കൊച്ചി: ആഗോള ക്രൈസ്തവസമൂഹം വിശുദ്ധമായി കരുതുന്ന കുരിശിനെ അവഹേളിക്കുന്നവര്‍ ക്രൈസ്തവ വിശ്വാസികളെയൊന്നാകെ അപമാനിക്കുകയാണെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍.
ഇന്ത്യയില്‍ ക്രൈസ്തവര്‍ നേരിടുന്ന ഭീഷണികളെയും അക്രമങ്ങളെയും അപലപിക്കുകയും അതിനെതിരെ ശബ്ദിക്കുകയും ചെയ്യുന്ന രാഷ്ട്രീയനേതൃത്വങ്ങള്‍ കേരളത്തില്‍ കുരിശിനോടു കാണിക്കുന്ന അവഹേളനത്തില്‍ നിശബ്ദരായിരിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. പതിറ്റാണ്ടുകളായി റവന്യൂ ഭൂമിയില്‍ പണിതുയര്‍ത്തി സംരക്ഷിച്ചിരുന്ന തൊടുപുഴയ്ക്കടുത്ത് തൊമ്മന്‍കുത്തിലെ കുരിശ് പിഴുതെറിഞ്ഞ ഭരണസംവിധാന ധിക്കാരം മതനിന്ദയാണ്. ഈ ഉദ്യോഗസ്ഥ ധാര്‍ഷ്ഠ്യത്തിനുമുമ്പില്‍ കേരളം ഇനിയും തലകുനിച്ചാല്‍ വരാനിരിക്കുന്നത് മതേതരത്വത്തെ വെല്ലുവിളിക്കുന്നതും മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതുമായ വലിയ അപകടമായിരിക്കും. ഇതേ റവന്യൂ ഭൂമിയില്‍ നില്‍ക്കുന്ന കെട്ടിടങ്ങള്‍ക്ക് യാതൊരു കുഴപ്പവുമില്ല. കുരിശുമാത്രം പ്രശ്‌നമെന്നു പറയുന്നതില്‍ എന്തു ന്യായീകരണമാണുള്ളത്.
ക്രൈസ്തവരുടെ പേരില്‍ മുതലക്കണ്ണീര്‍ പൊഴിക്കുന്ന രാഷ്ട്രീയ ഭരണനേതൃത്വങ്ങളുടെ ഇരട്ടമുഖം തിരിച്ചറിയുവാനുള്ള ആര്‍ജ്ജവം കേരളത്തിലെ ക്രൈസ്തവര്‍ക്കുണ്ട്. പിറന്നുവീണ മണ്ണില്‍ നിലനില്പു ചോദ്യം ചെയ്യപ്പെടുന്ന സ്ഥിതിവിശേഷം സംജാതമായിരിക്കുന്നുവെന്ന് ക്രൈസ്തവരും തിരിച്ചറിയണം. രാഷ്ട്രീയ അടിമകളും സ്ഥിരനിക്ഷേപകരുമാകാതെ വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങള്‍ പരസ്പരം കൂടുതല്‍ ഒരുമയും സ്വരുമയും പുലര്‍ത്തി അനുരഞ്ജിതരായി ഐക്യത്തോടെ പ്രവര്‍ത്തിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് വൈകിയ വേളയിലെങ്കിലും തിരിച്ചറിയണമെന്ന് വി.സി.സെബാസ്റ്റ്യന്‍ ഓര്‍മ്മിപ്പിച്ചു.