എത്ര പ്രാര്‍ത്ഥിച്ചിട്ടും പ്രാര്‍ത്ഥന കേള്‍ക്കുന്നില്ലല്ലോ എന്ന് സങ്കടപ്പെടാത്ത ആരെങ്കിലുമുണ്ടാവുമോ? ഉദ്ദിഷ്ടകാര്യസാധ്യത്തിനുവേണ്ടി എന്തുമാത്രം നൊവേനകള്‍, ഉപവാസങ്ങള്‍.. പക്ഷേ ദൈവം പ്രസാദിക്കുന്നില്ല. ദൈവം എന്തുകൊണ്ടാണ് പ്രാര്‍ത്ഥന കേള്‍ക്കാത്തത് എന്നതിന് പല കാരണങ്ങളും വിശുദ്ധ ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തില്‍ നമുക്കു കാണാന്‍ കഴിയും. അതിലൊരു വിശദീകരണം നല്കിയിരിക്കുന്നത് ഏശയ്യായുടെ പുസ്തകത്തില്‍ ആണ്. അതേക്കുറിച്ച് ഇപ്രകാരമാണ് രേഖപ്പെടുത്തിയിരിക്കുന്നത്
നിന്റെ അകൃത്യങ്ങള്‍ നിന്നെയും ദൈവത്തെയും തമ്മില്‍ അകറ്റിയിരിക്കുന്നു. നിന്റെ പാപങ്ങള്‍ അവിടുത്തെ മുഖം നിന്നില്‍ നിന്നു മറച്ചിരിക്കുന്നു. അതിനാല്‍ അവിടുന്ന് നിന്റെ പ്രാര്‍ത്ഥന കേള്‍ക്കുന്നില്ല. ( ഏശയ്യ 59:2).
പാപങ്ങള്‍ കാരണവും ദൈവം നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കാതെ പോയേക്കാം. എന്നാല്‍ എല്ലാ പ്രാര്‍ത്ഥനകളും കേള്‍ക്കാതെ പോകുന്നതിനും പാപമല്ല കാരണം എന്നുകൂടി നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. മറ്റുള്ളവരെ അതുവച്ചു വിധിക്കാനും പോകരുത്. പ്രാര്‍ത്ഥനകള്‍ കേള്‍ക്കാതെ പോകുന്നതിന് നമ്മുടെ പാപം കാരണമാണോയെന്ന് നമ്മള്‍ തന്നെയാണ് കണ്ടെത്തേണ്ടത്.