കാക്കനാട്: സീറോമലബാര്‍ സഭാസിനഡ് ശനിയാഴ്ച സമാപിക്കും.
ഭദ്രാവതി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് അരുമച്ചാടത്ത് നല്കിയ ധ്യാനചിന്തകളോടെയാണ് സിനഡ് ആരംഭിച്ചത്. മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിനോടൊപ്പം സിനഡുപിതാക്കന്മാര്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു. മാര്‍ ജോര്‍ജ് കൂവക്കാട്നെ കര്‍ദിനാളായി ഉയര്‍ത്തിയതുവഴി ഫ്രാന്‍സിസ് മാര്‍പാപ്പ അദ്ദേഹത്തെ വ്യക്തിപരമായും സീറോമലബാര്‍സഭയെ മുഴുവനായും ആദരിച്ചുവെന്നു മേജര്‍ ആര്‍ച്ചുബിഷപ്പ് അഭിപ്രായപ്പെട്ടു. ചങ്ങനാശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായി സ്ഥാനമേറ്റ മാര്‍ തോമസ് തറയിലിനെയും ഷംഷാബാദ് രൂപതയുടെ മെത്രാനായി സ്ഥാനമേറ്റ മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടനെയും മേജര്‍ ആര്‍ച്ചുബിഷപ്പ് അനുമോദനങ്ങള്‍ അറിയിച്ചു.
രജതജൂബിലി നിറവിലായിരിക്കുന്ന അദിലാബാദ് രൂപതയേയും മേല്പട്ട ശുശ്രൂഷയുടെ രജതജൂബിലി ആഘോഷിക്കുന്ന മാര്‍ ജോസഫ് കുന്നത്തിനെയും പൗരോഹിത്യ സ്വീകരണത്തിന്റെ സുവര്‍ണ്ണ ജൂബിലി പൂര്‍ത്തിയാക്കിയ മാര്‍ ജോസഫ് പെരുന്തോട്ടത്തെയും രജതജൂബിലി പൂര്‍ത്തിയാക്കിയ മാര്‍ തോമസ് തറയിലിനെയും മേജര്‍ ആര്‍ച്ചുബിഷപ്പ് ആശംസകള്‍ അറിയിച്ചു. ഈ വര്‍ഷം സീറോമലബാര്‍സഭയില്‍ പൗരോഹിത്യപട്ടമേറ്റ 283 നവവൈദീകരെയും, സമര്‍പ്പിതസമൂഹങ്ങളില്‍ ആദ്യവ്രത വാഗ്ദാനം നടത്തിയ 404 പേരെയും നിത്യവ്രത വാഗ്ദാനം നടത്തിയ 483 പേരെയും മേജര്‍ ആര്‍ച്ചുബിഷപ്പ് അഭിനന്ദനങ്ങള്‍ അറിയിച്ചു. സഭയെയും സമൂഹത്തെയും ബാധിക്കുന്ന വിവിധങ്ങളായ വിഷയങ്ങളെക്കുറിച്ച് സിനഡ് ചര്‍ച്ചകള്‍ ആരംഭിച്ചു.