നവംബർ 30 – ഔർ ലേഡി ഓഫ് ജെനെസ്റ്റ, ജെനോവ, ഇറ്റലി
ആബട്ട്( ആശ്രമാധിപതി) ഓർസിനി എഴുതി: “പെട്രൂച്ചിയ എന്നു പേരുള്ള ഒരു പാവപ്പെട്ട സ്ത്രീയാണ് ഈ പള്ളി പണിയൽ ഏറ്റെടുത്തത്, എല്ലാവർക്കും അത് അസാധ്യമായി തോന്നി; അതിൻ്റെ ആദ്യ കല്ലിടുന്നതിൽ അവൾ പിന്നോട്ട് പോയില്ല, പരിശുദ്ധ കന്യകയും വിശുദ്ധ അഗസ്റ്റിനും ഈ ജോലി പൂർത്തിയാക്കുന്നതിന് മുമ്പ് താൻ മരിക്കില്ലെന്നു അവൾ പറഞ്ഞു. വാസ്‌തവത്തിൽ, അൽപ്പസമയത്തിനുശേഷം ഈ പള്ളി അത്ഭുതകരമായി പൂർത്തിയായതായി കണ്ടെത്തി”.
ഔർ ലേഡി ഓഫ് ജെനസ്റ്റയുടെ പേരിലുള്ള ദൈവാലയമോ, ഇറ്റലിയിൽ ജെനെസ്റ്റ എന്ന പേരിൽ ഒരു നഗരമോ, ജെനോവയ്ക്കടുത്തോ മറ്റെവിടെയെങ്കിലുമോ ഇല്ല. തുടക്കത്തിൽ, ഇത് കാലക്രമേണ ജെനോവയിലേക്ക് ലയിച്ച ഒരു പട്ടണമായിരിക്കാമെന്നും അല്ലെങ്കിൽ ഇങ്ങനെ നഗരമേ ഇപ്പോൾ നിലവിലില്ല എന്നും തോന്നിയിരുന്നു. ഫ്രാൻസിൽ സെൻ്റ് ജെനെസ്റ്റിന് സമർപ്പിച്ചിരിക്കുന്ന നിരവധി പുരാതന പള്ളികൾ ഉണ്ട്, എന്നാൽ ഇവ ജെനോവയ്ക്ക് സമീപമല്ല. മരിയൻ കലണ്ടറിനായി ഈ തീയതിയെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ലായിരുന്നു.
എന്നിരുന്നാലും, പെട്രൂച്ചിയ എന്ന സ്ത്രീയുടെ കഥ തികച്ചും വ്യത്യസ്തമായ ഒന്നാണ്. അവളുടെ കഥയും പള്ളി പണിത കഥയും യഥാർത്ഥത്തിൽ ഔർ ലേഡി ഓഫ് ജിനസാനോയുമായി ബന്ധപ്പെട്ടിരിക്കുന്നു. പെട്രൂച്ചിയ, പെട്രൂച്ചിയ ഡി നോസെറയാണ്, അഗസ്തീനിയൻ മൂന്നാം സഭയിൽ പെട്ട അവൾ, വിശുദ്ധ അഗസ്റ്റിൻ്റെ സന്യാസിമാരുടെ സംരക്ഷണത്തിൻ കീഴിലുണ്ടായിരുന്ന ഒരു പള്ളി പുനഃസ്ഥാപിക്കാൻ അവൾ ആഗ്രഹിച്ചു.
1436-ൽ തൻ്റെ ഭർത്താവിൻ്റെ മരണശേഷം പെട്രൂച്ചിയയുടെ കയ്യിൽ നല്ലൊരു തുക ബാക്കിയുണ്ടായിരുന്നു, അതുപയോഗിച്ച് പള്ളി പുനർനിർമ്മിക്കാൻ അവൾ തീരുമാനിച്ചു. പള്ളിപണി പൂർത്തിയാക്കാൻ അവളുടെ പക്കലുള്ള പണം തികയില്ലായിരുന്നു, എങ്കിലും തൻ്റെ പണം തീരുമ്പോൾ ബാക്കിയുള്ള പണി പൂർത്തിയാക്കാൻ മറ്റുള്ളവർ മുന്നോട്ട് വരുമെന്നും സഹായിക്കുമെന്നും അവൾ വിശ്വസിച്ചു.
മഹത്തായ ആ പള്ളിപ്പണി ആരംഭിച്ചു, എന്നാൽ നിർമ്മാണത്തിൻ്റെ ആദ്യ ഭാഗം മാത്രം പൂർത്തിയാക്കിയപ്പോഴേ പെട്രൂച്ചിയയുടെ പണം തീർന്നു. കാര്യമില്ലാതെ പണം പാഴാക്കി എന്ന് പറഞ്ഞ് ആളുകൾ അവളെ അപമാനിക്കാനും കളിയാക്കാനും തുടങ്ങി, സുഹൃത്തുക്കൾ പോലും അവളെ പരിഹസിക്കാൻ അവൾക്കെതിരെ തിരിഞ്ഞു. അപ്പോഴൊക്കെ അവൾ ക്ഷമയോടെ അവരോട് പറയും :
“എൻ്റെ പ്രിയപ്പെട്ട മക്കളേ, ഈയൊരു ദൗർഭാഗ്യത്തിന് അമിത പ്രാധാന്യം നൽകരുത്. എൻ്റെ മരണത്തിന് മുമ്പ് പരിശുദ്ധ കന്യകയും ഞങ്ങളുടെ വിശുദ്ധ പിതാവായ അഗസ്റ്റിനും ചേർന്ന്, ഞാൻ ആരംഭിച്ച ദൈവാലയം പൂർത്തിയാക്കുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് തരുന്നു”.
പെട്രൂച്ചിയക്ക് തെറ്റിയില്ല. 1467 ഏപ്രിൽ 25 ന് ഉച്ചകഴിഞ്ഞ്, പള്ളിയുടെ മുകളിൽ വന്നു നിന്ന കണ്ണഞ്ചിപ്പിക്കുന്ന ഒരു മേഘത്തിൽ നിന്ന് മനോഹരമായ ഒരു ഈണത്തിന്റെ സ്വരമേളം കേൾക്കാൻ തുടങ്ങിയപ്പോൾ സദുപദേശത്തിന്റെ മാതാവിന്റെ പൂർത്തിയാകാത്ത പള്ളിയുടെ മുന്നിൽ ജനക്കൂട്ടം തടിച്ചുകൂടാൻ തുടങ്ങി. പള്ളിയുടെ ഭിത്തിയുടെ നേരെ മേഘം വന്നു നിന്നപ്പോൾ പള്ളിയിലെ മണികളും, അതുപോലെ ആ നഗരത്തിൽ ചുറ്റുമുള്ള എല്ലാ മണികളും തനിയെ മുഴങ്ങാൻ തുടങ്ങി.
ചെറിയ മേഘം ചിന്നിചിതറിപ്പോയപ്പോൾ, വിശ്വാസികൾക്ക് മുൻപിൽ മനോഹരമായ ഒരു ചിത്രം വെളിപ്പെട്ടു, ദൈവമാതാവ് തൻ്റെ ദിവ്യപുത്രനെ ആർദ്രമായി കൈകളിൽ പിടിച്ചിരിക്കുന്ന ഒരു പെയിൻ്റിംഗ്. പെയിൻ്റിംഗ് അന്തരീക്ഷത്തിൽ കറങ്ങിക്കൊണ്ടിരിക്കുകയാണ്, അത് നീങ്ങുന്നുണ്ടായില്ലെങ്കിലും ഭിത്തിയിൽ ഘടിപ്പിച്ചിരുന്നില്ല. ഇന്നും അത് അങ്ങനെ തന്നെ തുടരുന്നു. കന്യാമറിയത്തിൻ്റെ ചിത്രത്തിന് മുൻപിൽ അത്ഭുതങ്ങൾ സംഭവിക്കാൻ തുടങ്ങി.അത്ഭുതകരമായ രോഗശാന്തികളുടെ ഖ്യാതി ദൂരദേശങ്ങളിലേക്ക് പോലും പരന്നതുകൊണ്ട് തീർത്ഥാടകർ കൂട്ടമായി എത്തി. പരിശുദ്ധ കന്യകയിൽ പെട്രൂച്ചിയക്കുണ്ടായിരുന്ന വിശ്വാസത്തെ സാധൂകരിച്ചുകൊണ്ട് സന്ദർശകർ പള്ളിയുടെ പൂർത്തീകരണത്തിനായി സന്തോഷത്തോടെ സംഭാവനകൾ നൽകി.