രണ്ടായിരത്തില്‍പ്പരം വര്‍ഷങ്ങളുടെ പഴക്കമുള്ള കത്തോലിക്കാസഭയുടെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു ഒരു മാര്‍പാപ്പ ഫ്രാന്‍സിസ് എന്നപേരു സ്വീകരിച്ചുകൊണ്ട് പത്രോസിന്റെ പിന്‍ഗാമിയായിത്തീര്‍ന്നത്. അര്‍ജന്റീനക്കാരായ കര്‍ദിനാള്‍ ബെര്‍ഗോളിയോയായിരുന്നു ബെനഡിക്ട്് പതിനാറാമന്റെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ആ പേരു സ്വീകരിച്ചത്. അങ്ങനെ അന്നുമുതല്‍ ആഗോളകത്തോലിക്കാസഭയുടെ ചരിത്രത്തില്‍ ഒരു ഫ്രാന്‍സിസ് യുഗം ആരംഭിക്കുകയായിരുന്നു. ഈശോസഭാംഗമായിരുന്നതുകൊണ്ടുതന്നെ ഫ്രാന്‍സിസ് എന്ന പേരു സ്വീകരിച്ചപ്പോള്‍ അത് ഇഗ്നേഷ്യ്‌ലെയോളയുടെ സുഹൃത്തും ഈശോസഭയുടെ സഹസ്ഥാപകനുമായ ഫ്രാന്‍സിസ് സേവ്യറിന്റെ പേരായിരിക്കുമെന്നാണ് എല്ലാവരും കരുതിയതെങ്കിലും അതല്ല അസ്സീസിയിലെ ഫ്രാന്‍സിസിന്റെ പേരാണെന്ന് അദ്ദേഹം തന്നെ വെളിപെടുത്തുകയുംചെയ്തു.
രണ്ടാം ക്രിസ്തുവെന്ന് അറിയപ്പെടുന്ന അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ നിഴല്‍ ആധുനികയുഗത്തിലെ ഈ ഫ്രാന്‍സിസിന് മീതെയും പരന്നുകിടക്കുന്നുണ്ടെന്ന് അന്നുമുതല്‍ ഇന്നുവരെയുള്ള എല്ലാ സംഭവങ്ങളും തെളിയിക്കുന്നു. ലോകസമാധാനത്തിനും അനുരഞ്ജനത്തിനും വേണ്ടിയുള്ളതായിരുന്നു അദ്ദേഹത്തിന്റെ ശ്രമങ്ങളേറെയും. അഭയാര്‍ത്ഥികളോടും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടും പാപ്പയുടെ സ്‌നേഹവും കരുണയും നിസ്സീമമായിരുന്നു. മുന്‍ഗാമികളുടെ വഴികളില്‍ നിന്ന് വ്യത്യസ്തമായി മാറിനടക്കാനായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് താല്പര്യം.