മനുഷ്യാവതാര ജൂബിലി: കാഞ്ഞിരപ്പള്ളി രൂപതാതല വർഷാചരണത്തിന് തുടക്കം
മിശിഹാ വർഷം 2025 – ഈശോ മിശിഹായുടെ മനുഷ്യാവതാര ജൂബിലി വർഷാചരണത്തിന് കാഞ്ഞിരപ്പള്ളി രൂപതയിൽ നാളെ തുടക്കമാകും. നാളെ (ഞായർ ഡിസംബർ 29 ) രാവിലെ 6 30 ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ പരിശുദ്ധ കുർബാന അർപ്പിക്കും.
ചരിത്രത്തിൽ അവതരിച്ച ഈശോമിശിഹായുടെ മനുഷ്യാവതാര ത്തിൻറെ 2025 ജൂബിലി വർഷമാണ്.വത്തിക്കാനിലെ സെൻറ് പീറ്റേഴ്സ് ബസിലിക്കയിൽ ഇരുപത്തിയഞ്ച് വർഷത്തിലൊരിക്കൽ തുറക്കുന്ന വിശുദ്ധ വാതിൽ പിറവി തിരുനാൾ തിരുക്കർമ്മങ്ങൾക്ക് മുമ്പായി മാർ ഫ്രാൻസിസ് പാപ്പ തുറന്നതോടെയാണ് ജൂബിലി വർഷാചരണത്തിന് തിരിതെളിഞ്ഞത്. ഇതിനോട് ചേർന്നാണ് രൂപതകളിലെ വർഷാചരണം.
കാഞ്ഞിരപ്പള്ളി രൂപതയിലെ വിവിധ ഇടവകളിലെ ജൂബിലി വർഷാചരണത്തിന് ദനഹാ തിരുനാൾ റംശ നമസ്കാരത്തിലെ ദീപം തെളിക്കൽ ശുശ്രൂഷയോടനുബന്ധിച്ച് തുടക്കമാകും. ആരാധനക്രമ വിശ്വാസജീവിത പരിശീലന പരിപാടികൾ, പരിശുദ്ധ കുമ്പസാരത്തിനുള്ള അധിക സൗകര്യങ്ങൾ,തീർത്ഥാടനങ്ങളുടെ പ്രോത്സാഹനം എന്നിവയിലൂടെ വിശ്വാസ ജീവിതത്തിന് ശക്തിപകരുന്ന വിവിധ കർമപദ്ധതികൾ ജൂബിലി വർഷത്തിൽ രൂപതയിൽ നടപ്പിലാക്കും