നവംബർ 26 – ഔർ ലേഡി ഓഫ് ദ് മൗണ്ടൻസ്, ഇറ്റലി (1500).
ദ് സേങ്ക്ച്വറി ഓഫ് ഔർ ലേഡി ഓഫ് പോൾസി, അല്ലെങ്കിൽ സേങ്ക്ച്വറി ഓഫ് സാന്താ മരിയ ഡി പോൾസി, അതുമല്ലെങ്കിൽ ഔർ ലേഡി ഓഫ് മൗണ്ടൻ എന്നൊക്കെ അറിയപ്പെടുന്ന ഇത്, തെക്കൻ ഇറ്റലിയിലെ കലാബ്രിയയിലെ സാൻ ലൂക്കയ്ക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. ദുർഘടമായ ഭൂപ്രദേശവും മലയിടുക്കിൻ്റെ അടിത്തട്ടിലുള്ള സ്ഥലവും ആയതുകൊണ്ട് സമീപകാലം വരെ കാൽനടയായി മാത്രമേ ദൈവാലയത്തിലെത്താൻ കഴിയുമായിരുന്നുള്ളൂ.
പെർസെഫോണിനെ ആരാധിക്കുന്ന ഹെല്ലനിക് കുടിയേറ്റക്കാർ അവിടെ ഉണ്ടായിരുന്നതിനാൽ, പ്രാചീന റോമൻ കാലം മുതൽക്കേ ഈ പ്രദേശത്ത് ജനവാസമുണ്ടായിരുന്നതായി അറിയാം. പരിശുദ്ധ അമ്മയോടുള്ള ആദരസൂചകമായി 7-ആം നൂറ്റാണ്ടിൽ ബസിലിയൻ സന്യാസിമാർ അവിടെ ഒരു ആശ്രമം സ്ഥാപിച്ചിരുന്നു. 1500 ആയപ്പോഴേക്കും റോമൻ കത്തോലിക്കാ സാന്നിധ്യം അതിനെ മാറ്റിക്കളഞ്ഞു.
വസന്തകാലം മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ, കലാബ്രിയ പ്രവിശ്യയിൽ നിന്നും അടുത്തുള്ള പ്രദേശങ്ങളിൽ നിന്നുമുള്ള നിരവധി തീർത്ഥാടകരുമായി, ദേവാലയത്തിന് ചുറ്റുമുള്ള പ്രദേശം സജീവമാകുന്നു. എന്നിരുന്നാലും, ദേവാലയത്തിനടുത്ത് ഇപ്പോഴും ആട്ടിൻകൂട്ടങ്ങളെ മേയ്ക്കുന്ന ഇടയന്മാരെ നമുക്ക് കാണാൻ കഴിയും.
ഔർ ലേഡി ഓഫ് മൗണ്ടൻസ് സ്ഥാപിച്ചതിനെക്കുറിച്ച് ഒന്നിലധികം ഐതിഹ്യങ്ങളുണ്ട്. ഒമ്പതാം നൂറ്റാണ്ടിൽ സാരസന്മാരുടെ ആക്രമണത്തിൽ നിന്ന് പലായനം ചെയ്ത ബൈസൻ്റൈൻ സന്യാസിമാരുടേതാണ് അതിലൊന്ന്. പർവതങ്ങളിലേക്ക് ചേക്കേറിയ അവർ, അവയുടെ ഹൃദയഭാഗത്ത് ഒരു ചെറിയ കോളനിയും ഒരു പള്ളിയും സ്ഥാപിച്ചു. അടുത്തുള്ള ഗ്രാമങ്ങളിലേക്കുള്ള ദൂരത്തിന്റെ ആധിക്യം മൂലം ആ സ്ഥലങ്ങൾ പിന്നീട് അവഗണിക്കപ്പെട്ടു.
പ്രചുരപ്രചാരത്തിലുള്ള മറ്റൊരു ഐതിഹ്യം എന്താണെന്ന് വെച്ചാൽ, പതിനൊന്നാം നൂറ്റാണ്ടിൽ അടുത്തുള്ള പട്ടണത്തിലെ ഒരു ഇടയ ബാലൻ, നഷ്ടപ്പെട്ട കാളയെ കണ്ടെത്താനായി നടക്കുകയായിരുന്നു. കണ്ടെത്തിക്കഴിഞ്ഞപ്പോൾ, കാള ഒരു ഇരുമ്പ് കുരിശ് കാലുകൊണ്ട് കുഴിച്ചെടുക്കുന്നത് അവൻ കണ്ടു. അപ്പോൾ ഉണ്ണീശോയ്‌ക്കൊപ്പമുള്ള പരിശുദ്ധ കന്യകയുടെ ഒരു ദർശനം അവനുണ്ടായി, അവൾ അവനോട് പറഞ്ഞു:
“എന്നോടുള്ള ഭക്തി പ്രചരിപ്പിക്കാൻ ഒരു പള്ളി പണിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എല്ലാറ്റിനുമുപരിയായി, എന്നെ സന്ദർശിക്കാൻ ഇവിടെ വരുന്ന ഭക്തർക്ക് ഞാൻ കൃപകൾ വർഷിക്കും”.
ഇപ്പോഴും ദൈവാലയത്തിനുള്ളിൽ പർവ്വതത്തിലെ മാതാവിന്റെ രൂപം, ഉൽകൃഷ്ടസൗന്ദര്യമുള്ള ആ ശില്പം, വിശുദ്ധ കുരിശ് എന്നിവ സൂക്ഷിച്ചിരിക്കുന്നു. പരിശുദ്ധ കന്യകയുടെ പ്രതിമ ചുണ്ണാമ്പുകല്ലിൽ കൊത്തിയെടുത്തതാണ്, അതിന് കാഴ്ചക്കാരനെ എവിടേക്കും പിന്തുടരുന്ന കണ്ണുകളാണ് ഉള്ളത്. 1860-ൽ ബസിലിയൻ കോൺവെൻ്റിൻ്റെ ഫാദർ സുപ്പീരിയർ ഡൊമെനിക്കോ ഫെറ, അവൾക്കും അവളുടെ തിരുസുതനും കിരീടമണിഞ്ഞതിൽ പിന്നെ,അവർക്ക് സ്വർണ്ണ കിരീടങ്ങളുണ്ട്.
ദൈവാലയത്തിൽ നടക്കുന്ന തിരുനാളുകളും അവയുടെ തീയതികളും താഴെ പറയുന്നവയാണ്.
ആഗസ്റ്റ് 22 – ഈ ദിവസം, അടുത്തുള്ള ഗ്രാമത്തിൽ നിന്ന് ദേവാലയത്തിലേക്ക് ഒരു പ്രദക്ഷിണമുണ്ട്.
സെപ്റ്റംബർ 2 – പർവതത്തിലെ മാതാവിന്റെ തിരുനാൾ ദിവസം.
സെപ്റ്റംബർ 14 – വിശുദ്ധ കുരിശിൻ്റെ തിരുനാൾ.
ഓരോ 25 വർഷത്തിലും – ഔർ ലേഡി ഓഫ് മൗണ്ടൻന്റെ രൂപത്തിൽ കിരീടധാരണം നടക്കുന്നു – അവസാനമായി നടന്നത് 2 സെപ്റ്റംബർ, 2006 ന് ആയിരുന്നു.