Tuesday, January 7, 2025
spot_img
More

    ദനഹാത്തിരുനാൾ : ദീപാലംകൃതമായി കാഞ്ഞിരപ്പള്ളി പഴയപള്ളി

    ദനഹാത്തിരുനാൾ : ദീപാലംകൃതമായി കാഞ്ഞിരപ്പള്ളി പഴയപള്ളി

    ദനഹാത്തിരുനാളിനോടനുബന്ധിച്ച് ദീപാലംകൃതമായി കാഞ്ഞിരപ്പള്ളി പഴയപള്ളി. ഇരുളകറ്റി ലോകത്തിന് പ്രകാശമായ ഈശോ മിശിഹായുടെ പ്രത്യക്ഷീകരണത്തെ അനുസ്മരിച്ച് തെളിയിച്ച ദീപങ്ങൾ പഴയപള്ളി പരിസരത്തെ വർണാഭമാക്കി. ഈശോയുടെ മാമ്മോദീസയെയും പ്രത്യക്ഷീകരണത്തെയും അനുസ്മരിക്കുന്ന തിരുനാളാണ് ദനഹാത്തിരുനാൾ .

    വൈകുന്നേരം 6.00 മണിക്ക് നടത്തപ്പെട്ട റംശ നമസ്കാരത്തിന് രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ കാർമികത്വം വഹിക്കുകയും റംശ നമസ്കാരത്തിലെ ദീപം തെളിക്കൽ ശുശ്രൂഷയോടനുബന്ധിച്ച് ഈശോ മിശിഹായുടെ മനുഷ്യാവതാര ജൂബിലിയുടെ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീദ്രൽ ഇടവക തല വർഷാചരണത്തിന് ആരംഭം കുറിക്കുകയും ചെയ്തു.ഈശോ മിശിഹായാകുന്ന വെളിച്ചത്തെ സൂചിപ്പിച്ചുകൊണ്ട് അലങ്കരിക്കപ്പെട്ട പിണ്ടിയിൽ രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ തിരി തെളിച്ചു. ലോകത്തിന്റെ പ്രകാശമായ ഈശോമിശിഹായിലുള്ള വിശ്വാസത്തിലൂടെ ഇരുളിനെ അകറ്റുകയും ലൗകിക താത്പര്യങ്ങളുടെ നുറുങ്ങു വെട്ടത്തിൽ വഴി നടക്കാനുള്ള പ്രലോഭനങ്ങളെ അതിജീവിക്കുകയും ചെയ്യുവാൻ നമുക്ക് സാധിക്കണമെന്ന് ദനഹത്തിരുനാൾ റംശ നമസ്കാരത്തിലെ വചനസന്ദേശത്തിൽ മാർ ജോസ് പുളിക്കൽ ഓർമിപ്പിച്ചു.

    കത്തീദ്രൽ ഇടവകയിലെ കുട്ടികളും യുവജനങ്ങളും പള്ളി അങ്കണത്തിൽ അവതരിപ്പിച്ച നസ്രാണി കലാരൂപങ്ങളായ മാർഗ്ഗംകളിയുൾപ്പെടെയുള്ളവ നസ്രാണി പൈതൃകത്തിൻ്റെ ഓർമ്മപ്പെടുത്തലായിരുന്നു. കാഞ്ഞിരപ്പള്ളി രൂപത വിശ്വാസ പരിശീലന കേന്ദ്രമായ സുവാറ , നസ്രാണി മാർഗ്ഗം കൂട്ടായ്മ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഓർമ്മയിലെ ദനഹാ എന്ന പേരിൽ ദനഹാ തിരുനാളാചരണാനുഭവങ്ങൾ പങ്കു വയ്ക്കുന്നതിന് രൂപതാ തലത്തിൽ അവസരമൊരുക്കിയിരുന്നു.

    കത്തീദ്രലിലെ ക്രമീകരണങ്ങൾക്ക് വികാരി ആർച്ച് പ്രീസ്റ്റ് ഫാ. വർഗ്ഗീസ് പരിന്തിരിക്കൽ, ഫാ.ജോസഫ് ആലപ്പാട്ടുകുന്നേൽ, ഫാ. ജേക്കബ് ചാത്തനാട്ട്, സന്യാസിനികൾ, വിശ്വാസ ജീവിത പരിശീലകർ, വിവിധ സംഘടന പ്രതിനിധികൾ, യുവജനങ്ങൾ എന്നിവർ നേതൃത്വം നല്കി.

    ഫോട്ടോ: ദനഹാ തിരുനാൾ തിരുക്കർമ്മങ്ങളോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി പഴയ പള്ളി അങ്കണത്തിൽ തയ്യാറാക്കിയിരുന്ന പിണ്ടിയിൽ മാർ ജോസ് പുളിക്കൽ ദീപം തെളിക്കുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!