നന്മകളില്‍ ഹരം കണ്ടെത്തുന്നവരുടെ കൂട്ടായ്മകള്‍ ഉണ്ടാകണം: അഡ്വ. ജിജില്‍ ജോസഫ്
കാഞ്ഞിരപ്പളളി: ലഹരി ജീവിതത്തെ പിടിമുറുക്കുന്ന ഇക്കാലത്ത് ജീവിതം ലഹരിയാക്കണമെന്നും നന്മകളില്‍ ഹരം കണ്ടെത്തേണ്ടത് നിലനില്പിന്റെ ആവശ്യമാണെന്നും കര്‍ണ്ണാടക ഹൈക്കോടതി അഡ്വക്കേറ്റ് ജിജില്‍ ജോസഫ് പറഞ്ഞു. കാഞ്ഞിരപ്പള്ളി രൂപത ഫാമിലി അപ്പസ്റ്റോലേറ്റിന്റെ ആഭിമുഖ്യത്തില്‍ പിതൃവേദിയുടെയും മാതൃവേദിയുടെയും സഹകരണത്തോടെ ലഹരിവിമുക്ത സമൂഹത്തെ രൂപീകരിക്കുവാനും ലഹരിയുടെ പിടിയില്‍ വീണുപോയവരെ എഴുന്നേല്‍പ്പിക്കുവാനുമായി ‘വെളിച്ചം 2025’ എന്ന പേരില്‍ കുട്ടിക്കാനം മരിയന്‍ കോളേജില്‍വച്ച് നടത്തപ്പെട്ട സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ലഹരികള്‍ക്കിടയില്‍ ജനറേഷന്‍ വ്യത്യാസം ഇല്ല. അതുകൊണ്ട് തന്നെ മദ്യവും മയക്കുമരുന്നും ഒരുപോലെ നിരോധിക്കപ്പെടേണ്ടത് ലഹരി വിമുക്ത സമൂഹത്തിന് ആത്യാവശ്യമാണ്. ജീവിതത്തില്‍ സന്തോഷം കണ്ടെത്താന്‍ രാസ, സാങ്കേതിക തലങ്ങള്‍ മാത്രം പ്രോത്സാഹിപ്പിക്കപ്പെടുന്നത് സാമൂഹിക ഘടനയക്ക് ഭൂഷണമല്ല. കുടുംബത്തിലും സമൂഹത്തിലും സന്തോഷം കണ്ടെത്താന്‍ മനുഷ്യര്‍ ജീവിത നൈപുണ്യങ്ങള്‍ തിരിച്ചുപിടിക്കാന്‍ ശ്രമിക്കണം. സമൂഹത്തില്‍നിന്നും സാമൂഹിക ജീവിതത്തില്‍നിന്നും ഇടപെടലുകളില്‍ നിന്നും അപ്രത്യക്ഷരാകുന്ന പുതിയ തലമുറ, കൂട്ടായ്മകളിലേക്കും ബന്ധനങ്ങളില്‍നിന്ന് ബന്ധങ്ങളിലേക്കും മടങ്ങിവരണം. നേരമ്പോക്കുകള്‍ക്ക് പകരം ഇഷ്ട വിനോദങ്ങളിലും ആരോഗ്യകരമായ അന്തരീക്ഷങ്ങളിലും അവര്‍ക്ക് ജീവിക്കാന്‍ സാധിക്കണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.
ഫാമിലി അപ്പസ്റ്റോലേറ്റ് രൂപത ഡയറക്ടര്‍ ഫാ.മാത്യു ഓലിക്കലിന്റെ അധ്യക്ഷതയില്‍ കൂടിയ സെമിനാര്‍ പീരുമേട് ഡിവൈഎസ്പി ശ്രീ. വിശാല്‍ ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. മാതൃവേദി രൂപതാ പ്രസിഡന്റ് ശ്രീമതി ജിജി ജേക്കബ്, ആനിമേറ്റര്‍ സി. ജ്യോതി മരിയ സി.എസ്.എന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ഫാ. തോമസ് ചിന്താര്‍മണിയില്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പിത്യവേദി പ്രസിഡന്റ് ശ്രീ. സാജു കൊച്ചുവീട്ടില്‍ യോഗത്തിന് സ്വാഗതവും മാത്യവേദി എക്‌സിക്യൂട്ടീവ് അംഗം ബിന്‍സി ജോസി നന്ദിയും അറിയിച്ചു. രൂപതയിലെ 13 ഫൊറോനകളില്‍ നിന്നുമുള്ള അംഗങ്ങള്‍ യോഗത്തില്‍ സംബന്ധിച്ചു.
ഫോട്ടോ അടിക്കുറിപ്പ്
കാഞ്ഞിരപ്പള്ളി രൂപത ഫാമിലി അപ്പസ്റ്റോലേറ്റിന്റെ ആഭിമുഖ്യത്തില്‍ പിതൃവേദിയുടെയും മാതൃവേദിയുടെയും സഹകരണത്തോടെ ‘വെളിച്ചം 2025’ എന്ന പേരില്‍ കുട്ടിക്കാനം മരിയന്‍ കോളേജില്‍വച്ച് നടത്തപ്പെട്ട സെമിനാര്‍ പീരുമേട് ഡിവൈഎസ്പി ശ്രീ. വിശാല്‍ ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്യുന്നു. ഫാമിലി അപ്പസ്റ്റോലേറ്റ് രൂപത ഡയറക്ടര്‍ ഫാ.മാത്യു ഓലിക്കല്‍ സമീപം.
ഫാ. മാത്യു ഓലിക്കല്‍
ഡയറക്ടര്‍, ഫാമിലി അപ്പസ്‌റ്റോലേറ്റ്