എറണാകുളം: തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകള്‍ ചര്‍ച്ചകളുടെ വിശ്വാസ്യത ഇല്ലാതാക്കുമെന്ന് എറണാകുളം- അങ്കമാലി അതിരൂപതയുടെ പി ആര്‍ ഒ ഫാ.ജോഷി പുതുവ പുറപ്പെടുവിച്ച പ്രസ്താവനയില്‍പറയുന്നു. ഏകീകൃത വിശുദ്ധ കുര്‍ബാന അര്‍പ്പണരീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് എറണാകുളം- അങ്കമാലി അതിരൂപതയില്‍ നിലനില്ക്കുന്ന പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് അതിരൂപതയ്ക്കുവേണ്ടി നിയോഗിക്കപ്പെട്ടിരിക്കുന്ന മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ വികാരി മാര്‍ ജോസഫ് പാംപ്ലാനി അതിരൂപതയിലെ വൈദികരെയും അല്മായരെയും ഒറ്റയ്ക്കും ചെറിയ ഗ്രൂപ്പുകളായും കണ്ട് ചര്‍ച്ച കള്‍ നടത്തിവരുന്നതിനിടയില്‍ ചില ഗ്രൂപ്പുകളും വ്യക്തികളും പ്രസ്താവനകളിലൂടെ തെറ്റിദ്ധാരണപരത്തുന്നവിധം ചില വിഷയങ്ങളില്‍ ധാരണയായെന്ന് പ്രസ്താവിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ പത്രക്കുറിപ്പ്. അനവസരത്തിലുള്ള പത്രപ്രസ്താവനകളും പത്രസമ്മേളനങ്ങളും സോഷ്യല്‍മീഡിയായിലൂടെ പ്രചരണങ്ങളോ ആരും നടത്തരുതെന്നും അതിരൂപത പിആര്‍ഒ നല്കുന്നതായിരിക്കും അതിരൂപതയുടെ ഔദ്യോഗികനിലപാടുകളും തീരുമാനങ്ങളും എന്നും പത്രക്കുറിപ്പ് വ്യക്തമാക്കുന്നു.