നവംബർ 29 – ഔർ ലേഡി ഓഫ് ബ്യൂറെയ്ങ്ങിന്റെ പ്രത്യക്ഷീകരണം , ബെൽജിയം (1932)
1932 നവംബർ 29-ലെ ഒരു വൈകുന്നേരം. തമാശക്കാരും വികൃതികളുമായ അഞ്ച് കളിക്കൂട്ടുകാർ, പതിനഞ്ചു മുതൽ ഒമ്പത് വയസ്സ് വരെ പ്രായമുള്ളവർ, ബെൽജിയത്തിലെ വേലോൺ (താഴ്‌വാരം) ഭാഗത്തുള്ള, ലളിതവും ശാന്തവുമായ ബ്യൂറെയ്ങ് ഗ്രാമത്തിൽ റെയിൽവേയിലെ പാലത്തിനു നേരെ നടക്കുകയായിരുന്നു. പെട്ടെന്ന് അവരിൽ ഒരാൾ ആർത്തുവിളിച്ചു, തീവണ്ടി പാലത്തിൽ ഒരു പ്രകാശം നീങ്ങുന്നു! ഓടുന്ന കാറിൻ്റെ ലൈറ്റുകൾ എന്നാണ് അവർ ആദ്യം കരുതിയത്. എന്നിരുന്നാലും, താമസിയാതെ, അവർക്ക് അതൊരു സ്ത്രീയുടെ രൂപമായി തോന്നി, അത് പരിശുദ്ധ കന്യകയാണെന്ന് അവർ തൽക്ഷണം തിരിച്ചറിഞ്ഞു, ഔർ ലേഡി ഓഫ് ബ്യൂറെയ്ങ്.
കുട്ടികൾ പറഞ്ഞത് ആരും വിശ്വസിക്കാൻ ശ്രമിച്ചില്ല. എന്നാൽ പിറ്റേന്ന് വൈകുന്നേരവും അവർ അതേ കഥയുമായി വീട്ടിലെത്തി. ഗ്രാമം മുഴുവൻ അവരെ നോക്കി ചിരിച്ചു, അവരുടെ മാതാപിതാക്കൾ ദേഷ്യപ്പെട്ടു. അടുത്ത തവണ കുട്ടികൾ കൂടുതൽ വിവരങ്ങൾ പറഞ്ഞു, രൂപങ്ങളിലുള്ളതിനേക്കാൾ സുന്ദരിയായ, തൂവെള്ള വസ്ത്രം ധരിച്ച, തലയിൽ സ്വർണ്ണകിരണങ്ങളുടെ കിരീടവുമായി മാതാവിനെ കണ്ടതായി.
ഡിസംബർ രണ്ടിന് കുട്ടികൾ അവളോട് ചില ചോദ്യങ്ങൾ ചോദിച്ചു; അവൾ, പുഞ്ചിരിച്ചുകൊണ്ട്, താൻ അമലോത്ഭവകന്യകയാണെന്ന് പറയുകയും അവരോട് ‘എപ്പോഴും നല്ലവരായിരിക്കാൻ’ ആവശ്യപ്പെടുകയും ചെയ്തു. ദർശനങ്ങൾ തുടർന്നപ്പോൾ, കൂടുതൽ ആളുകൾ ബ്യൂറെയ്ങ്ങിലെത്തി, പോലീസ് ഉദ്യോഗസ്ഥരും ഡോക്ടർമാരും സൈക്കോളജിസ്റ്റുകളും ഉൾപ്പെടെ ആകെ മുപ്പത്തിമൂന്ന് പ്രത്യക്ഷീകരണങ്ങൾ ഉണ്ടായിരുന്നു. ഡിസംബർ 29 ന്, പരിശുദ്ധ കന്യക തന്റെ മാറിലെ സുവർണ്ണ ഹൃദയം വെളിപ്പെടുത്തിയതായി കുട്ടികൾ പറഞ്ഞു. അടുത്ത ദിവസം വൈകുന്നേരം അവൾ അവരോട് കൂടുതൽ പ്രാർത്ഥനകൾ ആവശ്യപ്പെട്ടു. 1933 ജനുവരി 1-ന്, ബ്യൂറെയ്ങ്ങിലെ മാതാവ് ആ അഭ്യർത്ഥന ആവർത്തിച്ചതിനു ശേഷം പതിനഞ്ചു വയസ്സുകാരി ഫെർണാണ്ടിനോട് പറഞ്ഞു: “നിങ്ങൾ എൻ്റെ മകനെയും എന്നെയും സ്നേഹിക്കുന്നെങ്കിൽ, എനിക്കുവേണ്ടി സ്വയം ബലിയാകുക”.
ബെൽജിയൻ ബിഷപ്പുമാർ തുടക്കത്തിൽ ഘോഷയാത്രകളും ഔർ ലേഡി ഓഫ് ബ്യൂറെയ്ങ്ങിനോടുള്ള വിശ്വാസവും നിരോധിക്കുകയും പത്തുവർഷത്തോളം നീണ്ടുനിൽക്കുന്ന അന്വേഷണം ആരംഭിക്കുകയും ചെയ്തു, ഈ സമയത്ത് കുട്ടികൾക്കെതിരെ ഗുരുതരമായ എതിർപ്പുകൾ ഉയർന്നു. ഒടുവിൽ, 1943-ൽ, ഔർ ലേഡി ഓഫ് ബ്യൂറെയ്ങ്ങിനോടുള്ള വണക്കത്തിനു അംഗീകാരം നൽകിക്കൊണ്ട് നമൂർ ബിഷപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.
1947 ജൂലൈ 18-ന് മോൺസിഞ്ഞോർ ഷെറു, ബ്യൂറെയ്ങ്ങിലെ മാതാവിന്-സുവർണ്ണ ഹൃദയത്തിൻ്റെ കന്യകയ്ക്ക് – സമർപ്പിച്ചിരിക്കുന്ന ദൈവാലയത്തിനുള്ള മാർപ്പാപ്പയുടെ അനുഗ്രഹാശിസ്സുകൾ സ്വീകരിച്ചു. ആ ഭക്തിവളരെ പെട്ടെന്ന് പ്രസിദ്ധമായി.
1949 ജൂലായ് 2-ന് അന്തിമ അംഗീകാരം ലഭിച്ചു. മിസ് വാൻ ലെയറിൻ്റെയും മിസിസ് അക്കാറിൻ്റെയും രോഗശാന്തികൾ അത്ഭുതകരമാണെന്ന് മോൺസിഞ്ഞോർ ഷെറു പ്രഖ്യാപിച്ചു. ഔർ ലേഡി ഓഫ് ബ്യൂറെയ്ങ്ങിന്റെ മധ്യസ്ഥതയാൽ നിരവധി ആളുകൾ പരിവർത്തനങ്ങളും കൃപകളും നേടിയെടുത്തിട്ടുണ്ട്. ബെൽജിയൻ കമ്മ്യൂണിസ്റ്റ് പത്രമായ ‘ലെ ഡ്രാപ്യോ റൂഷ് ‘(ചുവന്ന പതാക)ന്റെ എഡിറ്റർ ഔവർ ലേഡി ഓഫ് ബ്യൂറെയ്ങ് ദേവാലയത്തിൽ ആദ്യമായി കത്തോലിക്കാ മതം സ്വീകരിച്ചവരിൽ ഒരാളാണ്.