ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കിടയില്‍ ക്രൈസ്തവര്‍ക്കുനേരെ ഭാരതത്തിന്റെ വിവിധപ്രദേശങ്ങളില്‍ വ്യാപകമായ ആക്രമണം. മണിപ്പൂര്‍, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ്,കേരളം എന്നിവിടങ്ങളിലാണ് ക്രിസ്തുമസ് ആഘോഷങ്ങള്‍ തടസപ്പെട്ടത്, വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്രംഗ് ദളിന്റെയും നേതൃത്വത്തിലായിരുന്നു ആക്രമണങ്ങള്‍ നടന്നത്. രാജസ്ഥാനിലെ സ്‌കൂളില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ തടസ്സപ്പെടുത്തി. പഞ്ചാബില്‍ പെന്തക്കോസ്ത സുവിശേഷപ്രഘോഷകനെ മര്‍ദ്ദിച്ചു. ക്രിസ്ത്യാനികളാക്കുന്നു എന്ന് ആരോപിച്ചായിരുന്നു ആക്രമണം.
സാന്താക്ലോസ് വസ്ത്രം ധരിച്ചതിന്റെ പേരില്‍ സൊമാറ്റോ ജീവനക്കാരെ ഭീഷണിപ്പെടുത്തി വസ്ത്രം അഴിച്ചുമാറ്റുന്നതിന്റെ വീഡിയോ വൈറലായി മാറിക്കഴിഞ്ഞു. മധ്യപ്രദേശിലാണ് പ്രസ്തുതസംഭവം. സംഘര്‍ഷം വിട്ടുമാറാത്ത മണിപ്പൂരിലും വിവിധഭാഗങ്ങളില്‍ സംഘര്‍ഷങ്ങള്‍ ഉടലെടുത്തു. പാലക്കാട് ഗവണ്‍മെന്റ് സ്‌കൂളില്‍ നടന്ന ക്രിസ്തുമസ് ആഘോഷങ്ങള്‍ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ അലങ്കോലപ്പെടുത്തി.
സിബിസിഐ ആസ്ഥാനത്ത് നടന്ന ക്രിസ്തുമസ് ആഘോഷങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തുവെങ്കിലും രാജ്യം ഉടനീളം നടക്കുന്ന ഇത്തരം അക്രമങ്ങള്‍ തികച്ചും ആശങ്കയുണര്‍ത്തുന്നവയാണ്.