എറണാകുളം: സഭാവിരുദ്ധമായി വിളിച്ചുകൂട്ടുന്ന സമ്മേളനങ്ങളില്‍ പങ്കെടുക്കരുതെന്ന് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര് മാര്‍ ബോസ്‌ക്കോ പുത്തൂര്‍. അതിരൂപതയില്‍ അച്ചടക്കം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി നിയമാനുസൃതമായി കൈക്കൊണ്ട തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ടും സഭയിലെ പുരോഹിതരെയും സന്യസ്തരെയും അല്മായരെയും തെറ്റിദ്ധരിപ്പിച്ചുകൊണ്ടും ചില വ്യക്തികള്‍ തൃപ്പൂണിത്തുറ, പാലാരിവട്ടം,മാതാനഗര്‍ എന്നീ ഇടവകകളില്‍ വിളിച്ചുകൂട്ടുന്ന സമ്മേളനങ്ങള്‍ക്കെതിരെയാണ് സഭയുടെ ഔദ്യോഗിക മുന്നറിയിപ്പ്.
പ്രതിഷേധസമ്മേളനങ്ങളും അതോട് അനുബന്ധിച്ചുള്ള വിശുദ്ധ കുര്‍ബാനയര്‍പ്പണങ്ങളും സഭയുടെ നിയമാനുസൃത സംവിധാനത്തിനെതിരെയാണെന്നത് അവര്‍ പ്രചരിപ്പിക്കുന്ന നോട്ടീസില്‍ നിന്ന് വ്യക്തമാണ്. സഭയെ സ്‌നേഹിക്കുന്ന വൈദികര്‍- അലമായ വിശ്വാസികള്‍ എല്ലാവരും സഭാകൂട്ടായ്മയക്ക് വിഘാതമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്നും ഇത്തരം തെറ്റായ സമ്മേളനങ്ങളുടെയും സംഗമങ്ങളുടെയും ഭാഗമാകരുതെന്നും മാര്‍ ബോസ്‌ക്കോ പുത്തൂര്‍ ഓര്‍മ്മിപ്പിച്ചു.