വത്തിക്കാനിലെ ഡിക്കാസ്റ്ററിയുടെ പുതിയ പ്രീഫെക്റ്റായി മലയാളിയായ കര്‍ദിനാള്‍ ജോര്‍ജ് കൂവക്കാടിനെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. വിവിധ മതങ്ങള്‍ക്കിടയില്‍ സൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുന്നതിനും സമാധാനത്തിനായുള്ള സംഭാഷണങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനുമായാണ് വത്തിക്കാനിലെ ഡിക്കാസ്റ്ററി പ്രവര്‍ത്തിക്കുന്നത്.
തന്റെ കുറവുകള്‍ക്കിടയിലും മതങ്ങള്‍ക്കിടയിലുള്ള ഒരു സൗഹൃദം സ്വപ്നം കാണുന്ന ജനതകള്‍ക്കിടയില്‍ സമാധാനത്തോടെയുള്ള സഹവര്‍ത്തിത്വം ആഗ്രഹിക്കുന്ന ആളുകളുടെ പ്രാര്‍ത്ഥനകളും, ഡിക്കസ്റ്ററിയില്‍ തന്റെ സഹപ്രവര്‍ത്തകരുടെ സഹകരണവും തന്നെ ശക്തിപ്പെടുത്തുന്നുവെന്നും കര്‍ദിനാള്‍ കൂവക്കാട്ട് പറഞ്ഞു.
ആഗോള കത്തോലിക്കാസഭയുടെ മതാന്തര സംവാദത്തിനുവേണ്ടിയുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റായി നിയമിതനായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാടിന്റെ നിയമനം മാതൃസഭയ്ക്കും ഭാരതസഭയ്ക്കും അഭിമാനമുളവാക്കുന്നതാണെന്നു സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു.വിവിധ മതങ്ങള്‍ക്കിടയില്‍ സൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുന്നതിനും, സമാധാനത്തിനായുള്ള സംഭാഷണങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാടിനു സാധിക്കട്ടെയെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.