ലോകം മുഴുവനുമുള്ള കത്തോലിക്കാ ദേവാലയങ്ങളിലെ വിശുദ്ധ കുര്‍ബാനയ്ക്കിടയില്‍ കാണാന്‍ കഴിയുന്ന ഒരു സ്ഥിരം കാഴ്ചയുണ്ട്. ദേവാലയത്തിലുള്ള ഭൂരിപക്ഷവും വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നു. അവരില്‍ എത്രപേര്‍ ഒരുക്കമുള്ളവരായുണ്ട് എന്നതിനെക്കുറിച്ച് നമുക്കറിയില്ല. എല്ലാവരും വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നു അതുകൊണ്ട് ഞാനും പോവുന്നു, ഞാന്‍ വിശുദ്ധ കുര്‍ബാന സ്വീകരിച്ചില്ലെങ്കില്‍ മറ്റുള്ളവര്‍ എന്തു വിചാരിക്കും?
ഇങ്ങനെയും വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നവരുണ്ട്. എന്നാല്‍ വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നതിന് മുമ്പ് ഓരോരുത്തരും സ്വയം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്. ഈശോയെ സ്വീകരിക്കാന്‍ മാത്രം എന്റെ ഹൃദയത്തിന് ഒരുക്കമുണ്ടോ? ഞാനെത്രമാത്രം പ്രസാദവരാവസ്ഥയിലാണ് ഇപ്പോഴുള്ളത്? മറ്റുള്ളവരെ കാണിക്കാനായിട്ടാകരുത് ഒരിക്കലും വിശുദ്ധ കുര്‍ബാന സ്വീകരിക്കേണ്ടത്. മറിച്ച് ഈശോയോടുള്ള സ്‌നേഹം കൊണ്ടായിരിക്കണം. എന്നാല്‍ അതിനൊപ്പം വിശുദ്ധ കുര്‍ബാന സ്വീകരണത്തിന് പിന്നില്‍ മറ്റൊരു ലക്ഷ്യംകൂടിയുണ്ടായിരിക്കേണ്ടതുണ്ടെന്ന് വിശുദ്ധ ഫ്രാന്‍സിസ് സാലസ് പറയുന്നു. ദൈവസ്‌നേഹത്തില്‍ വളരുകയും ശക്തിപ്രാപിക്കുകയുമാണ് അത്.
നാം വിശുദ്ധ കുര്‍ബാന സ്വീകരിക്കുമ്പോള്‍ ഈശോയോടുള്ള സ്‌നേഹത്തില്‍ നമ്മളും ഈശോയും ഒന്നായിത്തീരണം. ദൈവവുമായുള്ള സംയോഗമാണ് ദിവ്യകാരുണ്യം. അത് സാധിക്കുന്നില്ലെങ്കില്‍, മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി മാത്രമായിട്ടുള്ള കുര്‍ബാനസ്വീകരണം എത്രത്തോളം ഫലവത്തും അര്‍ത്ഥവത്തുമാണ് എന്ന് ഓരോരുത്തരും ചിന്തിക്കേണ്ടിയിരിക്കുന്നു.