ഇന്ന് മാര്‍ച്ച് 25 . ആഗോള കത്തോലിക്കാ സഭ മംഗളവാര്‍ത്താ തിരുനാള്‍ ആചരിക്കുന്ന ദിവസം.
ദാവീദ് ഗോത്രത്തില്‍ പെട്ട ജൊവാക്കിമിന്റെയും അന്നയുടെയും മകളായ മറിയത്തില്‍ നിന്ന് പരി.ത്രീത്വത്തിലെ രണ്ടാമത്തെ ആളായ യേശുക്രിസ്തു മനുഷ്യാവതാരം ചെയ്യുമെന്ന സന്ദേശത്തിന്റെ ഓര്‍മ്മ പുതുക്കുന്ന ദിവസമാണ് മംഗളവാര്‍ത്തതിരുനാള്‍. ഗബ്രിയേല്‍ മാലാഖയാണ് മറിയത്തെ ആ മംഗളവാര്‍ത്ത അറിയിച്ചത്. ആ അറിയിപ്പിനോട് മാതാവ് പ്രത്യുത്തരിച്ചതാകട്ടെ ഇതാ കര്‍ത്താവിന്റെ ദാസിയെന്നും.
മറിയത്തിന്‍റെ ആ മറുപടിയാണ് ദൈവത്തിന്റെ മനുഷ്യാവതാര കര്‍മ്മത്തിന് കാരണമായത്. അതുകൊണ്ട് ദൈവഹിതത്തോട് ആമ്മേന്‍ പറയാന്‍ നമുക്കുള്ള സാധ്യതകളെയും അവസരങ്ങളെയുമാണ് ഓരോ മംഗളവാര്‍ത്താ തിരുനാളും നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.
നമ്മുടെ ഓരോ ആമ്മേനിലും ദൈവം അത്ഭുതം ഒളിപ്പിച്ചുവച്ചിട്ടുണ്ട്. ജീവിതത്തില്‍ നാം എപ്പോഴൊക്കെ ദൈവഹിതത്തോട് ആമ്മേന്‍ പറയാന്‍ വിസമ്മതിക്കുകയോ മറന്നുപോവുകയോ ചെയ്തിട്ടുണ്ടോ അപ്പോഴെല്ലാം ആ അത്ഭുതം നടക്കാതെയും പോയിട്ടുണ്ട്. മറിയം അന്ന് ആമ്മേന്‍ പറഞ്ഞില്ലായിരുന്നുവെങ്കില്‍…അങ്ങനെയൊരു സാധ്യതയെക്കുറിച്ചും ചിന്തിക്കേണ്ടതുണ്ട്.
ദൈവഹിതത്തിന് ആമ്മേന്‍ പറയുന്നത് അത്രമേല്‍ എളുപ്പമായ കാര്യമല്ല. അതില്‍ വേദനയും സങ്കടങ്ങളുമെല്ലാമുണ്ട്. പക്ഷേ ആത്യന്തികമായി അതിലുള്ളത് മഹത്വം തന്നെയാണ്.
ആ മഹത്വത്തിലേക്ക് പ്രവേശിക്കാന്‍ മറിയവും മംഗളവാര്‍ത്താതിരുനാളും നമ്മെ പ്രചോദിപ്പിക്കട്ടെ.