ഗബ്രിയേല്‍ മാലാഖ മംഗളവാര്‍ത്ത മാതാവിനെ അറിയിച്ച ആ ദിവസം തന്നെ ക്രൈസ്തവലോകത്തിന് സദ്വാര്‍ത്ത നല്കുന്നതിനായി ആരംഭിച്ച മരിയന്‍ പത്രം എട്ടാം വര്‍ഷത്തിലേക്ക്. തീരെ ചെറിയ രീതിയില്‍ തുടങ്ങിയ മരിയന്‍പത്രം ഏഴു വര്‍ഷം പിന്നിടുമ്പോള്‍ ഇന്ന് സഭാസ്‌നേഹികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഓണ്‍ലൈന്‍ കത്തോലിക്കാപ്രസിദ്ധീകരണങ്ങളില്‍ ഒന്നായി മാറിയിരിക്കുന്നു. മരിയന്‍പത്രത്തിന്റെ തുടക്കകാലത്ത് ഇന്നുളളതുപോലെ കത്തോലിക്കാഓണ്‍ലൈനുകള്‍ വ്യാപകമായിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അക്കാലത്ത് ദിവസം തോറും പതിനായിരക്കണക്കിന് പേരാണ് മരിയന്‍പത്രത്തിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ചിരുന്നത്. ഇന്ന് മാസം തോറും ഒരു ലക്ഷത്തോളം പേര്‍ നമ്മുടെ ഈ വൈബ്‌സൈറ്റ് സന്ദര്‍ശിക്കുന്നുണ്ട്.
സഭാ വാര്‍ത്തകളും പ്രാര്‍ത്ഥനകളും സഭാത്മകമായ അറിവുകളും വിശ്വാസപോഷണത്തിന് സഹായകരമായ രീതിയിലുള്ള ലേഖനങ്ങളും എല്ലാം മരിയന്‍പത്രത്തെ വളരെ കുറഞ്ഞകാലത്തിനുള്ളില്‍ വായനക്കാരുടെ പ്രിയപ്പെട്ട വെബ്‌പോര്‍ട്ടലാക്കി മാറ്റുന്നതില്‍ പ്രധാനപങ്കുവഹിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ കാലികമായ വിഷയങ്ങളെ ആസ്പദമാക്കിയുള്ള കുറിക്കുകൊള്ളുന്ന എഡിറ്റോറിയലുകളും മരിയന്‍പത്രത്തിന്റെ പ്രത്യേകതകളായിരുന്നു. കാലാനുസൃതമായ മാറ്റങ്ങള്‍ രൂപത്തിലും ഭാവത്തിലും വരുത്തുന്നതിലും മരിയന്‍പത്രം എന്നും പ്രതിജ്ഞാബദ്ധമായിരുന്നു.
എന്നും സഭയോടു ചേര്‍ന്നുനില്ക്കുവാനും സഭയുടെ ആശീര്‍വാദനുഗ്രഹങ്ങള്‍ സ്വന്തമാക്കി മുന്നോട്ടുപോകാനുമാണ് മരിയന്‍പത്രം ആഗ്രഹിക്കുന്നത്. നാളിതുവരെയുളള യാത്രയും ഇനിയുള്ള യാത്രയും അങ്ങനെ തന്നെയായിരിക്കും. ഗ്രേറ്റ്ബ്രിട്ടണ്‍ സീറോമലബാര്‍ രൂപതയുടെ പിന്തുണയോടെയാണ് മരിയന്‍പത്രം പ്രവര്‍ത്തിക്കുന്നത്.
നാളിതുവരെ വായനക്കാരുടെ ഭാഗത്തുനിന്നു ലഭിച്ച എല്ലാവിധത്തിലുള്ള സഹകരണത്തിനും പ്രോത്സാഹനത്തിനും ഈയവസരത്തില്‍ നന്ദി പറയുന്നു. തുടര്‍ന്നും നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു. അതോടൊപ്പം തന്നെ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഓരോരുത്തര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കണമേയെന്നും അഭ്യര്‍ത്ഥിക്കുന്നു.
ഞങ്ങളുടെ പ്രാര്‍ത്ഥനയില്‍ വായനക്കാരായ നിങ്ങള്‍ ഓരോരുത്തരുമുണ്ട്. പ്രാര്‍ത്ഥനയില്‍ പരസ്പരം ഓര്‍മ്മിച്ചുകൊണ്ട്, പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം എപ്പോഴും യാചിച്ചുകൊണ്ട്,
സ്‌നേഹപൂര്‍വ്വം
ബ്ര. തോമസ് സാജ്
മാനേജിംങ് എഡിറ്റര്‍