മരിയറ്റ് ബെക്കോ എന്ന ബാലിക തന്റെസഹോദരന്‍ വീട്ടിലെത്തുന്നതും കാത്ത് ജനാലയ്ക്കല്‍ ഇരിക്കുകയായിരുന്നു.സമയം രാത്രി ഏഴുമണിയായിരുന്നു. അവരുടെ അമ്മ അടുക്കളയില്‍ ജോലിത്തിരക്കിലായിരുന്നു. അപ്പോഴാണ് മാരിയെറ്റ് അമ്മയോട് ഉറക്കെ വിളിച്ചുപറഞ്ഞത്, അമ്മേ പൂന്തോട്ടത്തില്‍ ഒരു സ്ത്രീ. അത് പരിശുദ്ധ കന്യകയാണെന്ന്് തോന്നുന്നു.’
പക്ഷേ അമ്മ അത് മുഖവിലയ്‌ക്കെടുത്തില്ല. എന്തായാലും മരിയറ്റ് ഉടന്‍ തന്നെ ജപമാലയെടുത്തുപ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. സഹോദരന്‍ വന്നപ്പോള്‍ വിവരമെല്ലാം മരിയറ്റ് പറഞ്ഞു. പക്ഷേ അത് അവളുടെ വെറും തോന്നല്‍ മാത്രമാണെന്നും മഞ്ഞു വീഴ്ച കാരണം അങ്ങനെയൊരു രൂപം പൂന്തോട്ടത്തില്‍ ഉളളതായി തോന്നിയതാവാമെന്നും എല്ലാവരും പറഞ്ഞപ്പോള്‍ മരിയറ്റും സംശയാകുലയായി. ഇത്തരം കാര്യങ്ങളെക്കുറിച്ച് ആരോടും പറയരുതെന്നും കണ്ടതെല്ലാം മറന്നേക്കൂവെന്നുമായിരുന്നു ഇടവകവികാരിയുടെ പ്രതികരണവും.
അടുത്തദിവസം ബുധനാഴ്ച മരിയറ്റിനെ വിശുദ്ധ കുര്‍ബാനയ്ക്ക് കണ്ടപ്പോള്‍ വൈദികന്‍ അത്ഭുതപ്പെട്ടു. കാരണം പ്രഥമദിവ്യകാരുണ്യസ്വീകരണത്തിനുള്ള പരീക്ഷ മൂന്നുതവണ പരാജയപ്പെട്ടതിനു ശേഷം മരിയറ്റ് പള്ളിയിലേക്കുള്ള വഴിതന്നെ മറന്നുപോയിരുന്നു. പക്ഷേ അന്ന് ക്ലാസില്‍ പങ്കെടുത്ത മരിയറ്റ് പാഠങ്ങളെല്ലാം വളരെ പെട്ടെന്ന് തന്നെ പഠിച്ചെടുത്തു. അടുത്ത ദിവസം വൈകുന്നേരം മരിയറ്റ് പൂന്തോട്ടത്തില്‍ ചെന്ന് ജപമാലചൊല്ലാന്‍ ആരംഭിച്ചു. അയല്‍ക്കാരനായ ഒരു കത്തോലിക്കനും മരിയറ്റിന്റെ ഒപ്പം പ്രാര്‍ത്ഥനയ്ക്ക് കൂടി. അപ്പോള്‍ മാതാവ് ഈ പെണ്‍കുട്ടിയെ കൈയ്ക്ക് പിടിച്ചു ഒരു അരുവിയുടെ സമീപത്തേക്ക് കൊണ്ടുപോയി. മാതാവിനെക്കുറിച്ച് പെണ്‍കുട്ടി പിന്നീട് നല്കിയവിവരണം ഇപ്രകാരമാണ്. മാതാവിന്റെ മേലങ്കി നീളമുള്ളതും വെള്ള നിറത്തിലുള്ളതുമായിരുന്നു.
നീല ബെല്‍റ്റ് അമ്മ ധരിച്ചിരുന്നു.മാതാവിന്റെ ശിരസില്‍ നിന്ന് പ്രകാശകിരണങ്ങള്‍ പ്രസരിക്കുന്നുണ്ടായിരുന്നു, അഞ്ചടി ഉയരം മാത്രമേ മാതാവിനുണ്ടായിരുന്നുള്ളൂ. ഇടതുപാദത്തിങ്കല്‍ഒരു റോസപ്പൂവുണ്ടായിരുന്നു. വലതുകരത്തില്‍ ഒരു ജപമാല തൂങ്ങിക്കിടന്നിരുന്നു. ലൂര്‍ദ്ദിലെ പ്രത്യക്ഷീകരണത്തിന് സമാനമായ രീതിയിലായിരുന്നു മാതാവ് പ്രത്യക്ഷപ്പെട്ടത്. ആറേഴ് തവണ മാതാവ് മരിയറ്റിന് പ്രത്യക്ഷ്‌പ്പെട്ടു. ദരിദ്രരുടെ കന്യകയാണ് താന്‍ എന്നാണ് മാതാവ് തന്റെ പേരു വെളിപെടുത്തിയത്. ഈ അരുവി എല്ലാ ജനതകള്‍ക്കും വേണ്ടിയുള്ളതാണെന്നും ഇതിന് സമീപത്തായി ഒരു ദേവാലയം പണിയണമെന്നും മാതാവ് ആവശ്യപ്പെട്ടു. ഓരോ തവണയും കണ്ടുപിരിയുമ്പോള്‍ മാതാവ് പറഞ്ഞിരുന്നത് നാം ഇനി കണ്ടുമുട്ടുംവരെ എന്നായിരുന്നു. എന്നാല്‍ അവസാനത്തെ കണ്ടുമുട്ടലിന് പറഞ്ഞതാകട്ടെ ഗുഡ് ബൈ എന്നും.
മരിയറ്റിനെ അനുഗ്രഹിച്ചിട്ടാണ് മാതാവ് കടന്നുപോയത്. ആ സമയം അവള്‍ ബോധരഹിതയായി നിലംപതിച്ചു. മാതാവ് ആവശ്യപ്പെട്ടതുപ്രകാരം അരുവിക്കരയില്‍ ഒരു ദേവാലയം നിര്‍മ്മിച്ചു. അരുവിയിലെ ജലം അനേകര്‍ക്ക് രോഗസൗഖ്യത്തിന് കാരണമായി 1947 മുതല്‍ മാതാവിനോടുളള വണക്കത്തിന് രൂപതാതലത്തില്‍ അംഗീകാരം കിട്ടി. 1948 ല്‍ പുതിയ ദേവാലയം നിര്‍മ്മിച്ചു. മരിയറ്റ ഒരു ഡ്ച്ചുകാരനെ വിവാഹം കഴിച്ചു.