ഈശോയ്ക്ക് പന്ത്രണ്ടു വയസ് പ്രായമുള്ളപ്പോഴായിരുന്നു ആ സംഭവം. ഈശോ മാതാപിതാക്കള്‍ക്കൊപ്പം തിരുനാളിനായി ദേവാലയത്തിലെത്തി. ഉണ്ണീശോയെയും കൂട്ടിയാണ് യാത്ര പുറപ്പെട്ടിരുന്നതെങ്കിലും യാത്രയ്ക്കിടയില്‍ വച്ച് അവര്‍ക്കെങ്ങനെയോ പരസ്പരമുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. യൗസേപ്പും മറിയവും കരുതിയത് ഉണ്ണീശോ മറ്റു ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഒപ്പമുണ്ടായിരിക്കും എന്നാണ്.
പക്ഷേ പിന്നീടാണ് അവര്‍ തിരിച്ചറിഞ്ഞത് ഉണ്ണീശോ തങ്ങളുടെ ഒപ്പവുമില്ല ബന്ധുക്കളുടെയൊപ്പവുമില്ല. ആകുലചിത്തരായ അവര്‍ വേഗം ജെറുസലേം ദേവാലയത്തിലേക്ക് തിരികെ നടന്നു. മൂന്നു ദിവസത്തെ സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ അവര്‍ ദേവാലയത്തിലെത്തുകയും വേദശാസ്ത്രികളുമായി സംസാരിച്ചുകൊണ്ടിരിക്കുന്ന ഉണ്ണീശോയെ കണ്ടെത്തുകയും ചെയ്തു. തന്നെ അന്വേഷിച്ചുതിരികെ വന്ന മാതാപിതാക്കളുടെ സങ്കടം ബാലനായ ഈശോയ്ക്ക് മനസ്സിലാകുന്നുണ്ടായിരുന്നു. സ്വര്‍ഗീയപിതാവിനോടുള്ള സ്‌നേഹവും പ്രാര്‍ത്ഥനയില്‍ അവിടുന്നുമായി ഒന്നായിത്തീരാനുള്ള ദാഹവുമാണ് ഈശോയെ ദേവാലയത്തില്‍ തന്നെ പിടിച്ചുനിര്‍ത്തിയത്.
രക്ഷകന്റെ വരവിനെക്കുറിച്ചുള്ള നിരവധി കിംവദന്തികള്‍ അക്കാലത്ത് നിലവിലുണ്ടായിരുന്നു. പണ്ഡിതരും അധ്യാപകരും ആയി കണക്കാക്കാവുന്നവിധത്തിലുള്ള ഉന്നതജ്ഞാനമുള്ളവര്‍ അംഗമായ സദസിലാണ് ബാലനായ യേശു ഉണ്ടായിരുന്നത്. ഈ ലോകത്തിലെ ആചാര്യന്മാരുടെ മുമ്പില്‍ വിനീതനായ ഒരു ശിഷ്യനെപോലെയാണ് യേശുനിലയുറപ്പിച്ചിരുന്നത്. അവരുടെ സംഭാഷണം കേള്‍ക്കാനും താന്‍ വന്നിരിക്കുന്നത് എന്തിനാണെന്ന് വ്യക്തമാക്കാനുമാണ് യേശു അവിടെയുണ്ടായിരുന്നത്. മിശിഹാ ഇതിനകം വന്നിട്ടുണ്ടോ അല്ലെങ്കില്‍ അവന്‍ ലോകത്തിലേക്ക് വരേണ്ട സമയത്തെക്കുറിച്ചു സംസാരിക്കാനായിരുന്നു ഈശോ അവിടെയുണ്ടായിരുന്നത്. മിശിഹാ ഇതിനകം വന്നിട്ടുണ്ടെന്നുള്ള ഈശോയുടെ വെളിപെടുത്തല്‍ വേദശാസ്ത്രികളെ അത്ഭുതപ്പെടുത്തി. ബാലനായ യേശുവിന്റെ ജ്ഞാനം അവരെ അതിശയപ്പെടുത്തി.
ആരാണ് ഈ കുട്ടി. അവന്‍ എവിടെ നിന്നാണ് വരുന്നത്. ഇവന് ഈ അറിവെല്ലാം എവിടെനിന്ന് എന്നെല്ലാം അവര്‍ അത്ഭുതപ്പെട്ടു. തന്റെ വാദം പൂര്‍ത്തിയാക്കിയ സമയത്താണ് ജോസഫും മറിയവും അവിടെയെത്തിയത്.