Friday, April 25, 2025
spot_img
More

    വഖഫ് നിയമം പൊളിച്ചെഴുതണം;മുനമ്പം ജനതയ്ക്ക് നീതി ലഭിക്കണം: ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്

    വഖഫ് നിയമം പൊളിച്ചെഴുതണം;
    മുനമ്പം ജനതയ്ക്ക് നീതി ലഭിക്കണം: ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍

    കൊച്ചി: വഖഫ് നിയമത്തിലെ ജനദ്രോഹവ്യവസ്ഥകള്‍ റദ്ദ്‌ചെയ്ത് ഭരണസംവിധാനങ്ങള്‍ മുനമ്പം ജനതയ്ക്ക് നീതി ഉറപ്പാക്കണമെന്നും പാര്‍ലമെന്റംഗങ്ങള്‍ വഖഫ് നിയമഭേദഗതിക്ക് അനുകൂല നിലപാട് സ്വീകരിക്കണമെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

    ഭരണഘടനയുടെ മതനിരപേക്ഷ മൂല്യങ്ങളെ വെല്ലുവിളിക്കുന്ന നിലവിലുള്ള വഖഫ് നിയമത്തിലെ ജനദ്രോഹ വ്യവസ്ഥകള്‍ അടിയന്തരമായി ഭേദഗതി ചെയ്യപ്പെടേണ്ടത് അനിവാര്യമാണ്. മതമൗലികവാദത്തിന് കീഴ്‌പ്പെട്ട് രാഷ്ട്രീയ അടിമത്വത്തിന്റെ കണ്ണിലൂടെ വഖഫ് നിയമഭേദഗതിയെ ഉത്തരവാദിത്വപ്പെട്ട ജനപ്രതിനിധികള്‍ കാണരുത്. വഖഫ് നിയമത്തിലെ കിരാതവും ജനദ്രോഹവും കാലഹരണപ്പെട്ടതുമായ വകുപ്പുകളിലൂടെ ഇരകളായ നാനാജാതി മതസ്ഥരായ ആയിരക്കണക്കിന് പൗരന്മാര്‍ നേരിടുന്ന അനീതിക്കെതിരെ പാര്‍ലമെന്റില്‍ ഉറച്ചനിലപാടെടുക്കാന്‍ ജനപ്രതിനിധികള്‍ തയ്യാറാകണം. മതമൗലികവാദികള്‍ക്കുമുമ്പില്‍ അടിയറവ് വെയ്ക്കുന്ന രാഷ്ട്രീയ പാപ്പരത്തം അന്തസ്സും ആദര്‍ശവുമുള്ള ജനപ്രതിനിധികള്‍ക്ക് ഒരിക്കലും ഭൂഷണമല്ല. വോട്ടുബാങ്ക് രാഷ്ട്രീയത്തിനുമുമ്പില്‍ നട്ടെല്ലുവളയുന്നവരായി ജനപ്രതിനിധികള്‍ ഒരിക്കലും അധഃപതിക്കരുത്.

    കേരളത്തിലെ, മുനമ്പത്തെ ജനങ്ങള്‍ പതിറ്റാണ്ടുകളായി കൈവശംവെച്ചനുഭവിക്കുന്ന ഭൂമിക്കുമേലുള്ള റവന്യൂ അവകാശങ്ങള്‍ നിഷേധിക്കുന്ന നിലവിലുള്ള വഖഫ് നിയമത്തിലെ വകുപ്പുകള്‍ റദ്ദുചെയ്യാതെ തരമില്ല. ഭരണഘടന ഉറപ്പാക്കുന്ന രാജ്യനിയമങ്ങള്‍ അനുസരിച്ച് പതിറ്റാണ്ടുകള്‍ക്ക്മുമ്പ് പണംകൊടുത്തുവാങ്ങിയ ഭൂമിയില്‍ ജീവിക്കാന്‍ ഒരു മതത്തിന്റെയും അവരുടെ ട്രൈബ്യൂണലിന്റെയും മുമ്പില്‍ കാത്തുകെട്ടി കിടക്കേണ്ട ഗതികേടും നീതിനിഷേധവും രാജ്യത്തിന്റെ ഭരണവ്യവസ്ഥിതിയെ കളങ്കപ്പെടുത്തുന്നതും പൗരന്മാരെ അപമാനിക്കുന്നതുമാണ്. ഭരണഘടനയുടെ ശ്രേഷ്ഠതയാണ് ഇന്ത്യയുടെ അഭിമാനം. അതിനുമുകളില്‍ ഒരു നിയമവും നിലനില്‍ക്കുന്നത് അനുവദിക്കാനാവില്ലെന്നുമാത്രമല്ല അടിയന്തരമായി റദ്ദുചെയ്യുകയും വേണം.

    പൗരത്വനിയമ ഭേദഗതിയുടെ പേരില്‍ രാജ്യത്താകമാനം പ്രക്ഷോഭം അഴിച്ചുവിട്ടവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് കാലം തെളിയിച്ചു. പൗരത്വനിയമഭേദഗതിക്കെതിരെ കുടപിടിച്ച് രാഷ്ട്രീയ നേതൃത്വങ്ങളുടെയും മതമൗലികവാദികളുടെയും തനിനിറം തിരിച്ചറിഞ്ഞ് അവരുടെ വിശ്വാസ്യത സമൂഹം ചോദ്യം ചെയ്യുമ്പോഴാണ് വഖഫ് നിയമഭേദഗതിയില്‍ ഇക്കൂട്ടര്‍ ഒളിച്ചോട്ടം നടത്തുന്നത്.

    ജനകീയ വിഷയങ്ങളില്‍ ക്രൈസ്തവ സഭ എക്കാലവും ഉറച്ച നിലപാടുകള്‍ എടുത്തിട്ടുണ്ട്. സാമൂഹ്യപ്രശ്‌നങ്ങളിലെ ക്രൈസ്തവ നിലപാടുകളില്‍ കക്ഷിരാഷ്ട്രീയമില്ല. വഖഫ് നിയമത്തിലെ ജനദ്രോഹവ്യവസ്ഥകള്‍ റദ്ദുചെയ്യണമെന്ന ഭാരതസഭയുടെ ആവശ്യത്തെ രാഷ്ട്രീയപരമായി മുതലെടുക്കാന്‍ ആരും ശ്രമിക്കേണ്ടതില്ല. സമൂഹത്തില്‍ നീതിയും അവകാശങ്ങളും നിഷേധിക്കപ്പെടുമ്പോഴും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങള്‍ക്കുവേണ്ടിയും ക്രൈസ്തവസമൂഹം എക്കാലവും ഇടപെടല്‍ നടത്താറുണ്ട്. മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ പേരില്‍ ക്രൈസ്തവര്‍ രാജ്യത്ത് പീഡിപ്പിക്കപ്പെടുന്നു. ക്രൈസ്തവ വിശ്വാസം സ്വീകരിച്ചിതിന്റെ പേരില്‍ ദളിത് ക്രൈസ്തവര്‍ക്ക് നീതി നിഷേധിക്കപ്പെടുന്നു. ഭരണഘടന ഉറപ്പാക്കുന്ന ന്യൂനപക്ഷ അവകാശങ്ങള്‍ അവഗണിക്കുന്നു. ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ പലതും അട്ടിമറിക്കപ്പെടുന്നു. വഖഫ് നിയമഭേദഗതികളോടൊപ്പം ഈ വിഷയങ്ങളും കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കണമെന്നും പൊതുസമൂഹം ചര്‍ച്ച ചെയ്യണമെന്നും വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

    അഡ്വ. വി.സി.സെബാസ്റ്റ്യന്‍
    സെക്രട്ടറി, ലെയ്റ്റി കൗണ്‍സില്

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!