ഡിസംബര്‍ 6- ഔര്‍ ലേഡി ഓഫ് സീസ്
ഔര്‍ ലേഡി ഓഫ് സീസിനു വേണ്ടി ആദ്യമായി ദേവാലയം നിര്‍മ്മിച്ചത് വിശുദ്ധ ലാറ്റ്വിനായിരുന്നു. അഞ്ചാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് ഇവിടെ ആദ്യദേവാലയം പണികഴിക്കപ്പെട്ടത്. പിന്നീട് ഒരു ദേവാലയം ഇവിടെ മാറ്റി പണികഴിക്കപ്പെട്ടു. അപ്പോള്‍ നോട്രെ ഡാം ഡു വിവിയറിന്റെ പേരിലാണ് അത് സമര്‍പ്പിക്കപ്പെട്ടത്.
അഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നോര്‍മന്മാര്‍ ഈ ദേവാലയം നശിപ്പിച്ചപ്പോള്‍ ഇവിടെ നിന്ന് നൂറു മീറ്റര്‍ അകലെയായി ഒരു പേഗന്‍ ദേവാലയത്തിന്റെ സമീപത്തായി മറ്റൊരു ദേവാലയം പണികഴിപ്പിച്ചു. രക്തസാക്ഷി വിശുദ്ധരായ ഫെര്‍വായിസിന്റെയും പ്രോട്ടാസിന്റെയും നാമധേയത്തില്‍ പണികഴിപ്പിക്കപ്പെട്ട ഈ ദേവാലയത്തില്‍ അവരുടെ തിരുശേഷിപ്പുകളും പ്രതിഷ്ഠിക്കുകയുണ്ടായി. പ്രധാന കത്തീഡ്രലിനോടു ചേര്‍ന്ന് ഔര്‍ ലേഡി ഓഫ് സീസിന്റെ നാമത്തില്‍ ഒരു ചാപ്പല്‍ പണിയിപ്പിച്ചപ്പോള്‍ അത് ആദ്യകാലത്ത് പണിത ദേവാലയത്തിന്റെ ഓര്‍മ്മയുണര്‍ത്തുന്ന വിധത്തിലായിരുന്നു. പ്രശസ്തരായ പല വ്യക്തികളും ഈ ദേവാലയത്തില്‍ തീര്‍ത്ഥാടനം നടത്തിയിട്ടുണ്ട്.
പാരീസിലെ ബിഷപ്പായിരുന്ന വിശുദ്ധ ജെര്‍മ്മെയ്ന്‍ ,വിശുദ്ധ എവറോള്‍ട്ട്, വിശുദ്ധ ഓസ്മണ്ട്, വിശുദ്ധ തിയെറി എന്നിവരൊക്കെ അവരില്‍ ചിലരായിരുന്നു. 1127 മുതല്‍ അഗസ്റ്റീയന്‍ സന്യാസിമാരാണ് ഇവിടെ ശുശ്രൂഷ ചെയ്യുന്നത്.
1786 ആയപ്പോഴേയ്്ക്കും രൂപതയുടെ പ്രത്യേക മധ്യസ്ഥകൂടിയായ ഔര്‍ ലേഡി ഓഫ് സീസിന്റെ പേരില്‍ കത്തീഡ്രലും പുതിയ അള്‍ത്താരയും സമര്‍പ്പിക്കപ്പെട്ടു. 1792 ല്‍ മതപീഡനം ആരംഭിച്ചപ്പോള്‍ ഈ ദേവാലയത്തിലെ പല പുരോഹിതന്മാര്‍ക്കും രക്തസാക്ഷിത്വം വരിക്കാനുള്ള അവസരമുണ്ടായി. മാതാവിനോടുള്ള സ്‌നേഹവും ഭയഭക്തിയുമാണ് അവരെ രക്തസാക്ഷിത്വത്തിന് പ്രേരിപ്പിച്ചത്. 1795 ല്‍ ദേവാലയത്തിനു നേരെ ശക്തമായ ഒരാക്രമണം നടക്കുകയുണ്ടായി.
കേടുപാടുകള്‍ സംഭവിച്ച ദേവാലയത്തിന്റെ അവശിഷ്ടങ്ങളുപയോഗിച്ച് ഒരു വിപ്ലവകാരി വീടു പണിയാന്‍ ശ്രമിച്ചുവെന്നും രണ്ടുതവണയും ശ്രമം പരാജയപ്പെട്ടപ്പോള്‍ അയാളത് എന്നേയ്ക്കുമായി ഒഴിവാക്കിയെന്നും ഒരു കഥകൂടിയുണ്ട്.