Monday, April 21, 2025
spot_img
More

    ക്രൈസ്തവവിശ്വാസികളുടെ ബുദ്ധിമുട്ട് മോഹന്‍ലാല്‍ മനസ്സിലാക്കാത്തതെന്തേ? എമ്പുരാന്‍ പശ്ചാത്തലത്തില്‍ മരിയന്‍പത്രത്തിന്റെ പ്രതികരണം.

    കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പത്രദൃശ്യമാധ്യമങ്ങളിലും സോഷ്യല്‍ മീഡിയായിലും നിറഞ്ഞുനിന്നിരുന്നത് എമ്പുരാന്‍ സിനിമയായിരുന്നു. വലിയ തോതില്‍ ഹൈപ്പ് കൊടുത്തു മാര്‍ച്ച് 28 ന് പ്രദര്‍ശനത്തിനെത്തിയ ചിത്രം പ്രേക്ഷകരില്‍ സമ്മിശ്രപ്രതികരണമാണ് ഉളവാക്കിയത്. എന്നാല്‍ ചിത്രത്തിലെ രാഷ്ട്രീയപരാമര്‍ശങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് ഇടവരുത്തുകയും തുടര്‍ന്ന് വ്യാപകമായ ചര്‍ച്ചകള്‍ക്ക് കാരണമായിത്തീരുകയും ചെയ്തു. ചിത്രത്തിന്റെ സംവിധായകനായ പൃഥിരാജ് സുകുമാരനും നായകവേഷം അഭിനയിച്ച മോഹന്‍ലാലിനുമെതിരെയായിരുന്നു കൂടുതല്‍ എതിര്‍പ്പുകളും വിയോജിപ്പുകളും ഉയര്‍ന്നുവന്നത്. ഭരണകൂടത്തിനെതിരെ നിശിതവിമര്‍ശനം ഉയര്‍ത്തിയെന്നതിന്റെ പേരില്‍ ഭരണപക്ഷാനുകൂലികള്‍ സിനിമയ്‌ക്കെതിരെ വാളോങ്ങിയപ്പോള്‍ മറ്റ് പ്രമുഖരാഷ്ട്രീയപാര്‍ട്ടികള്‍ ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തിന്റെ പേരില്‍ ഓശാന പാടുകയാണ് ചെയ്തത്. അതെന്തായാലും ഭരണകൂടത്തെ പിണക്കുന്നത് ശരിയല്ലെന്ന ബോധവും വീണ്ടുവിചാരവും ഉണ്ടായപ്പോള്‍ പരസ്യക്ഷമാപണം നടത്തിയും 21 ഭാഗങ്ങള്‍ നീക്കം ചെയ്തും എമ്പുരാന്‍ പുതിയ രൂപത്തില്‍ അവതരിച്ചു. ഏതെങ്കിലും ഒരു വിഭാഗത്തിന് നേരിയ തോതിലെങ്കിലും മാനസികബുദ്ധിമുട്ടു തോന്നുന്നുണ്ടെങ്കില്‍ അത് പരിഹരിക്കേണ്ടതുണ്ട് എന്ന ന്യായീകരണമായിരുന്നു മോഹന്‍ലാല്‍ ഇതിന് പറഞ്ഞത്.

    ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ക്രൈസ്തവരെ ഏറെ വേദനിപ്പിക്കുകയും ക്രൈസ്തവവിരുദ്ധത പ്രകടമാക്കുകയും ചെയ്ത നിരവധി ഭാഗങ്ങള്‍ എമ്പുരാനിലും ഇതിന്റെ ആദ്യഭാഗമായ ലൂസിഫറിലുമുണ്ടായിരുന്നു. സാത്താനാണ് കൂടുതല്‍ ശക്തിയെന്നും സാത്താനാണ് ആത്യന്തികവിജയമെന്നും അവകാശപ്പെടുന്ന വിധത്തിലുള്ള പ്രസ്തുത സിനിമകളിലെ സംഭാഷണങ്ങള്‍ക്കും ദൃശ്യങ്ങള്‍ക്കും എതിരെ ഇതിനകം പലവിധത്തിലുള്ള വിയോജിപ്പുകളും എതിര്‍പ്പുകളും പ്രകടമാക്കിയിട്ടുള്ളവര്‍ തന്നെയാണ് ക്രൈസ്തവര്‍. എന്നാല്‍ അവരുടെ എതിര്‍പ്പുകളെ അവഗണിച്ചും നിസ്സാരമാക്കിയും തനിക്ക് ഭീഷണിയുണ്ടായേക്കാം എന്ന് ഭയപ്പെടുന്ന ചില കേന്ദ്രങ്ങളെ പ്രീണി്പ്പിച്ചുകൊണ്ടുമാത്രമാണ് എമ്പുരാന്‍ സിനിമയില്‍ കട്ട് സംഭവിച്ചിരിക്കുന്നത്.

    നാല്പതിലധികം വര്‍ഷങ്ങളായി മലയാളികള്‍ സ്‌നേഹിക്കുന്ന മോഹന്‍ലാല്‍ എന്ന നടനില്‍ നിന്ന് ഇത്തരത്തിലുളള സങ്കുചിതത്വം ക്രൈസ്തവര്‍ പ്രതീക്ഷിച്ചതേയില്ല. എന്താ മിസ്റ്റര്‍ മോഹന്‍ലാല്‍, താങ്കളുടെ സിനിമ കാണുന്നത് മറ്റ് സമുദായാംഗങ്ങള്‍ മാത്രമാണ് എന്നാണോ താങ്കളുടെ വിചാരം? അതോ ക്രൈസ്തവരെ വെറും നിസ്സാരരാക്കിയാണോ താങ്കള്‍കാണുന്നത്? അത്യന്തം അപലപനീയമാണ് താങ്കളുടെ ഈ നയം എന്നേ പറയാന്‍ കഴിയൂ.

    മറ്റുളളവരുടെ വികാരം വ്രണപ്പെട്ടതിന്റെ പേരില്‍ സമവായത്തിന്റെ പാത സ്വീകരിച്ച താങ്കള്‍ക്ക് ക്രൈസ്തവരുടെ വികാരങ്ങളെ മാനിക്കാന്‍ കഴിയാതെപോയത് എന്തുകൊണ്ട്? ഞങ്ങള്‍ വിശ്വസിക്കുന്ന ഏകദൈവവും അവിടുത്തെ വചനങ്ങളും ഞങ്ങള്‍ക്ക് കേവലം ഉദരപുരണത്തിനുള്ള മാര്‍ഗ്ഗങ്ങളല്ല, അതു ഞങ്ങള്‍ക്ക്ജീവിതം തന്നെയാണ്. ജീവനും. അതിനെയാണ് താങ്കളെപോലെയുള്ള കലാകാരന്മാര്‍ വെറും അപഹാസ്യമാക്കുന്നത്.

    ക്രൈസ്തവരോട് എന്തുമാകാം എന്നൊരു വിചാരം ഈ രാജ്യത്തിലെ പലര്‍ക്കുമുണ്ടെന്ന് തോന്നുന്നു. ക്രൈസ്തവര്‍ക്കെതിരെ ഏതു പുലഭ്യം പറഞ്ഞാലും അതിനെ എതിര്‍ക്കാതിരിക്കുന്നതാണ് പുരോഗമനമെന്നും ബു്ദ്ധിജീവി പരിവേഷം ലഭിക്കാന്‍ അതാണ് എളുപ്പമെന്നും കരുതുന്നവര്‍ നമ്മുക്കിടയില്‍ ധാരാളമുണ്ട്. ക്രൈസ്തവര്‍ ജാതിയും മതവും നോക്കിയൊന്നുമല്ല കലാകാരന്മാരെ ഇഷ്ടപ്പെടുന്നത്.മമ്മൂട്ടിയും മോഹന്‍ലാലും കുഞ്ചാക്കോ ബോബനും ആസിഫ് അലിയും ടൊവിനോയും ദുല്‍ക്കറുമൊക്കെ ക്രൈസ്തവര്‍ക്ക് ഇഷ്ടപ്പെട്ട താരങ്ങളാണ്. നടന്മാര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിലൂടെയാണ് അവരിലേക്കുള്ള ഇഷ്ടം സംക്രമിക്കുന്നത്. അതുകൊണ്ടാണ് മുസല്‍മാനായ മമ്മൂട്ടിയെയും ഹൈന്ദവനായ മോഹന്‍ലാലിനെയും ക്രൈസ്തവരായ കുഞ്ചാക്കോയെയും ടൊവിനോയെയുമൊക്കെ അവര്‍ സ്‌നേഹിക്കുന്നത്. മതത്തിനും ജാതിക്കും അതീതമായ സ്‌നേഹമാണ് ക്രൈസ്തവരുടേത്.

    ക്രൈസ്തവരുടെ ഏതു സ്ഥാപനത്തിലും അവര്‍ പുലര്‍ത്തുന്ന ഈ സമീപനം പ്രകടമാണ്. എന്നാല്‍ ക്രൈസ്തവരെ മറ്റുസമുദായക്കാര്‍ പലപ്പോഴും ചിലയിടങ്ങളില്‍ നിന്നെങ്കിലും ഒഴിവാക്കുകയും മാറ്റിനിര്‍ത്തുകയും ചെയ്യുന്നുണ്ട്. മതത്തിനും ജാതിക്കും അപ്പുറമായി മനുഷ്യന്‍ എന്ന നിലയില്‍ ക്രൈസ്തവരെ കാണാന്‍ അവര്‍ക്ക് സാധിക്കുന്നില്ല എന്നതാണ് ഇതിനുള്ള കാരണം ക്രൈസ്തവവിരുദ്ധത സിനിമകളില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന കാലമാണ് ഇത്. ക്രൈസ്തവരുടെ നിശ്ശബ്ദതയും സഹിഷ്ണുതയും പരീക്ഷിക്കരുത് എന്നുമാത്രമേ പറയാന്‍ സാധിക്കുന്നുള്ളൂ.

    ബോധപൂര്‍വ്വമായി ക്രൈസ്തവവിഭാഗത്തെ ടാര്‍ജറ്റ് ചെയ്ത് കുപ്രചരണങ്ങള്‍ പ്രചരിപ്പി്ക്കുന്നവരോട്, സാത്താനെ ദൈവത്തിനു മുകളില്‍ പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്നവരോട് ഈ നോമ്പുകാലത്ത് ഞങ്ങള്‍ക്ക് ഒന്നേ പറയാന്‍ കഴിയൂന്നുള്ളൂ.പിതാവേ ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവരറിയുന്നില്ല ഇവരോട് ക്ഷമിക്കണമേ!

    ബ്ര. തോമസ് സാജ്
    മാനേജിംങ് എഡിറ്റര്‍

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!