സഭ മാതാവിന്റെ പ്രാധാന്യം കുറച്ചോ? സോഷ്യല്‍ മീഡിയായിലെ ചര്‍ച്ചകള്‍ക്കു പിന്നിലെ വാസ്തവമെന്ത്..?

പരിശുദ്ധ കന്യാമറിയത്തെ സഹരക്ഷകയെന്നോ സകല കൃപകളുടെയും മാതാവ് എന്നോ സാര്‍വത്രിക മാധ്യസ്ഥ്യയെന്നോ വിശേഷിപ്പിക്കരുതെന്ന പ്രഖ്യാപനത്തോടെ വത്തിക്കാന്‍ ഡിക്കാസ്റ്ററി പുറപ്പെടുവിച്ച പുതിയ ഡോക്ടനൈല്‍ നോട്ട് ഇപ്പോള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരിക്കുകയാണല്ലോ? ഒരു വിഭാഗം ആളുകള്‍ അതിനെ കാണുന്നത് സഭ മാതാവിന്റെ പ്രാധാന്യം കുറച്ചു എന്ന വിധത്തിലാണ്. വേറൊരു കൂട്ടര്‍ പറയുന്നത് ഇത് ശരിയായ തീരുമാനം എന്നാണ്. മാതാവിന് നല്കുന്ന അമിതപ്രാധാന്യത്തോട് വിയോജിപ്പുള്ളവര്‍ അനുകൂലിച്ചും അല്ലാത്തവര്‍ പ്രതികൂലിച്ചും എന്ന വിധത്തില്‍ രണ്ടുതരത്തിലുള്ള പ്രതികരണങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയായില്‍ നിറഞ്ഞിരിക്കുന്നത്.

എന്താണ് ഇതിന്റെ പി്ന്നിലെ വാസ്തവം? മാതാവിനെ ഇന്നേ വരെ സഭ ഔദ്യോഗികമായി സഹരക്ഷകയായി പ്രഖ്യാപിച്ചിട്ടില്ല എന്നതാണ് വാസ്തവം. സഭ ഔദ്യോഗികമായി അംഗീകരിക്കാത്തതിനെ പ്രഘോഷിക്കാനോ അത് വിശ്വസിക്കാനോ വിശ്വാസികള്‍ക്ക് ബാധ്യതയുമില്ല. മാര്‍പാപ്പമാര്‍ പോലും ഇക്കാര്യത്തില്‍ വ്യത്യസ്തഅഭിപ്രായക്കാരാണ്. ഉദാഹരണത്തിന് ജോണ്‍പോള്‍ രണ്ടാമന്‍, ബെനഡിക്ട് പതിനാറാമന്‍, ഫ്രാന്‍സിസ് പാപ്പ എന്നിവരുടെ കാര്യം തന്നെയെടുക്കുക. ജോണ്‍ പോള്‍രണ്ടാമന്‍ പാപ്പ മാത്രമാണ് ഇതില്‍ വ്യത്യസ്തമായ നിലപാട് സ്വീകരിച്ചിരിക്കുന്നത്. തന്റെ പ്രഭാഷണത്തില്‍ ആറു തവണയെങ്കിലും അദ്ദേഹം മാതാവിനെ സഹരക്ഷക എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. സ്വകാര്യസംഭാഷണത്തിലോ അല്ലാതെയോ നല്കുന്ന വിശേഷണം സഭയുടെ ഔദ്യോഗികപ്രബോധനമല്ല എന്നാണ് മനസ്സിലാക്കേണ്ടത്.

എന്നാല്‍, മാതാവിന്റെ സഹരക്ഷകസ്ഥാനം തിരുവെഴുത്തുകളില്‍ നിന്ന് വളരെ അകലെയാണെന്നും രക്ഷകന്‍ എന്ന നിലയിലുള്ള ഈശോയുടെ സ്ഥാനത്തെക്കുറിച്ച് അത് തെറ്റിദ്ധാരണകള്‍ ജനിപ്പിക്കും എന്നുമായിരുന്നു ബെനഡിക്ട് പതിനാറാമന്റെ നിലപാട്. യേശുമാത്രമാണ് ഏകരക്ഷകന്‍ എന്ന നിലപാടായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടേത്. ഒറ്റയ്ക്ക് ചെയ്യാന്‍ കഴിയാത്തതിനാണല്ലോ നാം മറ്റുള്ളവരുടെ സഹായം തേടുന്നത്. ഒരാള്‍ക്ക് ഒറ്റയ്ക്ക് ബിസിനസ് ചെയ്യാന്‍ പ്രാപ്തിയുണ്ടെങ്കില്‍ അയാള്‍ക്ക് മറ്റൊരു പാര്‍ട്ണറെ ആവശ്യമില്ലല്ലോ. ഈ ഉദാഹരണം തന്നെയാണ് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഇവിടെ ഏറെ ഉപകാരപ്പെടുന്നത്.

യേശുവിന് ലോകത്തെ രക്ഷിക്കാന്‍ മറ്റാരുടെയും ആവശ്യം ഉണ്ടായിരുന്നില്ല. കാരണം യേശു ഒറ്റയ്ക്കാണ് ലോകത്തെ രക്ഷിച്ചത്. അമിതമായ മരിയവണക്കത്തിന്റെ ഉടമകളായ ചില ഗ്രൂപ്പുകളും പാട്ടെഴുത്തുകാരുമാണ് മാതാവിനെ യേശുവിനെക്കാള്‍ മീതെയോ യേശുവിനൊപ്പമോ പ്രതിഷ്ഠിച്ചത്. സഹരക്ഷകയാം മാതാവേ എന്നൊക്കെയാണല്ലോ ചില ഗാനങ്ങള്‍ തന്നെ.

ചുരുക്കത്തില്‍ അനേകനൂറ്റാണ്ടുകളായി സഭയില്‍ നിലനിന്നുപോരുന്ന മരിയവണക്കത്തെക്കുറിച്ചുള്ള ചില ആശങ്കകള്‍ക്ക് പൂര്‍ണ്ണവിരാമം കുറിക്കുകയാണ് ഈ പുതിയ സംഭവവികാസം ചെയ്തിരിക്കുന്നത്, ഇതൊരിക്കലും മാതാവിനെ താഴ്ത്തിക്കെട്ടലല്ല. മറിച്ച് മാതാവിന് കൃത്യമായ സ്ഥാനം നല്കുക മാത്രമാണ്. അതുകൊണ്ട് സഭാവിശ്വാസികളും മരിയവിശ്വാസികളും മാതാവിനോടുള്ള ഭക്തിയില്‍ന ിന്ന് അകന്നുപോവുകയോ മാതാവിനോട് പ്രാര്‍ത്ഥിക്കാതിരിക്കുകയോ ചെയ്യേണ്ടതില്ല. മറിച്ച സഹരക്ഷകയായി വിശേഷിപ്പിക്കാതിരിക്കുകയും കൃപാവരത്തിന്റെ മാതാവ് എന്ന് വിളിക്കാതിരിക്കുകയും ചെയ്യുക. മറിച്ച് വിശ്വാസികളുടെ മാതാവ് എന്ന് വിളിക്കുക.

മരിയഭക്തി ആവശ്യമാണ്. എന്നാല്‍ മരിയഭക്തി അപകടം നിറഞ്ഞതായിരിക്കുകയുമരുത്. പരിശുദ്ധ അമ്മയോടുള്ള ഭക്തിയിലും സ്നേഹത്തിലും കുറവ് വരുത്താതിരിക്കാം .പരിശുദ്ധ സഭയുടെ പ്രബോധനങ്ങൾ അനുസരിക്കാം. പരിശുദ്ധ അമ്മയോടുള്ള സ്നേഹത്തിൽ തെല്ലും കുറവില്ലാതെ, സഭാപ്രബോധനങ്ങൾക്ക് വിധേയപ്പെട്ട് നമുക്ക് ദൈവത്തെ മഹത്വപ്പെടുത്തി ജീവിക്കാം .
പരിശുദ്ധ അമ്മേ , ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ.

ബ്രദർ തോമസ് സാജ്
മാനേജിങ് എഡിറ്റർ
മരിയൻ പത്രം

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates