Wednesday, April 23, 2025
spot_img
More

    മാർ ജോസ് പുളിക്കലും മാർ മാത്യു അറയ്ക്കലും കാഞ്ഞിരപ്പള്ളി രൂപത കൂട്ടായ്മ ഒന്നാകെ വന്ദ്യ പിതാവിന്റെ ആത്മ ശാന്തിക്കായി പ്രാർത്ഥിക്കുന്നു

    ആർദ്രതയുള്ള വലിയ ഇടയൻ : മാർ ജോസ് പുളിക്കൽ

    ഊഷ്മളമായ സ്‌നേഹവും കരുതലും ആര്‍ദ്രതയുമാണ് ഫ്രാന്‍സിസ് മാര്‍പ്പായില്‍ എനിക്ക് കാണാനിടയായത്. ലാളിത്യത്തിന്റെയും വിനയത്തിന്റെയും ആള്‍രൂപമായിരുന്ന പരിശുദ്ധ പിതാവ് പാവങ്ങളോടും പാര്‍ശ്വവത്കരിക്കപ്പെട്ടവരോടും പ്രതിബദ്ധതയും അനുകമ്പയും പുലര്‍ത്തിയ വലിയ മനുഷ്യസ്‌നേഹിയായിരുന്നു. ആഗോളകത്തോലിക്കാ സഭയെ കാലത്തിനൊത്ത കാഴ്ചപ്പാടുകളോടെ പിതാവ് നേര്‍ദിശയില്‍ നയിച്ചു. മനുഷ്യസമൂഹത്തോടു മാത്രമല്ല പ്രകൃതിയോടും പരിസ്ഥിതിയോടും പിതാവിന് വലിയ പ്രതിബദ്ധതയുണ്ടായിരുന്നു. വലിപ്പച്ചെറുപ്പമില്ലാതെ ലോകരാഷ്ട്രങ്ങളെയും രാഷ്ട്രത്തലവന്‍മാരെയും അദ്ദേഹം പരിഗണിച്ചു. മുഖം നോക്കാതെ നിലപാടുകള്‍ തുറന്നുപറയുകയും ആഗോള സാഹോദര്യത്തിന്റെ അപ്പസ്‌തോലനായി നിലകൊള്ളുകയും ചെയ്തു. ഭാരതസഭയുടെ വിശേഷിച്ച് സീറോ മലബാര്‍ സഭയുടെ വളര്‍ച്ചയ്ക്ക് പിതാവ് വലിയ പരിഗണനയാണ് നല്‍കിയത്. കാഞ്ഞിരപ്പള്ളി രൂപതയോടുള്ള കരുതലും ആ വാക്കുകളിലുണ്ടായിരുന്നു. സഭയ്ക്ക് കാലോചിതമായ ദിശാബോധം പകര്‍ന്ന ആത്മീയ ആചാര്യനായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. എക്കാലവും ലോകമനസില്‍ പരിശുദ്ധ പിതാവിനെക്കുറിച്ചുള്ള ദീപ്തസ്മരണ മായാതെ നില്‍ക്കും. വന്ദ്യപിതാവിന്റെ വേര്‍പാടില്‍ അനുശോധിക്കുകയും കാഞ്ഞിരപ്പള്ളി രൂപതാക്കൂട്ടായ്മ ഒന്നാകെ ആത്മശാന്തിക്കായി പ്രാര്‍ഥിക്കുകയും ചെയ്യുന്നു.

    രൂപതയിലെ എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും പരിശുദ്ധ കുർബാനയിലും യാമ നമസ്കാരങ്ങളിലുൾപ്പെടെയുള്ള കുടുംബ പ്രാർത്ഥനകളിലും പരിശുദ്ധ പിതാവിനെ അനുസ്മരിച്ച് പ്രാർത്ഥിക്കേണ്ടതാണ്.

    സ്നേഹത്തിൻ്റെയും പരിഗണനയുടെയും നല്ല മാതൃക: മാർ മാത്യു അറയ്ക്കൽ

    സ്വര്‍ഗീയമായ ഒരു അനുഭൂതിയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുമായൊപ്പമുള്ള ഓരോ കൂടിക്കാഴ്ചയും. അതുല്യമായ സ്‌നേഹവും പരിഗണനയും പിതാവിന്റെ ഓരോ വാക്കിലും ഭാവത്തിലും പ്രകടമായിരുന്നു. വലിയ ഉള്‍ക്കാഴ്ചയും ഊര്‍ജവും പകര്‍ന്നുനല്‍കുന്നതായിരുന്നു പിതാവിന്റെ പ്രബോധനങ്ങള്‍. എല്ലാ വിഷയങ്ങളെപ്പറ്റിയും വലിയ ഉള്‍ക്കാഴ്ചയും ബോധ്യവും പിതാവിനുണ്ടായിരുന്നു. സംസാരിക്കുമ്പോഴൊക്കെ ആ വലിയ വ്യക്തിത്വത്തോട് വാക്കുകളില്‍ വിവരിക്കാനാവാത്ത ആദരവ് തോന്നിയിട്ടുണ്ട്. നിശ്ചയിച്ച സമയത്തെക്കാള്‍ കൂടുതല്‍ സമയം പിതാവ് സംസാരത്തിനായി മാറ്റിവച്ച അവസരങ്ങളുമുണ്ട്. അല്‍പസമയം ഒരുമിച്ചു പ്രാര്‍ഥന നടത്തിയശേഷമാണ് പിതാവ് ശ്ലൈഹിക ആശിര്‍വാദം തരിക. ആത്മായമായ അനുഭൂതി പകര്‍ന്നു നല്‍കുന്ന വ്യക്തിത്വമായിരുന്നു പിതാവിന്റേത്. ലോകത്തിന്റെ ഓരോ ചലനവും കൃത്യമായി പിതാവ് നിരീക്ഷിച്ചുകൊണ്ടിരുന്നു. അത്തരത്തില്‍ ഇന്നത്തെ ലോകത്തിന് ഒരു കാവലാളും തിരുത്തല്‍ ശക്തിയുമായിരുന്നു ഫ്രാന്‍സിസ് പാപ്പ. അനാഥരെയും അഗതികളെയും അഭയാര്‍ഥികളെയും യുദ്ധത്തിന്റെ ഇരകളെയുമൊക്കെ വലിയ കാരുണ്യത്തോടെ നോക്കിക്കാണുകയും എക്കാലവും പാവങ്ങളുടെ പക്ഷം ചേരുകയും ചെയ്ത പിതാവ് അസീസിയിലെ വിശുദ്ധ ഫ്രാന്‍സിന്റെ അതേ ചൈതന്യത്തിലാണ് വ്യാപരിച്ചത്. ജനമനസുകളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ എക്കാലവും ജ്വലിക്കുന്ന ഓര്‍മായി നിലകൊള്ളും. പരിശുദ്ധ പിതാവിന് സ്മരിച്ച് പ്രാർത്ഥിക്കുന്നു.

    ഫോട്ടോ: മാർ ജോസ് പുളിക്കൽ, മാത്യു അറയ്ക്കൽ എന്നിവർ മാർ ഫ്രാൻസിസ് പാപ്പയെ സന്ദർശിച്ചപ്പോൾ

    ഫാ. സ്റ്റാൻലി പുള്ളോലിക്കൽ
    PRO
    Mob: 9496033110

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!