നവംബർ 27 – ഔർ ലേഡി ഓഫ് ദി മിറാക്കുലസ് മെഡൽ (1830)
ഏതാണ്ട് അർദ്ധരാത്രിയായിരുന്നു, ആരോ വിളിക്കുന്നത് കേട്ട് സിസ്റ്റർ കാതറിൻ ലബോറെ ഉണർന്നു. അവളുടെ കട്ടിലിൻ്റെ കാലിനടുത്ത് ഒരു കോമളനായ കുഞ്ഞ് തന്നെ അനുഗമിക്കാൻ ആംഗ്യം കാണിക്കുന്നത് അവൾ കണ്ടു. പിന്തുടർന്ന് ചാപ്പലിൽ എത്തിയപ്പോൾ അവിടെ പരിശുദ്ധ അമ്മ ഉണ്ടായിരുന്നു. അവളോട് അമ്മ രണ്ടു മണിക്കൂറോളം സംസാരിച്ചു.
നവംബർ 27 ന്, സമൂഹം പ്രാർത്ഥനയ്ക്കായി ഒത്തുകൂടിയപ്പോൾ, പരിശുദ്ധ അമ്മ രണ്ടാമത് അവളെ സന്ദർശിച്ചു. മാതാവിന്റെ ശിരസ്സ് മൃദുവായ വെളുത്ത ശിരോവസ്ത്രം കൊണ്ട് മൂടിയിരുന്നു. ഒരു വലിയ ഗോളത്തിൽ മേൽ, തല തകർന്നു കിടക്കുന്ന പാമ്പിന്മേൽ ചവിട്ടിയാണ് അവൾ നിന്നിരുന്നത്. അവളുടെ കൈകളിൽ, പരിശുദ്ധ കന്യക ഒരു കുഞ്ഞു കുരിശ് മുകളിലായിട്ടുള്ള ചെറിയ ഗ്ലോബ് പിടിച്ചിരുന്നു, പ്രാർത്ഥിക്കുമ്പോൾ അവൾ അത് ദൈവത്തിന് സമർപ്പിച്ചു. അവളുടെ വിരലുകളിൽ വൈവിധ്യമാർന്ന, ഭംഗിയും തിളക്കവുമുള്ള, വിലയേറിയ കല്ലുകൾ പതിച്ച നിരവധി മോതിരങ്ങൾ ഉണ്ടായിരുന്നു. ആ കല്ലുകളിൽ നിന്ന് പ്രകാശകിരണങ്ങൾ പുറപ്പെടവേ, മാതാവ് കണ്ണുകൾ താഴ്ത്തി കാതറിൻ ലബോറെയോട് സംസാരിച്ചു:
“നീ കാണുന്ന ഈ ഗോളം ലോകമാണ്; അതിന് വേണ്ടിയും ലോകത്തുള്ള എല്ലാവർക്കും വേണ്ടിയും ഞാൻ പ്രാർത്ഥിക്കുന്നു. പ്രകാശകിരണങ്ങൾ, എന്നോട് ചോദിക്കുന്ന എല്ലാവർക്കും ഞാൻ നൽകുന്ന കൃപകളാണ്. എന്നാൽ, കല്ലുകളിൽ ചിലതിന് രശ്മികളില്ല ; പലർക്കും കൃപകൾ ലഭിക്കുന്നില്ല, കാരണം അവർ അത് ചോദിക്കുന്നില്ല”.
അപ്പോൾ മേരിയുടെ കൈകൾ താഴ്ത്തപ്പെട്ടു, അവൾ കൂടുതൽ ശോഭയുള്ളവളും സുന്ദരിയും ആയിത്തീർന്നു; ഒരു കൂട്ടം വാക്കുകൾ അവളുടെ ശിരസ്സിനെ വലയം ചെയ്തു:
“ജന്മപാപമില്ലാതെ ഉത്ഭവിച്ച മറിയമേ, നിന്നിൽ അഭയം തേടുന്ന ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ”.
ഒപ്പം ഒരു ശബ്ദം പറഞ്ഞു:
“ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്ന മാതൃകയിൽ ഒരു മെഡൽ ഉണ്ടാക്കുക. അത് വെഞ്ചരിച്ച ശേഷം ധരിക്കുന്ന എല്ലാവരും, പ്രത്യേകിച്ച് കഴുത്തിൽ തൂക്കിയിടുന്നവർ, വലിയ കൃപകൾ സ്വന്തമാക്കും”.
അത്ഭുതമെഡലിൻ്റെ മാതാവിന്റെ ദർശനം തിരിഞ്ഞു വന്നപ്പോൾ ‘M’ എന്ന അക്ഷരം കാണിച്ചു, അതിനുള്ളിലൂടെ ഒരു കുരിശ് ഉയർന്നു നിൽക്കുന്നു. മേരിയുടെ ഇനിഷ്യലിന്റെ താഴെ യേശുവിൻ്റെയും മറിയത്തിൻ്റെയും ഹൃദയങ്ങൾ ഉണ്ടായിരുന്നു: ആദ്യത്തേത് മുൾക്കിരീടത്താൽ ചുറ്റപ്പെട്ടിരിക്കുന്നതും, രണ്ടാമത്തേത് വാളിനാൽ പിളർക്കപ്പെട്ടതും. ഇതിന്റെയെല്ലാം ചുറ്റിനുമായി 12 നക്ഷത്രങ്ങൾ സ്വർണ്ണ ഫ്രെയിമിൽ ഉണ്ടായിരുന്നു.
1831 ഡിസംബറിലുണ്ടായ മൂന്നാമത്തെ ദർശനത്തിൽ, മാതാവിന്റെ അത്ഭുതമെഡൽ നിർമ്മിക്കാനുള്ള അഭ്യർത്ഥന ആവർത്തിച്ചു. മറിയത്തിന്റെ അഭ്യർത്ഥനയെക്കുറിച്ച് സിസ്റ്റർ കാതറിൻ തൻ്റെ മേലധികാരിയോടും കുമ്പസാരക്കാരനോടും പറഞ്ഞു. ഫാദർ അലഡൽ ആർച്ച് ബിഷപ്പിനോട് അത് പറഞ്ഞപ്പോൾ, “മെഡലുകൾ ഉടനടി ഉണ്ടാക്കി ആദ്യം ഉണ്ടാക്കിയതിൽ നിന്ന് കുറച്ച് എനിക്ക് അയച്ചുതരൂ” എന്ന് പിതാവ് പറഞ്ഞു. 1832 ജൂണിൽ, ആദ്യത്തെ 2000 മെഡലുകൾ ഉണ്ടാക്കി. മെഡലിൻ്റെ ഉപയോഗത്താൽ നിരവധി അത്ഭുതങ്ങൾ സംഭവിച്ചു, അങ്ങനെ അതിന് “അത്ഭുത മെഡൽ” എന്ന് പേര് വന്നു.
ആറ് വർഷത്തിന് ശേഷം, പരിശുദ്ധ അമ്മയുടെ മറ്റൊരു ആഗ്രഹവും സാധിച്ചു, മാതാവ് പ്രത്യക്ഷപ്പെട്ട സ്ഥലത്ത് തന്നെ, പ്രത്യക്ഷീകരണ ചാപ്പലിൽ ഒരു അൾത്താര നിർമ്മിച്ചു.
1876 ഡിസംബർ 31-ന് സിസ്റ്റർ കാതറിൻ ലബോറ മരിച്ചു, അവൾ നേരിട്ട് സ്വർഗത്തിലേക്കായിരിക്കും പോയിരിക്കുക എന്ന് എല്ലാവർക്കും തോന്നി. 1947 ജൂലായ് 27-ന് പന്ത്രണ്ടാം പീയൂസ് പാപ്പ അവളെ വിശുദ്ധയായി പ്രഖ്യാപിച്ചു. കുറച്ചു നാൾ മുമ്പ് അവളുടെ ശവകുടീരം തുറന്നപ്പോൾ, അപ്പോൾ മരിച്ചപ്പോഴുള്ളതുപോലെ ശരീരം മനോഹരമായിരുന്നു.
അത്ഭുത മെഡലും പ്രത്യക്ഷീകരണങ്ങളുടെ വിവരണവും വ്യാപകമായ ഭക്തിക്ക് കാരണമായി, അതിനാൽ അത്ഭുതമെഡലിലൂടെ പ്രകടമായ മറിയത്തിൻ്റെ ഉദാരവും ശക്തവുമായ സ്നേഹം അവഗണിക്കപ്പെടരുതെന്ന് സഭ കരുതി, മാത്രമല്ല അമലോത്ഭവഭക്തി ലോകമെമ്പാടും പ്രചരിക്കുകയും വേണം. അതിനാൽ, മാതാവിൻ്റെ പ്രത്യക്ഷീകരണത്തിൽ ഉണ്ടായ അത്ഭുതകരമായ സംഭവങ്ങൾ അനുസ്മരിക്കാനും ആഘോഷിക്കാനും ഓരോ വർഷവും ഒരു പ്രത്യേക ദിവസം നീക്കിവയ്ക്കാനുള്ള ആഗ്രഹം അപ്പസ്തോലിക സിംഹാസനം പ്രകടിപ്പിച്ചു. എല്ലാ വസ്തുതകളും സൂക്ഷ്മമായി പരിശോധിച്ച ശേഷം, ലിയോ പന്ത്രണ്ടാം പാപ്പ, സാർവത്രിക സഭക്കായി ‘അത്ഭുതമെഡലിൻ്റെ തിരുന്നാൾ’ പ്രഖ്യാപിച്ചു, ഒപ്പം പ്രത്യേക പ്രാർത്ഥനയും കുർബാനയും.
ധരിക്കുന്നയാൾക്ക് ഒരു ആദർശം ഉണ്ടെന്ന് വിളിച്ചുപറയുന്ന ഒരു ബാഡ്ജാണ് അത്ഭുത മെഡൽ: പരിശുദ്ധ കന്യകയും പിന്നെ ഒരു അഭിലാഷവും – എല്ലായ്പ്പോഴും കൃപയിൽ ആയിരുന്നുകൊണ്ട് ജീവിതത്തിലുടനീളം ആത്മാവിൻ്റെ വിശുദ്ധി നിലനിർത്തുക. നിങ്ങൾ മറിയത്തിന്റെ അത്ഭുത മെഡൽ ധരിക്കുകയും അത് പ്രതിനിധാനം ചെയ്യുന്ന കാര്യങ്ങൾ ജീവിക്കുകയും ചെയ്യുന്നുവെങ്കിൽ, നിങ്ങൾ ലോകത്തിലെ ഏറ്റവും സന്തുഷ്ടരായ ആളുകളിൽ ഒരാളായിരിക്കുമെന്നുറപ്പാണ്.
“ജന്മപാപമില്ലാതെ ഉത്ഭവിച്ച മറിയമേ, നിന്നിൽ അഭയം തേടുന്ന ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ”.