ഓസ്ട്രിയായിലെ ഡോണ്‍ജുവാന്റെ നേതൃത്വത്തില്‍ കാത്തലിക് ഹോളി ലീഗും ഓട്ടോമന്‍ സാമ്രാജ്യത്തിലെ അലി പാഷയുംതമ്മില്‍ നടന്ന യുദ്ധമാണ് ലെപ്പാന്റോ യുദ്ധമായി ചരിത്രത്തില്‍ഇടം നേടിയിരിക്കുന്നത്. ഹോളി ലീഗിനെ അതിശക്തരായിരുന്നു ഓട്ടോമന്‍ സാമ്രാജ്യം. ഓട്ടോമന്‍ സാമ്രാജ്യത്തിന് 278 കപ്പലുകളുണ്ടായിരുന്നുവെങ്കില്‍ 212 എണ്ണം മാത്രമേ ഹോളി ലീഗിനുണ്ടായിരുന്നുള്ളൂ. നൂറുവര്‍ഷമായി യൂറോപ്പിന് ഭീഷണിയായിരുന്നു ഓട്ടോമന്‍ സാമ്രാജ്യം. തീരപ്രദേശങ്ങളില്‍ മിന്നല്‍ ആക്രമണങ്ങള്‍ നടത്തി കൊളളയടിക്കുകയും അടിമകളാക്കുകയും ചെയ്യുന്ന രീതിയായിരുന്നു അവരുടേത്. ഇതിനെതിരെ പ്രതിരോധിച്ചുനില്ക്കാനുള്ള കരുത്തുണ്ടായത് കത്തോലിക്കര്‍ക്കു മാത്രമായിരുന്നു. പയസ് അ്്ഞ്ചാമന്‍ മാര്‍പാപ്പയായിരുന്നു അക്കാലത്ത് തിരുസഭ ഭരിച്ചിരുന്നത്.
പരിശുദ്ധ മറിയത്തെ ആശ്രയിച്ചു ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാന്‍ മാര്‍പാപ്പ ആഹ്വാനം ചെയ്തു. മാതാവിന്റെ ചിത്രം പരസ്യമായി പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു തുര്‍ക്കികള്‍ക്കെതിരെ പോരാടാന്‍ കത്തോലിക്കാ സൈന്യം മുന്നിട്ടിറങ്ങിയത്. ഈ യുദ്ധത്തില്‍ തുര്‍ക്കികള്‍ക്ക് കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായത്. താരതമ്യേന കത്തോലിക്കാ സഖ്യത്തിന് കുറച്ചുമാത്രം നഷ്ടമേ ഉണ്ടായുള്ളൂ. മാര്‍പാപ്പ റോമില്‍ ഒരു ജപമാലപ്രദക്ഷിണം സംഘടിപ്പിച്ചിരുന്നു. അതേ ദിവസം തന്നെയാണ് വിജയവാര്‍ത്ത തേടിയെത്തിയതും. ഹോളീലീഗ് യുദ്ധം ജയിച്ചിരിക്കുന്നു. ആ ദിവസത്തിന്റെ അത്ഭുതകരമായ ഓര്‍മ്മയ്ക്കായി മാര്‍പാപ്പ ഒരു തിരുനാള്‍ പ്രഖ്യാപിച്ചു. വിജയമാതാവിന്റെ തിരുനാള്‍. പിന്നീട് ആ തിരുനാള്‍ ജപമാലയുടെ തിരുനാളായി ആചരിച്ചുതുടങ്ങിയെന്നതും ചരിത്രം.