പരിശുദ്ധ അമ്മയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട പുഷ്പമാണ് റോസ്. ഗ്വാഡെലൂപ്പെയില്‍ മാതാവ് പ്രത്യക്ഷപ്പെട്ടപ്പോള്‍ തന്റെ സ്വര്‍ഗീയസാന്നിധ്യത്തിന്റെ അടയാളമായി പരിശുദ്ധ അമ്മ ജൂവാന്‍ ഡിയാഗോയ്ക്ക് നല്കിയതും റോസാപ്പൂക്കളായിരുന്നു. ലാസെലെറ്റ്,ലൂര്‍ദ്, പോണ്ടമെയ്ന്‍ എന്നിവിടങ്ങളിലെല്ലാം മാതാവിന്റെ പ്രത്യക്ഷീകരണം നടന്നപ്പോഴും അവിടെയെല്ലാം റോസാപുഷ്പങ്ങളോടുകൂടിയ മാതാവിനെയാണ് കാണാന്‍ കഴിഞ്ഞിട്ടുളളത്. സിസ്റ്റര്‍ ജോസഫെ മെനെഡെസിനുണ്ടായ മരിയദര്‍ശനത്തില്‍ അമ്മയുടെ വിമലഹൃദയത്തിനു ചുറ്റും ചെറിയ വെള്ളറോസാപൂക്കള്‍ കാണപ്പെട്ടിരുന്നതിനാല്‍ മഡോണ ഓഫ് ദ റോസ് എന്നാണ് വിളിച്ചിരുന്നത്.
മാതാവിന്റെ വിവാഹവസ്ത്രത്തിലും നീല,വയലറ്റ്, വെള്ള, ഗോള്‍ഡന്‍ കളറുകളിലുള്ള റോസാപുഷ്പങ്ങള്‍ ഉണ്ടായിരുന്നതായി പാരമ്പര്യം പറയുന്നു. ലാറ്റിന്‍ ക്രോണക്കിള്‍ അനുസരിച്ച് ജനുവരി 30 ഔര്‍ലേഡി ഓഫ് ദ റോസിന്റെ തിരുനാളാണ്. ഇറ്റലിയിലെ ലൂക്കായിലാണ് ഈ വണക്കമുള്ളത്. ആത്മീയലോകത്തുളളതില്‍ വച്ചേറ്റവും മനോഹരമായ പുഷ്പമാണ് മാതാവ് എന്ന് കര്‍ദിനാള്‍ ന്യൂമാന്‍ പറയുന്നു. ദൈവമഹത്വത്തിന്റെ അടയാളമായിട്ടാണ് മാതാവിന്റെ റോസാപ്പൂക്കളെ കാണുന്നത്.
ഹെന്‍ട്രി എട്ടാമന്‍ രാജാവ് തന്റെ പിതാവിന്റെ സ്മരണയ്ക്കായി നിര്‍മ്മിച്ച പ്രശസ്തമായ കേംബ്രിഡ്ജ് സര്‍വകലാശാലയിലെ കിംഗ്‌സ് ചാപ്പലില്‍ മാതാവിന്റെ മനോഹരമായ ഒരു ചിത്രമുണ്ട്. പ്രൊട്ടസ്റ്റന്റ് വിപ്ലവകാലത്ത് ഈ ചിത്രത്തെ ബ്രദര്‍ ജോണ്‍ കാത്തുരക്ഷിക്കുകയും ദുഷ്ടന്മാര്‍ ്ശ്രമിച്ചാലും റോസാപ്പൂക്കളുടെ അമ്മേ നീ ഇവിടെതന്നെ തുടരും നിന്നെയും നിന്റെ മകനെയും സഭയില്‍ നിന്ന് പുറത്താക്കാന്‍ ആരൊക്കെ ശ്രമിച്ചാലും അത് സംഭവിക്കുകയില്ലെന്നും ബ്രദര്‍ പറഞ്ഞു. പിന്നീട് പലനാശനഷ്ടങ്ങള്‍ സംഭവിച്ചുവെങ്കിലും മാതാവിന്റെ ഈ ചിത്രം അവിടെതന്നെ നിലനിന്നുപോന്നു.