വിഭജിക്കപ്പെടാനുള്ള ശരീരവും ചിന്തപ്പെടാനുള്ള രക്തവുമാണ് ഉണ്ണീശോയെന്നും എല്ലാവരും വാങ്ങി ഭക്ഷിക്കേണ്ട ഭക്ഷണവും പാനം ചെയ്യേണ്ട പാനീയവുമാണ് ഉണ്ണീശോയെന്നും ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍. ക്രിസ്തുമസ് മംഗളങ്ങള്‍ നേര്‍ന്നുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറിയം തന്റെ കടിഞ്ഞൂല്‍പ്പുത്രനെ പിള്ളക്കച്ച കൊണ്ടു പൊതിഞ്ഞു പുല്‍ത്തൊട്ടിയില്‍ കിടത്തി എന്ന ലുക്കാ 2:7 വചനം ആസ്പദമാക്കിയാണ് മാര്‍ സ്രാമ്പിക്കല്‍ ക്രിസ്തുമസ് സന്ദേശം നല്കിയത്്.
വചനം റൂഹായാല്‍ മറിയത്തില്‍ നിന്ന് മനുഷ്യശരീരം സ്വീകരിക്കുന്നത് മഹനീയവും വിസ്മയാവഹവുമായ രക്ഷാപദ്ധതി മുഴുവനും കാലത്തിന്റെ തികവില്‍ തന്റെ കരങ്ങള്‍ വഴി നിറവേറ്റാനും പൂര്‍ത്തിയാക്കാനുമാണ്. ഈശോയുടെ പിറവിത്തിരുനാളിനെ രക്ഷാകരപദ്ധതിയില്‍ നി്ന്നു വേര്‍പെടുത്തിക്കാണരുതെന്നാണ് ആരാധനക്രമത്തില്‍ നിന്നും വിശുദ്ധഗ്രന്ഥത്തില്‍ നിന്നും നാം മനസിലാക്കുന്നത്. അദ്ദേഹം പറഞ്ഞു.
മറിയം പിള്ളക്കച്ചകൊണ്ട് പൊതിഞ്ഞു ഉണ്ണീശോയെ കിടത്തിയത് ബെദ്‌ലഹേമിലാണ്. ബേദ്‌ലഹേം എന്നതുകൊണ്ട് നാം മനസ്സിലാക്കേണ്ടത് അപ്പത്തിന്റെ ഭവനം എന്നാണ്. വിശുദ്ധ കുര്‍ബാനയില്‍ നാം ഇപ്രകാരം കേള്‍ക്കുന്നു. ഈശോ തന്റെ പരിശുദ്ധമായ കരങ്ങളില്‍ അപ്പമെടുത്തു വാഴ്ത്തി വിഭജിച്ചു അരുള്‍ച്ചെയ്തു ഇതുലോകത്തിന്റെ ജീവനുവേണ്ടി പാപമോചനത്തിനായി വിഭജിക്കപ്പെടുന്ന എന്റെ ശരീരമാകുന്നു. നിങ്ങളെല്ലാവരും ഇതില്‍ നിന്നു വാങ്ങി ഭക്ഷിക്കുവിന്‍.
ആധ്യാത്മികവര്‍ഷമായി ആചരിക്കുന്ന ഈ വര്‍ഷത്തെ പിറവിത്തിരുനാളിന് കൂടുതലായി വചനം ശ്രവിക്കാനും അതനുസരിച്ച് ജീവിതത്തെ വിലയിരുത്താനും കഴിയട്ടെയെന്നും മാര്‍ സ്രാമ്പിക്കല്‍ ആശംസിച്ചു.