ഇറ്റലിയിലെ ഏറ്റവും മികച്ച ദേവാലയങ്ങളില്‍ ഒന്നാണ് ലോറെറ്റോ. സാധാരണക്കാരായ വിശ്വാസികള്‍ മുതല്‍ മാര്‍പാപ്പമാര്‍ വരെ ഈ ദേവാലയത്തില്‍ തീര്‍ത്ഥാടനത്തിനെത്തുന്നു. നിരവധി രാജാക്കന്മാരും രാജ്ഞിമാരും മാര്‍പാപ്പമാരും മാതാവിന് അമൂല്യങ്ങളായ സമ്മാനങ്ങള്‍ കാഴ്ചയായി അര്‍പ്പിച്ചിട്ടുളളതും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. വൈഡ്യൂര്യം, മരതകം, മാണിക്യം,വജ്രങ്ങള്‍ എന്നിവയെല്ലാം അതില്‍ പെടുന്നു. 33 ഇഞ്ച് ഉയരമുണ്ട് മാതാവിന്റെ ഈ അത്ഭുതരൂപത്തിന് സെഡാര്‍ തടിയില്‍ കൊത്തിയെടുത്തതാണ് രൂപം. ലോറെറ്റോ മാതാവിന്റെ ലുത്തീനിയ രചിച്ചിരിക്കുന്നത് പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരു ഫ്‌ളോറന്റൈന്‍ കമ്പോസറായിരുന്നു. ബാരോണി എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ഒരുദിവസം അദ്ദേഹത്തിന് പെട്ടെന്ന് തന്റെ കേള്‍വിശക്തി നഷ്ടമായി. ദു:ഖിതനായ അദ്ദേഹം ലോറെറ്റോയിലേക്ക് ഒരു തീര്‍ത്ഥാടനം നടത്തുകയും മാതാവിന്റെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കുകയും ചെയ്തു. അതിന്റെ ഫലമായി അദ്ദേഹത്തിന് കേള്‍വിശക്തി കിട്ടി. നന്ദിസൂചകമായി അദ്ദേഹം 1737 ഓഗസ്റ്റ് 15 ന് ലുത്തീനിയ സമര്‍പ്പിച്ചു. തുടര്‍ന്ന് എല്ലാവര്‍ഷവും ലുത്തീനിയ തിരുനാളിനോട് അനുബന്ധിച്ച് ചൊല്ലിത്തുടങ്ങി.
പോപ്പ് സിക്റ്റസ് അഞ്ചാമന്റെ കാലത്താണ് ദേവാലയത്തിന്റെ മുഖവാരം നിര്‍മ്മിച്ചത്, പോപ്പ് പയസ് അഞ്ചാമന്‍, പോപ്പ് ബെനഡിക്ട് പതിനാലാമന്‍, പിയൂസ് ഏഴാമന്‍, ഗ്രിഗറി പതിനാറാമന്‍ എന്നിവരെല്ലാം ലോറെറ്റോ മാതാവിനോട് വണക്കവും ഭക്തിയും ഉള്ളവരായിരുന്നു.
പതിനാലാം നൂറ്റാണ്ടില്‍ പോപ്പ് അര്‍ബന്‍ ആറാമന്‍ ലോറെറ്റോ ദൈവാലയം സന്ദര്‍ശിക്കുന്നവര്‍ക്ക് പൂര്‍ണ്ണദണ്ഡവിമോചനം പ്രഖ്യാപിച്ചിരുന്നു.