ഇരിട്ടി: കാട്ടുമൃഗങ്ങള്‍ക്കും സര്‍ക്കാരിനും ആദിവാസികളോടും കര്‍ഷകരോടും ഒരേ നിലപാടാണെന്നു തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. ആറളം ഫാമിലെ കാട്ടാനകളുടെ മനുഷ്യക്കുരുതി അവസാനിപ്പിക്കാന്‍ ഇടതുപക്ഷ സര്‍ക്കാരിന് കഴിയുമായിരുന്നുവെന്നും 2020 ല്‍ ആരംഭിച്ച ആനമതില്‍ പൂര്‍ത്തിയാക്കാനായില്ലെന്നതു സര്‍ക്കാരിന്റെ പരാജയമാണെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. വന്യമൃഗങ്ങളില്‍നിന്നു ജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് സണ്ണി ജോസഫ് എംഎല്‍എ ഇരിട്ടിയില്‍ നടത്തിയ ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാര്‍ ജോസഫ് പാംപ്ലാനി. ജീവിക്കാന്‍ അവകാശം നിഷേധിക്കപ്പെട്ട കര്‍ഷകര്‍ സംഘടിക്കണം. കര്‍ഷകന്റെ കൃഷി സ്ഥലത്തിറങ്ങുന്ന വന്യമൃഗങ്ങളെ കൊന്നാല്‍ കേസെടുത്ത് പീഡിപ്പിക്കാനാണ് ശ്രമമെങ്കില്‍ സംഘടിതമായി നേരിടും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.