കൊച്ചി. കൊലപാതകം, അക്രമം, ആത്മഹത്യ, ലഹരിയുടെ ആസക്തി എന്നിവയുടെ ദു:സ്വാധീനം കേരളത്തില്‍ വര്‍ദ്ധിക്കുമ്പോള്‍ സമൂഹം ജാഗ്രതയോടെ ഒരുമിക്കുകയും മരണസംസ്‌കാരത്തെ പ്രതിരോധിക്കുകയും ചെയ്യണമെന്ന് പ്രോ ലൈഫ് അപ്പോസ്തലേറ്റ്.
ലഹരിക്ക് അടിമപ്പെട്ട് മാനസിക ആരോഗ്യം നഷ്ടപ്പടുകയും സ്വന്തം ജീവനെയും ജീവിതത്തെയും സ്‌നേഹിക്കാനും ആദരിക്കാനും കഴിയാതെ വരുകയും ചെയ്യുന്നവര്‍ക്ക് അവരുടെയും സഹജീവികളുടെയും ജീവനെ സംരക്ഷിക്കുവാന്‍ സാധിക്കാതെ വരുന്നു. ജീവിതത്തെ സന്തോഷത്തോടെ അഭിമുഖീകരികരിക്കാനുള്ള മനോഭാവം വളര്‍ത്തിക്കൊണ്ടുവരാനുള്ള പരിശീലനം പഠനത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തുവാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്ന് പ്രോലൈഫ് എക്‌സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.
തിരുവനന്തപൂരം ജില്ലയില്‍ കഴിഞ്ഞ ദിവസം ഒരു യുവാവ് തന്റെ കുടുംബത്തിലെ അംഗങ്ങളെ ക്രൂരമായി കൊലപ്പെടുത്തിയത് ജീവന്റെ സംസ്‌കാരത്തില്‍ വിശ്വസിക്കുന്ന എല്ലാവരെയും ഏറെ വേദനിപ്പിച്ചു. ‘ജീവനെ സ്‌നേഹിക്കുക, സംരക്ഷിക്കുക, ജീവിതത്തില്‍ സന്തോഷം കണ്ടെത്തുക ‘ തുടങ്ങിയ സന്ദേശം വ്യാപകമാക്കുന്ന വിവിധ ബോധവല്‍ക്കരണ പദ്ധതികള്‍ പ്രൊ ലൈഫ് ആവിഷ്‌കരിക്കും. സാബു ജോസ് അറിയിച്ചു.