്ടു.
808-ൽ, ജെഫ്രി ലെ വെലി പ്രഭു ബാഴ്‌സലോണ ഭരിച്ചിരുന്ന കാലത്ത് മൂന്ന് ഇടയചെറുക്കന്മാർ ഒരു രാത്രിയിൽ, ആകാശത്ത് നിന്ന് കണ്ണഞ്ചിപ്പിക്കുന്ന ഒരു വെളിച്ചം ഇറങ്ങിവരുന്നത് കണ്ടു, ഒപ്പം ശ്രുതിമധുരമായ സംഗീതവുമുണ്ടായിരുന്നു. അവർ അത് മറ്റുള്ളവരെ അറിയിച്ചു. കോടതിയിലെ ഒരുദ്യോഗസ്ഥനും മോറീസയിലെ ബിഷപ്പും ഈ ആളുകളുമായി അവർ ചൂണ്ടിക്കാണിച്ച സ്ഥലത്തേക്ക് പോയപ്പോൾ, അവർ പറഞ്ഞതുപോലെ വെളിച്ചം കണ്ടു. കുറച്ച് അന്വേഷണത്തിന് ശേഷം അവർ അവിടെ പരിശുദ്ധ കന്യകയുടെ രൂപം കണ്ടെത്തി, അത് മോറീസയിലേയ്ക്ക് കൊണ്ടുപോകാൻ അവർ ആഗ്രഹിച്ചു. പക്ഷേ, ഇപ്പോൾ ആശ്രമം നിൽക്കുന്ന സ്ഥലത്ത് എത്തിയപ്പോൾ അവർക്ക് അതുമായി പിന്നെ മുന്നോട്ട് പോകാൻ കഴിഞ്ഞില്ല. ഈ അത്ഭുതം ബാഴ്‌സലോണ പ്രഭുവിനെ, അവിടെ സ്ത്രീകൾക്കായി ഒരു മഠം പണിയാൻ പ്രേരിപ്പിച്ചു. മോണ്ട്സെറാട്ട് മാതാവിന്റെ ആശ്രമത്തിലെ ആദ്യത്തെ മഠാധിപ, 895-ൽ അധികാരത്തിലേറിയ അദ്ദേഹത്തിൻ്റെ മകൾ റിച്ചിൽഡ ആയിരുന്നു. 976-ൽ മാർപ്പാപ്പയുടെ സമ്മതത്തോടെ ബാഴ്‌സലോണ പ്രഭു ബോറെൽ, ബെനഡിക്റ്റൈൻ സന്യാസിമാരെ മോണ്ട്സെറാട്ടിൽ നിയമിക്കുന്നത് വരെ ആ കന്യാസ്ത്രീ സമൂഹം അവിടെ നിലനിന്നു.
മോൺസെറാറ്റിലെ കോൺവെൻ്റ് വളരെ പരിമിതമായ ഒരു പ്ലാറ്റ്‌ഫോമിൽ സ്ഥിതി ചെയ്യുന്ന മഹത്തായതും ശ്രേഷ്ഠവുമായ വലിയ കെട്ടിടസമുച്ചയമാണ്. പരിശുദ്ധ മറിയത്തിന്റെ പേര് വഹിച്ചുകൊണ്ട് അത് ആ പർവതത്തിൽ നിന്ന് ഉയർന്നുനിൽക്കുന്നു; ഓരോ നിമിഷവും വീഴാൻ തയ്യാറാണെന്ന് തോന്നുന്ന ഭീമാകാരമായ പാറകൾ, അതിന് മുകളിൽ ചെങ്കുത്തായ മലനിരകൾ, പ്രകൃതിദത്തമായ കോട്ടകൾ പോലെ ഉയർന്നു നിൽക്കുന്നു. മലയുടെ ചെന്നെത്താവുന്ന ഭാഗത്ത് ആറ് ശക്തമായ ഗോപുരങ്ങളാലും ഇത് സംരക്ഷിക്കപ്പെടുന്നു. മാതാവിന്റെ ദേവാലയത്തിന് പുറമേ, ആ വേലിക്കെട്ടിനുള്ളിൽ യാത്രക്കാർക്ക് വിനോദത്തിനുള്ള ഒരു സ്ഥലം, ഒരു ആശുപത്രി എന്നിവയും അടങ്ങിയിരിക്കുന്നു.
മോൺസെറാട്ടിലെ മാതാവിന്റെ ദേവാലയത്തിനു ഒരേയൊരു മധ്യഭാഗമേ ഉള്ളൂ എങ്കിലും അത് വളരെ വിശാലമാണ്; ഗായകസംഘത്തിൻ്റെ ഇടം വളരെ ശ്രദ്ധേയമായ ശില്പനൈപുണ്യം ഉള്ളതാണ്. പരിശുദ്ധ കന്യകയുടെ രൂപത്തിന്,
മോൺസെറാട്ടിലെ മാതാവിന്, ടോലീഡോയിലെയും ഗ്വാഡലൂപ്പിലെയും പോലെ, മുഖത്തിന് ഏതാണ്ട് കറുത്ത നിറമാണ്. എങ്കിലും മുഖം മനോഹരമാണ്: അവൾ ഒരു സിംഹാസനത്തിൻ്റെ രൂപത്തിൽ നിർമ്മിച്ച ഒരു ഇരിപ്പിടത്തിൽ ഇരിക്കുന്നു, അവളുടെ വലതു കൈയിൽ ഒരു ഭൂഗോളമുണ്ട്, അതിൽ നിന്ന് രാജമുദ്രയായ ലില്ലിപ്പൂ ഉയരുന്നു, മറ്റേ കൈകൊണ്ട് മടിയിൽ ഇരിക്കുന്ന ഉണ്ണീശോയെ താങ്ങുന്നു. ഉണ്ണി, വലതു കൈകൊണ്ട് അനുഗ്രഹം നൽകി, മറ്റൊന്നിൽ ഒരു കുരിശ് മീതെയുള്ള ഒരു ഗോളം പിടിച്ചിരിക്കുന്നു.
പർവ്വതത്തിലുള്ള നിവാസികളെ സന്യാസിമാർ, താപസർ , ഗായകർ, തുണസഹോദരർ എന്നിങ്ങനെ നാല് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. നിലക്കാത്ത പ്രാർത്ഥനയുമായി അവർ മുന്നേറുന്നു. നിരവധി ആശ്രമങ്ങളിൽ നിന്ന് പ്രാർത്ഥനാ ജപങ്ങൾ മുഴങ്ങികേൾക്കുന്ന പോലെയും, സന്യാസിമാരുടെ മണികളുടെ ശബ്ദം, പ്രതിധ്വനികളാൽ ആവർത്തിക്കപ്പെടുന്ന പോലെയുമാണ് സ്ഥലങ്ങളുടെ ക്രമീകരണം.
സ്പെയിനിലെ രാജകുമാരന്മാരും രാജാക്കന്മാരും പലപ്പോഴായി മോൺസെറാട്ടിലെ മാതാവിൻ്റെ അൾത്താരയിലേക്കുള്ള കുത്തനെയുള്ള പാതയിലൂടെ കാൽനടയായി കയറിയിട്ടുണ്ട്. കൂടാതെ അസംഖ്യം ബന്ദികൾ, മൂറുകൾക്കിടയിൽ ആയിരുന്നപ്പോൾ അവരെ ധരിപ്പിച്ചിരുന്ന ചങ്ങലകൾ തൂക്കിയിടാൻ അവിടെയെത്തി.
വിശുദ്ധ ഇഗ്നേഷ്യസ് ലയോള തൻ്റെ ജീവിതം ദൈവത്തിനായി സമർപ്പിക്കുന്നതിനുമുമ്പ് അവിടെയെത്തിയിരുന്നു.
ഒരു രാത്രി മുഴുവൻ പ്രാർത്ഥിച്ചതിന് ശേഷം, മോൺസെറാട്ടിലെ മാതാവിന്റെ യോദ്ധാവ് ആയി സ്വയം അർപ്പിച്ച്, തൻ്റെ മനസ്സിൽ അപ്പോഴും ഉണ്ടായിരുന്ന യുദ്ധസമാനമായ ആശയങ്ങൾക്കനുസരിച്ച് ദൈവകാര്യങ്ങൾ വിഭാവനം ചെയ്തിരുന്ന അദ്ദേഹം, ആയുധങ്ങൾ കൊണ്ടുള്ള യുദ്ധം തന്റെ ഭൗതികജീവിതത്തിൽ ഉപേക്ഷിച്ചതിൻ്റെ അടയാളമായി വാൾ ബലിപീഠത്തിനടുത്തുള്ള ഒരു തൂണിൽ തൂക്കിയിട്ടു ; പിന്നീട്, അതിരാവിലെ വ്യത്യസ്തമായ (ആത്മീയതലത്തിലുള്ള) ഒരു യുദ്ധം ആഗ്രഹിച്ചുകൊണ്ട് അദ്ദേഹം മോണ്ട്സെറാട്ടിൽ നിന്ന് പുറപ്പെട്ടതായി ചരിത്രകാരനായ എഫ്. ബൂഹോർസ് പറയുന്നു.