കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ മുൻ മേലധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കലിന് ഇന്ന് (ഡിസംബർ 10) എണ്‍പതാം ജന്‍മദിനം. 19 വര്‍ഷത്തെ മെത്രാന്‍ ശുശ്രൂഷാകാലത്ത് ആത്മീയ സാമൂഹിക തലങ്ങളില്‍ വലിയ ഉയര്‍ച്ചയും നേട്ടങ്ങളും അര്‍പ്പിച്ച ശേഷമാണ് 2020 ഫെബ്രുവരിയില്‍ വിരമിച്ചത്. വൈദികനായശേഷം ചങ്ങനാശേരി അതിരൂപതയില്‍ അമ്പൂരിയിലാണ് സേവനത്തിന് തുടക്കം. തുടര്‍ന്ന് അതിരൂപതാ അസിസ്റ്റന്റ് പ്രൊക്കുറേറ്ററായി നിയമിതനായി. കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിതമായതോടെ പീരുമേട് ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ പ്രഥമ എക്‌സിക്യൂട്ടീവ് ഡയറക്ടറായി. 2001 ജനുവരി 19ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനായി നിയമിതനായി. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി ഉള്‍പ്പെടെ മുന്‍നിര വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒട്ടേറെ ഇതര സംരംഭങ്ങളും മാര്‍ മാത്യു അറയ്ക്കലിന്റെ സംഭാവനകളാണ്. കുട്ടിക്കാനം മരിയൻ കോളജാരംഭിക്കുന്നതിന് മാർ മാത്യു അറയ്ക്കൽ ശ്രദ്ധേയമായ പങ്കു വഹിച്ചു.കേന്ദ്ര പ്ലാനിംഗ് കമ്മീഷന്‍ അംഗം (എന്‍ജിഒ വിഭാഗം), രാഷ്ട്രദീപിക ചെയര്‍മാന്‍, സംസ്ഥാന തുടര്‍ വിദ്യാഭ്യാസ ഭരണസമിതി അംഗം, സീറോ മലബാര്‍ ലെയ്റ്റി കമ്മീഷന്‍ ചെയര്‍മാന്‍ നാഷണല്‍ ബാങ്ക് ഓഫ് അഗ്രിക്കള്‍ച്ചറല്‍ ഡവലപ്‌മെന്റ് (നബാര്‍ഡ്) അംഗം, കൗണ്‍സില്‍ ഫോര്‍ അഡ്വാന്‍സ്‌മെന്റ് ഓഫ് പീപ്പിള്‍സ് ആക്ഷന്‍ ആന്‍ഡ് റൂറല്‍ ടെക്‌നോളജി (കപാര്‍ട്ട്) അംഗം, സംസ്ഥാന ഫാമിംഗ് കോര്‍പ്പറേഷന്‍ അംഗം, കേന്ദ്ര ഗ്രാമവികസന, തൊഴില്‍ മന്ത്രാലയം കണ്‍സള്‍ട്ടന്റ്, കെസിബിസിയുടെ കീഴില്‍ കേരള സോഷ്യല്‍ സര്‍വീസ് ഫോറം ചെയര്‍മാന്‍, കമ്മീഷന്‍ ഫോര്‍ ജസ്റ്റീസ്, പീസ് ആന്‍ഡ് ഡെവലപ്‌മെന്റ് ചെയര്‍മാന്‍, സീറോ മലബാര്‍ സഭ ഫിനാന്‍സ് കൗണ്‍സില്‍ ചെയര്‍മാന്‍ തുടങ്ങി വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചു. 2005ല്‍ സഹ്യാദ്രി കോ ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി സ്ഥാപിച്ചു.
രൂപതയുടെ അജപാലന പ്രവർത്തനങ്ങളെ സമഗ്രമായി ക്രമീകരിക്കുന്നതിനും വിശ്വാസ സമൂഹത്തെ ശക്തിപ്പെടുത്തുന്നതിനും മാർ അറയ്ക്കൽ പ്രത്യേകം ശ്രദ്ധിച്ചു. രൂപതയില്‍ ഇക്കാലത്ത് അഞ്ചു പുതിയ ഫൊറോനകളും 25 പുതിയ ഇടവകകളും സ്ഥാപിതമാകുകയും 58 പുതിയ പള്ളികൾ നിർമ്മിക്കുകയും ചെയ്തു.
അഗതിമന്ദിരങ്ങള്‍, വയോജന ഭവനങ്ങള്‍ മനോരോഗചികിത്സാലയങ്ങള്‍, ലഹരിവിമോചന കേന്ദ്രങ്ങള്‍, ശാരീരിക ന്യൂനതയുള്ളവരുടെ സംരക്ഷണകേന്ദ്രങ്ങള്‍ തുടങ്ങി എഴുപതിലേറെ സ്ഥാപനങ്ങളുടെ നേതൃത്വം വഹിച്ചു.