വലെന്‍സിയായില്‍ നിന്ന് വളരെ അകലെയാണ് ഔര്‍ ലേഡി ഓപ് പ്യൂയിഗ് ദേവാലയം. മനോഹരമായ താഴ്വരയെ അഭിമുഖീകരിച്ചുകൊണ്ട് കുന്നിന്‍മുകളില്‍ വീനസിന്റെ ഒരു ക്ഷേത്രം സ്ഥിതി ചെയ്തിരുന്നുവെന്നും ക്രൈസ്തവരുടെ വരവോടെയാണ് അത് ഒരു ദേവാലയമായതെന്നും കരുതപ്പെടുന്നു. മാതാവിന്റെ രൂപം ഇവിടെ എങ്ങനെ എത്തിയെന്നതിനെക്കുറിച്ച് കൃത്യമായ ചരിത്രരേഖകളില്ല. എങ്കിലും മാലാഖമാരാല്‍ സംവഹിക്കപ്പെട്ടാണ് ഈ മരിയരൂപം ഇവിടെയെത്തിയതെന്നാണ് പാരമ്പര്യവിശ്വാസം. എട്ടാം നൂറ്റാണ്ടില്‍ മുസ്ലീം രാജാക്കന്മാരുടെ അധീനതയിലാകുന്നതുവരെ ഈ ദേവാലയം വളരെ പ്രധാനപ്പെട്ടതായി നിലകൊണ്ടിരുന്നു.
എഡി 712 ല്‍ ആശ്രമാധിപന്മാര്‍ മാതാവിന്റെ രൂപം പള്ളി മണിക്കൊപ്പം സങ്കടത്തോടെ കുഴിച്ചിടുകയും അവിടെ നിന്ന് പലായനം ചെയ്യുകയും ചെയ്തു. പിന്നീട് മൂറുകള്‍ക്ക് ഇവിടെ നിന്ന് പോകേണ്ടതായി വന്നു. മാതാവ് ഇക്കാര്യത്തില്‍ നിര്‍ണായകപങ്കുവഹിച്ചിട്ടുണ്ട്. മൂറുകളുമായുള്ള യുദ്ധം നടക്കുന്നതിനിടയില്‍ ഈ ദേവാലയവുമായി ബന്ധപ്പെട്ട് നിരവധി അത്ഭുതങ്ങള്‍ സംഭവിച്ചതായി വിശുദ്ധ പീറ്റര്‍ നൊളാസ്‌ക്കോ രേഖപ്പെടുത്തിയിട്ടുണ്ട്. പള്ളിക്കു മുകളിലായി വിചിത്രങ്ങളായ വെളിച്ചങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചിലപ്പോള്‍ നക്ഷ്ത്രങ്ങള്‍ ആകാശത്തിലൂടെ പള്ളിക്കു ചുറ്റും കറങ്ങിനടക്കുന്നതുപോലെയുമായിരുന്നു അത്. പ്രത്യേകിച്ച് ശനിയാഴ്ചകളില്‍ ദേവാലയത്തിന് ചുറ്റും പ്രത്യേകം ശോഭയുളള വിളക്കുകള്‍ ഉണ്ടായിരുന്നു. എല്ലാ പട്ടാളക്കാരും വിശുദ്ധ കുമ്പസാരം നടത്തണമെന്നും ദൈവം തങ്ങളോട് എന്താണ് പറയുന്നതെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കണമെന്നും വിശുദ്ധ പീറ്റര്‍ നൊളാസ്‌ക്കോ രാജാവിനോട് അഭ്യര്ത്ഥിച്ചു.
അതിന്‍പ്രകാരം ചെയ്തതിന് ശേഷമാണ് പഴയ ആശ്രമത്തിനോട് ചേര്‍ന്ന് അഞ്ഞൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് കുഴിച്ചിട്ടിരുന്ന പള്ളിമണിയും മാതാവിന്റെ രൂപവും കണ്ടെത്തനായത്. എന്നാല്‍ അത്ഭുതകരമെന്ന് പറയട്ടെ രണ്ടിനും കേടുപാടുകള്‍ ഉണ്ടായിരുന്നില്ല. വീണ്ടും മാതൃരൂപം ദേവാലയത്തില്‍ സ്ഥാപിക്കുകയും ചെയ്തു. കൊടുങ്കാറ്റുകളെ തടഞ്ഞുനിര്‍ത്താന്‍ കഴിവുള്ളവയായിരുന്നു ഈ മണി. കഷ്ടപ്പാടുകളുടെ സമയത്ത് ഈ മണി സ്വമേധയാ മുഴങ്ങുമായിരുന്നുവെന്നും പറയപ്പെടുന്നു. വിശുദ്ധ പീറ്റര്‍ നോളാസ്‌ക്കോ നിര്‍മ്മിച്ച പള്ളിയെ മാലാഖമാരുടെ അറയെന്നാണ് വിളിച്ചിരുന്നത്. നൂറുകണക്കിന് വര്‍ഷങ്ങള്‍ വലെന്‍സിയായുടെ രക്ഷാധികാരിയായ ഔവര്‍ ലേഡി ഓഫ് പ്യൂയിഗ് വിരാചിക്കുന്നു.